IPL 2022: ബാറ്റിംഗില്‍ വിരാട് കോലിയുടെ മെല്ലെപ്പോക്കിനെ പ്രതിരോധിച്ച് രവി ശാസ്ത്രി

By Gopalakrishnan C  |  First Published May 5, 2022, 6:55 PM IST

30, റണ്‍സും 50 റണ്‍സുമെല്ലാം റണ്‍സാണ്. രണ്ട് മത്സരങ്ങളില്‍ 80ലേറെ റണ്‍സടിച്ചുവെന്നത് മോശം പ്രകടനമല്ല. ഇനിയും മെച്ചപ്പെടാന്‍ അവസരമുണ്ട്. ഇന്നലെ ചെന്നൈക്കെതിരെ മൊയിന്‍ അലിയുടെ പന്തില്‍ പുറത്തായ രീതിയില്‍ കോലി തീര്‍ത്തും നിരാശനായിരിക്കും.


മുംബൈ: ഐപിഎല്ലില്‍(IPL 2022) വിരാട് കോലി(Virat Kohli) ബാറ്റിംഗില്‍ താളം കണ്ടെത്താത്തതിനെ പ്രതിരോധിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri,). ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഓപ്പണറായി എത്തിയ കോലി 33 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായപ്പോള്‍ തൊട്ട് മുന്‍ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും 53 പന്തിലാണ് കോലി 58 റണ്‍സടിച്ചത്. കോലിയുടെ മെല്ലെപ്പോക്ക് ടീമിന് വലിയ ബാധ്യതയാകുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പിന്തുണയുമായി രവി ശാസ്ത്രി രംഗത്തെത്തിയത്.

കോലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് തനിക്ക് വേവലാതികളില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു. പിച്ച് ബാറ്റിംഗിന് അനുകൂലമായിട്ടും റണ്‍സടിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ മാത്രമെ അതിനെക്കുറിച്ചത് ആലോചിക്കേണ്ടതുള്ളു. കഴിഞ്ഞ മത്സരങ്ങളിലേതുപോലുള്ള ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും നങ്കൂരമിട്ട് കളിക്കാനുമാണ് കോലി ശ്രമിച്ചത്. ഇന്നിംഗ്സിന് അവസാനം വരെ ബാറ്റ് ചെയ്യുമ്പോള്‍ സ്വാഭാവികമായും സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുമെന്നും രവി ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

Latest Videos

 

റണ്‍സടിക്കുക്ക എന്നതാണ് പ്രധാനം. അതുപോലെ ആര്‍സിബിയെ സംബന്ധിച്ചിടത്തോളം ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുക എന്നതും ജയിക്കുക എന്നതും. ഇത് രണ്ടും ഇപ്പോള്‍ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കോലിയെ പുറത്താക്കിയ മൊയിന്‍ അലിയുടെ പന്ത് മനോഹരമായിരുന്നു. കോലിയും ഡൂപ്ലെസിയും ചേര്‍ന്ന് നല്ല തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. എന്നാല്‍ സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ കളി മാറി. പന്ത് നന്നായി സ്പിന്‍ ചെയ്ത പിച്ചില്‍ റണ്ണടിക്കുക ബുദ്ധിമുട്ടായി. ഈ ഘട്ടത്തിലാണ് കോലി പുറത്തായത്. കളിക്കാന്‍ ബുദ്ധിമുട്ടേറിയ പന്തായിരുന്നു അത്. പക്ഷെ അപ്പോഴും കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് കോലി 88 റണ്‍സടിച്ചുവെന്ന കാര്യം മറക്കരുത്.

30, റണ്‍സും 50 റണ്‍സുമെല്ലാം റണ്‍സാണ്. രണ്ട് മത്സരങ്ങളില്‍ 80ലേറെ റണ്‍സടിച്ചുവെന്നത് മോശം പ്രകടനമല്ല. ഇനിയും മെച്ചപ്പെടാന്‍ അവസരമുണ്ട്. ഇന്നലെ ചെന്നൈക്കെതിരെ മൊയിന്‍ അലിയുടെ പന്തില്‍ പുറത്തായ രീതിയില്‍ കോലി തീര്‍ത്തും നിരാശനായിരിക്കും. കാരണം, മികച്ച തുടക്കം കോലിക്ക് ലഭിച്ചിരുന്നു. ചെന്നൈ ടെസ്റ്റിലും മൊയീന്‍ അലിയുടെ പന്തില്‍ സമാനമായ രീതിയില്‍ കോലി പുറത്തായിരുന്നു. അത് കോലിയെ ശരിക്കും അസ്വസ്ഥനാക്കുന്നുണ്ടാകും. എന്നാലും ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുവെന്നത് കോലിയെ സംബന്ധിച്ച് ശുഭസൂചനയാണെന്നും ശാസ്ത്രി പറഞ്ഞു.

click me!