ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് പടിദാര്‍. രണ്ട് മത്സരങ്ങളിലും 170 റണ്‍സാണ് പടിദാര്‍ നേടിയത്. 157 റണ്‍സ് നേടിയപ്പോള്‍ തന്നെ താരം രണ്ടാം സ്ഥാനത്തേക്ക് കയറി.
അഹമ്മദാബാദ്: ഐപിഎല്‍ (IPL 2022) രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആശ്വാസമായത് രജത് പടിദാറിന്റെ (Rajat Patidar) ഇന്നിംഗ്‌സായിരുന്നു. 42 പന്ത് നേരിട്ട താരം 58 റണ്‍സാണ് പടിദാര്‍ നേടിയത്. എലിമിനേറ്ററിലും ആര്‍സിബിയെ രക്ഷിച്ചത് പടിദാറിന്റെ സെഞ്ചുറി പ്രകടനമായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 112 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ റെക്കോര്‍ഡ് പട്ടികയില്‍ ഒരടവും താരത്തെ തേടിയെത്തി.
ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് പടിദാര്‍. രണ്ട് മത്സരങ്ങളിലും 170 റണ്‍സാണ് പടിദാര്‍ നേടിയത്. 157 റണ്‍സ് നേടിയപ്പോള്‍ തന്നെ താരം രണ്ടാം സ്ഥാനത്തേക്ക് കയറി. 2012ല്‍ 156 റണ്‍സ് നേടിയിരുന്ന മുരളി വിജയിയെയാണ് താരം മറികടന്നത്. ഇക്കാര്യത്തില്‍ 190 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ഒന്നാമന്‍. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയാണ് താരം 190 റണ്‍സെടുത്തത്. 2014ല്‍ 156 നേടിയിരുന്ന വൃദ്ധിമാന്‍ സാഹയാണ് ഇപ്പോള്‍ നാലാം സ്ഥാനത്ത്.
ആര്‍സിബി നിരയില്‍ പടിദാര്‍ മാത്രമാണ് തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് എന്നിവരാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മക്‌കോയ് 23 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ട്രന്റ് ബോള്‍ട്ട് ഇത്രയും ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ആര്‍ അശ്വിനും ഒരു വിക്കറ്റുണ്ട്.
ആര്‍സിബിക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ കോലിയെ (7) നഷ്ടമായി. പ്രസിദ്ധിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. എട്ട് പന്തിലാണ് കോലി ഏഴ് റണ്‍സെടുത്തത്. പിന്നീട് ഒത്തുചേര്‍ന്ന ഫാഫ്- പടിദാര്‍ സഖ്യം ആര്‍സിബിയെ പവര്‍പ്ലേയില്‍ മികച് സ്‌കോറിലേക്ക് നയിച്ചു. ഇതിനിടെ പടിദാറിന്റെ ക്യാച്ച് റിയാന്‍ പരാഗ് വിട്ടുകളയുകയും ചെയ്തു. പ്രസിദ്ധിന്റെ തന്നെ പന്തിലാണ് എടുക്കാവുന്ന ക്യാച്ച് പരാഗ് വിട്ടുകളഞ്ഞത്.
എന്നാല്‍ പത്ത് ഓവറിന് ശേഷം രാജസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. പതിനൊന്നാം ഓവറിന്റെ നാലാം പന്തില്‍ ഫാഫ് ഡുപ്ലെസിസും (25) മടങ്ങി. 14-ാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (24) ട്രന്റ് ബോള്‍ട്ട് മടക്കിയതോടെ ആര്‍സിബി പ്രതിരോധത്തിലായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ആര്‍സിബിക്ക് വിക്കറ്റ് നഷ്ടമായി. മഹിപാല്‍ ലോംറോര്‍ (8), ദിനേശ് കാര്‍ത്തിക് (6), വാനിന്ദു ഹസരങ്ക (0), ഹര്‍ഷല്‍ പട്ടേല്‍ (1) എന്നിവര്‍ പാടേ നിരാശപ്പെടുത്തി. ഇതിനിടെ പടിദാറിനെ അശ്വിനും മടങ്ങിയതോടെ കൂറ്റന്‍ സ്‌കോറെന്ന മോഹം വിദൂരത്തായി. ഷഹബാസ് അഹമ്മദ് (12), ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നന്നു.