IPL 2022: പ്ലേഓഫിലെത്താന്‍ രാജസ്ഥാന്‍ കാത്തിരിക്കണം; മിച്ചല്‍ മാര്‍ഷ് മിന്നലില്‍ ഡല്‍ഹിക്ക് ഉഗ്രന്‍ ജയം

By Jomit Jose  |  First Published May 11, 2022, 11:12 PM IST

മറുപടി ബാറ്റിംഗില്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ശ്രീകര്‍ ഭരത് പുറത്തായതൊന്നും ഡല്‍ഹിയെ ബാധിച്ചില്ല


മുംബൈ: ഐപിഎല്ലില്‍(IPL 2022) പ്ലേഓഫ് ഉറപ്പിക്കാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) തിരിച്ചടി നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) എട്ട് വിക്കറ്റിന്‍റെ മിന്നും ജയം. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ (Mitchell Marsh) മിന്നല്‍ വെടിക്കെട്ടില്‍(62 പന്തില്‍ 89) 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ഡല്‍ഹി നേടി. തോല്‍വിയോടെ പ്ലേഓഫിലെത്താന്‍ രാജസ്ഥാന്‍ കാത്തിരിക്കണമെന്നായി. 

മിച്ചംവെക്കാതെ മിച്ചല്‍

Latest Videos

മറുപടി ബാറ്റിംഗില്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ശ്രീകര്‍ ഭരത്(2 പന്തില്‍ 0) പുറത്തായതൊന്നും ഡല്‍ഹിയെ ബാധിച്ചില്ല. സാക്ഷാല്‍ ഡേവിഡ് വാര്‍ണറെ കാഴ്‌ചക്കാരനാക്കി മിച്ചല്‍ മാര്‍ഷ് നിറഞ്ഞാടുകയായിരുന്നു. ഏഴാം ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നപ്പോള്‍ പിന്നാലെ വാര്‍ണറെ ബട്‌ലര്‍ കൈവിട്ടത് നിര്‍ണായകമായി. തൊട്ടടുത്ത ഓവറില്‍ മാര്‍ഷ്(38 പന്തില്‍) അര്‍ധസെഞ്ചുറി തികച്ചു. പിന്നാലെ മാര്‍ഷ് ബൗണ്ടറികളുമായി കളം കീഴടക്കി. വാര്‍ണറും താളം കണ്ടെത്തിയതോടെ സെഞ്ചുറി കൂട്ടുകെട്ടും വിജയവും പിറന്നു. 

വാര്‍ണറും പന്തും അനായാസം

സെഞ്ചുറിക്കുള്ള ശ്രമത്തിനിടെ 89ല്‍ നില്‍ക്കേ മിച്ചല്‍ മാര്‍ഷിനെ 18-ാം ഓവറിലെ ആദ്യ പന്തില്‍ ചാഹല്‍ പറഞ്ഞയച്ചു. ക്രീസിലൊന്നിച്ച വാര്‍ണറും (41 പന്തില്‍ 52*) റിഷഭ് പന്തും (4 പന്തില്‍ 13*) ചേര്‍ന്ന് ഡല്‍ഹിയെ അനായാസം ജയത്തിലെത്തിച്ചു. 

നേരത്തെ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുക്കുകയായിരുന്നു. ജോസ് ബട്‌ലറും സഞ്ജു സാംസണും പരാജയപ്പെട്ട മത്സരത്തില്‍ ആര്‍ അശ്വിനും(50), ദേവ്‌ദത്ത് പടിക്കലുമാണ്(48) രാജസ്ഥാന് മോശമല്ലാത്ത സ്‌കോറൊരുക്കിയത്. ഡല്‍ഹിക്കായി ചേതന്‍ സക്കരിയയും ആന്‍‌റിച്ച് നോര്‍ക്യയും മിച്ചല്‍ മാര്‍ഷും രണ്ട് വീതം വിക്കറ്റ് നേടി. 

ജോസേട്ടന്‍ നിരാശന്‍ 

മോശം തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സിനെ കാത്തിരുന്നത്. സീസണിലെ റണ്‍വേട്ടക്കാരനായ ജോസ് ബട്‌ലറെ(11 പന്തില്‍ 7) മൂന്നാം ഓവറില്‍ ചേതന്‍ സക്കരിയ ഠാക്കൂറിന്‍റെ കൈകളിലെത്തിച്ചു. 11 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന്‍റെ അക്കൗണ്ടില്‍ ഈസമയമുണ്ടായിരുന്നത്. സഹ ഓപ്പണര്‍ യശ്വസി ജയ്സ്വാളാവട്ടെ(19 പന്തില്‍ 19) ഒന്‍പതാം ഓവറില്‍ മിച്ചല്‍ മാര്‍ഷിന് മുന്നില്‍ വീണു. സ്‌കോര്‍- 54-2. മൂന്നാമനായി രവിചന്ദ്ര അശ്വിനെ ക്രീസിലേക്ക് അയച്ച സഞ്ജു സാംസണിന്‍റെ തന്ത്രം വിജയിച്ചതോടെ രാജസ്ഥാന് പ്രതീക്ഷയായി. 

വിജയിച്ച് സഞ്ജുവിന്‍റെ തന്ത്രം, അശ്വിന്‍ കസറി

അശ്വിനൊപ്പം ദേവ്‌ദത്ത് പടിക്കലും ട്രാക്കിലായതോടെ 14-ാം ഓവറില്‍ രാജസ്ഥാന്‍ 100 കടന്നു. ഇതേ ഓവറില്‍ ഇരുവരും 50 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. അശ്വിന്‍ 37 പന്തില്‍ അമ്പത് തികയ്‌ക്കുകയും ചെയ്‌തു. ഫിഫ്റ്റി തികച്ചതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ അശ്വിനെ(38 പന്തില്‍ 50) മാര്‍ഷ് പറഞ്ഞയച്ചു. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ 116-3. സഞ്ജു സാംസണിന്‍റെ പോരാട്ടം ഒരു ബൗണ്ടറിയില്‍ ഒതുങ്ങി. നാല് പന്തില്‍ ആറ് റണ്‍സെടുത്ത സഞ്ജുവിനെ 17-ാം ഓവറില്‍ നോര്‍ക്യയുടെ പന്തില്‍ ഠാക്കൂര്‍ പിടികൂടുകയായിരുന്നു. 

പടിക്കല്‍ കാത്തു

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള ശ്രമത്തിനിടെ റിയാന്‍ പരാഗ്(5 പന്തില്‍ 9) സക്കരിയുടെ പന്തില്‍ വീണു. പിന്നീടങ്ങോട്ട് കൂറ്റനടികള്‍ അധികമുണ്ടായില്ല. നോര്‍ക്യയുടെ 19-ാം ഓവറിലെ ആദ്യ പന്തില്‍ പടിക്കലിനെ(30 പന്തില്‍ 48) കമലേഷ് നാഗര്‍കോട്ടി പറക്കുംക്യാച്ചില്‍ മടക്കി. ഇതേ ഓവറില്‍ റാസ്സി വാന്‍ഡര്‍ ഡസ്സന്‍ ടീമിനെ 150 കടത്തുകയായിരുന്നു. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ റാസ്സിക്കൊപ്പം(10 പന്തില്‍ 12*), ട്രെന്‍റ് ബോള്‍ട്ട്(3 പന്തില്‍ 3*) പുറത്താകാതെ നിന്നു.  

IPL 2022 : വിഷു ബംബർ! ബെയ്‌ല്‍സ് ഇളകിയിട്ടും രക്ഷപ്പെട്ട് ഡേവിഡ് വാര്‍ണര്‍, കണ്ണുതള്ളി ചാഹല്‍- വീഡിയോ
 

 

click me!