ചെന്നൈയുടെ നേരിയ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും തിരിച്ചടി; ജഡേജ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല

By Sajish A  |  First Published May 11, 2022, 3:45 PM IST

ജഡേജയുടെ അഭാവം ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈയുടെ തിരിച്ചടിയാവും. ഇപ്പോഴും അവര്‍ക്ക് നേരിയ പ്ലേ ഓഫ് പ്രതീക്ഷയുണ്ടെന്നുള്ളതാണ് വസ്തുത. 


മുംബൈ: ഐപിഎല്ലില്‍ (IPL 2022) ശേഷിക്കുന്ന മത്സരങ്ങള്‍ക്കൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (CSK) കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ രവീന്ദ്ര ജഡേജയ്ക്ക് (Ravindra Jadeja) ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജഡേജയുടെ അഭാവം ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈയ്ക്ക്‌ തിരിച്ചടിയാവും. ഇപ്പോഴും അവര്‍ക്ക് നേരിയ പ്ലേ ഓഫ് പ്രതീക്ഷയുണ്ടെന്നുള്ളതാണ് വസ്തുത. 

മൂന്നു മത്സരങ്ങളാണ് ചെന്നൈയ്ക്കു ബാക്കിയുള്ളത്. ഡല്‍ഹി കാപിറ്റല്‍സുമായുള്ള ചെന്നൈയുടെ അവസാനത്തെ മത്സരത്തില്‍ ജഡേജ കളിച്ചിരുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹം പിന്മാറിയതെന്നായിരുന്നു ക്യാപ്റ്റന്‍ എം എസ് ധോണിയുടെ വിശദീകരണം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ജഡേജയ്ക്ക് പരിക്കേല്‍ക്കുന്നത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ഗുരുതമാവാതിരിക്കാനും വേണ്ടിയാണ് ജഡേജ പിന്മാറിയതെന്നുമാണ് സൂചന. 

Latest Videos

വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സുമായിട്ടാണ് ചെന്നൈയുടെ അടുത്ത മത്സരം. ഈ കളിയില്‍ സിഎസ്‌കെയ്ക്കു വിജയം അനിവാര്യമാണ്. എന്നാല്‍ ജഡേജയെ ധൃതി പിടിച്ച് ടീമിലുള്‍പ്പെടുത്താന് ടീം മാനേജ്‌മെന്റും ആലോചിക്കുന്നില്ല.

ഐപിഎല്‍ 15-ാം സീസണ്‍ തുടങ്ങുമ്പോള്‍ ചെന്നൈയുടെ ക്യാപ്റ്റനായിരുന്നു ജഡേജ. തുടക്കത്തിലെ നാല് മത്സരങ്ങളില്‍ ടീം തോറ്റു. പിന്നീടുള്ള മത്സരങ്ങളില്‍ വിജയത്തുടര്‍ച്ച ഉണ്ടായതുമില്ല. ഇതിനിടെ താരത്തിന്റെ ബൗളിംഗ്- ബാറ്റിംഗ് പ്രകടനവും മോശമായി. 

10 മല്‍സരങ്ങള്‍ കളിച്ച ജഡ്ഡുവിനു നേടാനായത് വേറും 116 റണ്‍സാണ്. ബൗളിങില്‍ ലഭിച്ചതാവട്ടെ അഞ്ചു വിക്കറ്റുകളുമായിരുന്നു. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം തന്റെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞാണ് ജഡേജ നായകസ്ഥാനം ഒഴിയുന്നത്. പിന്നീട് ധോണി ഒരിക്കല്‍ കൂടി ക്യാപ്റ്റനാവുകയായിരുന്നു.

click me!