ഈ സീസണ്‍ ഐപിഎല്ലില്‍ ബെയ്‌ല്‍സിലെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന രണ്ടാമത്തെ ഓസീസ് താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍
മുംബൈ: ഐപിഎല്ലില്‍(IPL 2022) പന്ത് ബെയ്‌ല്‍സില്‍ കൊണ്ടിട്ടും പുറത്താകാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) താരം ഗ്ലെന്‍ മാക്‌സ്‌വെല്‍(Glenn Maxwell). ഗുജറാത്ത് ടൈറ്റന്‍സ്(Gujarat Titans) സ്‌പിന്നര്‍ റാഷിദ് ഖാന്‍റെ(Rashid Khan) പന്തിൽ ബൗൾഡായിട്ടും രക്ഷപ്പെടുകയായിരുന്നു ഗ്ലെൻ മാക്സ്‍വെൽ. പൂജ്യത്തിൽ നിൽക്കെ പന്ത് വിക്കറ്റിൽ സ്‌പർശിച്ചെങ്കിലും മാക്‌സിയുടെ ബെയ്ൽസ് വീഴാത്തതിനാൽ അമ്പയർ ഔട്ട് വിളിച്ചില്ല. എന്നാൽ ഭാഗ്യം മുതലാക്കി പിന്നീട് ആഞ്ഞടിച്ച മാക്‌സ്‌വെല്‍ ടീമിനെ നിര്‍ണായക ജയത്തിലെത്തിച്ചു.
ഈ സീസണ്‍ ഐപിഎല്ലില്‍ ബെയ്‌ല്‍സിലെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന രണ്ടാമത്തെ ഓസീസ് താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ പന്തില്‍ ബെയ്‌ല്‍സ് ഇളകിയിട്ടും അവിശ്വസനീയമായി രക്ഷപ്പെട്ടിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.
ആര്‍സിബിക്ക് പ്രതീക്ഷ
ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ വിരാട് കോലിയുടെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റേയും മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കീഴടക്കി. 169 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂര്‍ കോലിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 54 പന്തില്‍ 73 റണ്‍സെടുത്ത കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി 38 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ മാക്സ്‌വെല്‍ 18 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 40* റണ്‍സുമായി പുറത്താകാതെ നിന്നു.
ഗുജറാത്തിനെ കീഴടക്കി 14 കളികളില്‍ 16 പോയന്‍റ് നേടിയെങ്കിലും ബാംഗ്ലൂരിന് ഇനിയും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ശനിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ മികച്ച റണ്‍റേറ്റുളള ഡല്‍ഹി ജയിച്ചാല്‍ ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്താവും. നിലവില്‍ 16 പോയന്‍റുള്ള രാജസ്ഥാന്‍ റോയല്‍സിനും ബാംഗ്ലൂരിനെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ട്. ഗുജറാത്തിനെതിരെ അതിവേഗം ലക്ഷ്യത്തിലെത്തി മൈനസ് നെറ്റ് റണ്‍റേറ്റ് പ്ലസിലെത്തിക്കാന്‍ കഴിയാതിരുന്നത് വിജയത്തിലും ബാംഗ്ലൂരിന് തിരിച്ചടിയായേക്കും.