IPL 2022: ബാറ്റിംഗിനിറങ്ങും മുമ്പെ എത്ര റണ്ണടിക്കുമെന്ന് കൈയില്‍ കുറിച്ചിട്ട് റിങ്കു സിംഗ്, അവസാനം സംഭവിച്ചത്

By Gopalakrishnan C  |  First Published May 3, 2022, 6:50 PM IST

മത്സരത്തില്‍ ബാറ്റിംഗിനിറങ്ങും മുമ്പെ താന്‍ മത്സരത്തില്‍ എത്ര റണ്ണടിക്കുമെന്ന് നേരത്തെ കൈവെള്ളയില്‍ കുറിച്ചിട്ടിരുന്നതായി റിങ്കു സിംഗ് പറഞ്ഞു. നിതീഷ് റാണയാണ് ഇക്കാര്യം റിങ്കു സിംഗിനോട് ചോദിച്ചത്. എന്താണ് കൈയില്‍ കുറിച്ചിട്ടിരിക്കുന്നതെന്ന്.


മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് (KKRvsRR)വിജയം സമ്മാനിച്ചത് റിങ്കു സിംഗും നിതീഷ് റാണയും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 42 പന്തില്‍ 66 റണ്‍സടിച്ചതാണ് കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായകമായത്.

37 പന്തില്‍ 48 റണ്‍സെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോററായതെങ്കിലും 23 പന്തില്‍ 42 റണ്‍സെടുത്ത റിങ്കു സിംഗാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. റിങ്കു അതിവേഗം റണ്ണടിച്ചതാണ് കൊല്‍ക്കത്തയെ അനായസ ജയത്തിലേക്ക് എത്തിച്ചത്. എന്നാല്‍ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങും മുമ്പെ താന്‍ മത്സരത്തില്‍ എത്ര റണ്ണടിക്കുമെന്ന് നേരത്തെ കൈവെള്ളയില്‍ കുറിച്ചിട്ടിരുന്നതായി റിങ്കു സിംഗ് പറഞ്ഞു. നിതീഷ് റാണയാണ് ഇക്കാര്യം റിങ്കു സിംഗിനോട് ചോദിച്ചത്. എന്താണ് കൈയില്‍ കുറിച്ചിട്ടിരിക്കുന്നതെന്ന്.

Said it. Did it. 👊 pic.twitter.com/3q3xgyoIOC

— KolkataKnightRiders (@KKRiders)

Latest Videos

മത്സരത്തിനിറങ്ങും മുമ്പെ ‌ഞാന്‍ റണ്ണടിക്കുമെന്നും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുമെന്നും എനിക്ക് തോന്നിയിരുന്നു. 50 റണ്‍സടിക്കുമെന്നായിരുന്നു ഞാന്‍ കൈയില്‍ കുറിച്ചിട്ടത്.

എപ്പോഴാണ് ഇത് കൈയില്‍ എഴുതിയത് എന്ന് നിതീഷ് റാണ ചോദിച്ചപ്പോള്‍ മത്സരത്തിന് മുമ്പ് എന്നായിരുന്നു റിങ്കുവിന്‍റെ മറുപടി.

നിനക്ക് എങ്ങനെയാണ് മനസിലായത് ഇന്നത്തെ മത്സരത്തില്‍ ഇത്ര റണ്ണടിക്കുമെന്ന് എന്ന് നിതീഷ് റാണ ചോദിച്ചപ്പോള്‍ ഈ ഒരു അവസരത്തിനായി ഞാന്‍ അഞ്ച് വര്‍ഷമായി കാത്തിരിക്കുകയായിരുന്നുവെന്നാണ് റിങ്കുവിന്‍റെ മറുപടി.അഞ്ച് വര്‍ഷം മുമ്പാണ് അവസാനമായി റിങ്കു ഐപിഎല്ലില്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്.

50 റണ്‍സടിക്കുമെന്ന് കൈയില്‍ കുറിച്ചിട്ടെങ്കിലും 42 റണ്‍സെ റിങ്കു നേടിയുള്ളു. 12.5 ഓവറില്‍ കൊല്‍ക്കത്ത 92-3 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് റിങ്കു ക്രീസിലെത്തിയത്. 43 പന്തില്‍ 61 റണ്‍സായിരുന്നു കൊല്‍ക്കത്തക്ക് ഈ സമയം ജയിക്കാന്‍ വേണ്ടിയിരുന്നത്.

ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയാണ് റിങ്കു. അലഗഢില്‍ നിന്ന് ഐപിഎല്ലില്‍ എത്തുന്ന ആദ്യ കളിക്കാരനുമണ്. അലിഗഢില്‍ നിന്ന് നിരവധിപേര്‍ രഞ്ജി ട്രോഫി കളിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ കളിക്കാരന്‍ താനാണെന്ന് റിങ്കു പറഞ്ഞു.

click me!