ഹസരങ്കയ്ക്ക് അഞ്ച് വിക്കറ്റ്, ഹൈദരാബാദിന് തുടര്‍ച്ചയായ നാലാം തോല്‍വി; ആര്‍സിബിക്ക് പ്ലേ ഓഫ് പ്രതീക്ഷ

By Web Team  |  First Published May 8, 2022, 7:33 PM IST

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദ് 19.2 ഓവറില്‍ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ വാനിന്ദു ഹസരങ്കയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.


മുംബൈ: ഐപിഎല്ലില്‍ (IPL 2022) സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന് തുടര്‍ച്ചയായ നാലാം തോല്‍വി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനതിരായ (RCB) മത്സത്തില്‍ 67 റണ്‍സിന്റെ തോല്‍വിയാണ് ഹൈദരാബാദ് ഏറ്റുവാങ്ങിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദ് 19.2 ഓവറില്‍ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ വാനിന്ദു ഹസരങ്കയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഹൈദരാബാദ് നിരയില്‍ രാഹുല്‍ ത്രിപാഠിയൊഴികെ (37 പന്തില്‍ 58) മറ്റാര്‍ക്കും തിളങ്ങാനായില്ല. നേരത്തെ, ആര്‍സിബിക്ക് ഫാഫ് ഡു പ്ലെസിസ് (പുറത്താവാതെ 70) രജത് പടിദാര്‍ (48) എന്നിവരുടെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. എട്ട് പന്തില്‍ പുറത്താവാതെ 30 നേടിയ ദിനേശ് കാര്‍ത്തികും നിര്‍ണായക സംഭാവന നല്‍കി. വിരാട് കോലി നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ജഗദീഷ സുജിത് രണ്ട് വിക്കറ്റ് വീഴ്ത്തി. ആര്‍സിബിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. 

വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ആര്‍സിബി അതേ നാണയത്തില്‍ തിരിച്ചടിച്ചു. ആദ്യ പന്തില്‍ തന്നെ കെയ്ന്‍ വില്യംസണ്‍ (0) റണ്ണൗട്ട്. അതേ ഓവറില്‍ അഭിഷേക് ശര്‍മ (0) ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അവര്‍ക്കായില്ല. എയ്ഡന്‍ മാര്‍ക്രം (21), നിക്കോളാസ് പുരാന്‍ (19), ജഗദീഷ സുജിത് (2), ശശാങ്ക് സിംഗ് (8), കാര്‍ത്തിക് ത്യാഗി (0), ഭുവനേശ്വര്‍ കുമാര്‍ (8), ഉമ്രാന്‍ മാലിക് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ഹഖ് ഫാറൂഖി (2) പുറത്താവാതെ നിന്നു.

Latest Videos

ഹസരങ്കയ്ക്ക് പുറമെ ജോസ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ജയത്തോടെ ആര്‍സിബി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 12 മത്സരങ്ങളില്‍ 14 പോയിന്റുമായി നാലാമതാണ് ആര്‍സിബി. 11 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള ഹൈദരാബാദ് ആറാമതാണ്. നേരത്തെ, കോലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുന്നതാണ് വാംഖഡെയില്‍ കണ്ടത്. സുജിത്തിന്റെ ആദ്യ പന്തില്‍ തന്നെ കോലി കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കി മടങ്ങി. 

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഫാഫ്- പടിദാര്‍ സഖ്യം 105 റണ്‍സ് കൂട്ടിചേര്‍ത്തു. ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സിലെ നട്ടെല്ല് ഈ കൂട്ടുകെട്ടായിരുന്നു. എന്നാല്‍ പടിദാറിനെ പുറത്താക്കി സുജിത് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 24 പന്തില്‍ 33 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കി. എന്നാല്‍ കാര്‍ത്തിക് ത്യാഗിക്ക് വിക്കറ്റ് നല്‍കി മാക്‌സ്‌വെല്ലും പവലിയനില്‍ തിരിച്ചെത്തി. അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക് നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 180 കടത്തിയത്. നാല് സിക്‌സും ഒരു ഫോറുമാണ് കാര്‍ത്തികിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. 

ഫാഫ് 50 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും നേടി. അവസാന ഓവറില്‍ 25 റണ്‍സാണ് ആര്‍സിബി അടിച്ചെടുത്തത്. ഇതില്‍ 22 റണ്‍സും കാര്‍ത്തികിന്റെ ബാറ്റില്‍ നിന്നായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഹൈദരാബാദ് ഇറങ്ങിയത്. ഹൈദരാബാദ് ടീമില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുളള ഇടം കൈയന്‍ പേസര്‍ ഫസലാഖ് ഫാറൂഖി അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ശ്രേയസ് ഗോപാലിന് പകരം സുജിത്തും ഹൈദരാബാദ് ടീമിലെത്തി. എന്നാല്‍ മലയാളി താരം വിഷ്ണു വിനോദിന് ഇന്നും ബാറ്റിംഗ് നിരയില്‍ അവസരം ലഭിച്ചില്ല. അതേസമയം, കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ബാംഗ്ലൂര്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇറങ്ങിയത്.
 

click me!