IPL 2022 : ജയ്‌സ്വാള്‍ തുടങ്ങിവച്ചു, ഹെറ്റ്മയേര്‍ പൂര്‍ത്തിയാക്കി; പഞ്ചാബിനെ തകര്‍ത്ത് രാജസ്ഥാന്‍ വിജയവഴിയില്‍

By Web Team  |  First Published May 7, 2022, 7:30 PM IST

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 190 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. രാജസ്ഥാന്‍ 19.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.


മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 190 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. രാജസ്ഥാന്‍ 19.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ 68 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. അവസാനങ്ങളില്‍ ഷിംറോണ്‍ ഹെറ്റ്മയേറുടെ പ്രകടനവും (16 പന്തില്‍ പുറത്താവാതെ 31) നിര്‍ണായകമായി. ജയിച്ചെങ്കിലും രാജസ്ഥാന്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 11 മത്സരങ്ങളില്‍ 14 പോയിന്‍റാണ് ടീമിന്. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി. ഇത്രയും മത്സരങ്ങളില്‍ 10 പോയിന്‍റുള്ള പഞ്ചാബ് ഏഴാമതാണ്. 

ജയ്‌സ്വാളിന് പുറമെ ജോസ് ബട്‌ലര്‍ (16 പന്തില്‍ 30), സഞ്ജു സാംസണ്‍ (12 പന്തില്‍ 23), ദേവ്ദത്ത് പടിക്കല്‍ (32 പന്തില്‍ 31) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. ബട്‌ലറെ കഗിസോ റബാദയും സഞ്ജുവിനെ ഋഷി ധവാനും മടക്കി. സീനിയര്‍ താരങ്ങളുടെ മടക്കം രാജസ്ഥാനെ ചെറുതായൊന്ന് പ്രതിരോധത്തിലാക്കിയെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്ന് ജയ്‌സ്വാള്‍ രാജസ്ഥാനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. രണ്ട് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. അര്‍ഷ്ദീപിന്റെ പന്തിലാണ് ജയ്‌സ്വാള്‍ മടങ്ങുന്നത്. പിന്നീട് ദേവ്ദത്തിനേയും പഞ്ചാബ് പേസര്‍ പുറത്താക്കി. എന്നാല്‍ ഹെറ്റ്മയേറുടെ ഇന്നിംഗ്‌സ് രാജസ്ഥാനെ വിജയവഴിയില്‍ തിരിച്ചെത്തിച്ചു. 

Latest Videos

ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡായി. രണ്ടാം പന്തില്‍ ഹെറ്റ്മയേര്‍ സിക്‌സ് നേടി. മൂന്നാം പന്തില്‍ സിംഗിളെടുത്ത് വിജയം പൂര്‍ത്തിയാക്കി. 

നേരത്തെ, ജോണി ബെയര്‍സ്‌റ്റോ (40 പന്തില്‍ 56)യുടെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ജിതേഷ് ശര്‍മ (18 പന്തില്‍ പുറത്താവാതെ 38) നിര്‍ണായക പ്രകടനം പുറത്തെടുത്തു. യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍ (R Ashwin), പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

ഭേദകപ്പെട്ട തുടക്കമായിരുന്നു പഞ്ചാബിന്. ആറാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ശിഖര്‍ ധവാനെ (12) ആര്‍ അശ്വിന്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ ഭാനുക രജപക്‌സ (18 പന്തില്‍ 27) ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ രജപക്‌സയെ പുറത്താക്കി ചാഹല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. 

പതിവിന് വിപരീതമായി നാലാമനായി ക്രീസിലെത്തിയ മായങ്ക് അഗര്‍വാളിന് (15) അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. ചാഹലിന്റെ തന്നെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച്. തുടര്‍ന്നെത്തിയ ലിയാം ലിവിംഗ്സ്റ്റണ്‍ (14 പന്തില്‍ 22) നിര്‍ണായക സംഭാവന നല്‍കി. എന്നാല്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ബൗള്‍ഡായി ഇംഗ്ലീഷ് താരം പവലിയനില്‍ തിരിച്ചെത്തി. റിഷി ധവാന്‍ (5) പുറത്താവാതെ നിന്നു.

click me!