സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തിനായിരുന്നു ജയം. രാജസ്ഥാനെ 37 റൺസിന് തോൽപിക്കുകയായിരുന്നു.
കൊൽക്കത്ത: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയര്‍(IPL 2022 Qualifier 1) ദിനമാണിന്ന്. അരങ്ങേറ്റ സീസണ്‍ കളിക്കുന്ന ഗുജറാത്ത് ടൈറ്റൻസ്(Gujarat Titans) മലയാളി താരം സഞ്ജു സാംസണിന്‍റെ(Sanju Samson) രാജസ്ഥാൻ റോയൽസിനെ(Rajasthan Royals) നേരിടും. ഇന്ന് ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലിടം പിടിക്കും. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിന് മുമ്പ് ഇരു ടീമുകളും(GT vs RR) തമ്മിലുള്ള മുന്‍ കണക്കുകളും താരപോരാട്ടവും പരിശോധിക്കാം.
മുന്‍ കണക്ക്
സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തിനായിരുന്നു ജയം. രാജസ്ഥാനെ 37 റൺസിന് തോൽപിക്കുകയായിരുന്നു. ഗുജറാത്തിന്‍റെ 192 റൺസ് പിന്തുടർന്ന രാജസ്ഥാന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 52 പന്തിൽ പുറത്താവാതെ 87 റൺസെടുത്ത ഹാർദിക് പാണ്ഡ്യയായിരുന്നു ടോപ് സ്കോറർ. അഭിനവ് മനോഹർ 28 പന്തിൽ 43 റൺസെടുത്തപ്പോൾ ഡേവിഡ് മില്ലർ 14 പന്തിൽ 31 റൺസുമായി പുറത്താവാതെ നിന്നു. രാജസ്ഥാൻ നിരയിൽ പൊരുതാനായത് 24 പന്തിൽ 54 റൺസെടുത്ത ജോസ് ബട്‍ലറിന് മാത്രം. ലോക്കീ ഫെർഗ്യൂസണും യഷ് ദയാലും മൂന്ന് വിക്കറ്റ് വീതം നേടി.
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയര്‍ മത്സരം തുടങ്ങുക. ആറ് ബാറ്റർമാരെയും അഞ്ച് ബൗളർമാരെയും വിശ്വസിക്കുന്ന ഹാർദിക് പാണ്ഡ്യയും സഞ്ജു സാംസണുമാണ് ഫൈനൽ ലക്ഷ്യമിട്ട് നേർക്കുനേർ വരുന്നത്.
കണക്കില്‍ കട്ടയ്‌ക്ക്
ഗുജറാത്ത് ആദ്യ ഊഴത്തിൽ തന്നെ കിരീടം സ്വപ്നം കാണുമ്പോൾ ആദ്യ സീസണിലെ ചരിത്രനേട്ടം ആവർത്തിക്കാൻ രാജസ്ഥാൻ ഇറങ്ങുന്നു. ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ്, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുല്‍ തെവാത്തിയ എന്നിവർക്ക് ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, റിയാന്‍ പരാഗ് എന്നിവരിലൂടെയാവും രാജസ്ഥാന്റെ മറുപടി. ആര്‍ അശ്വിന്റെയും യുസ്‌വേന്ദ്ര ചഹലിന്റെയും സ്‌പിൻ മികവിന് ബദലായി ഗുജറാത്തിന് റാഷിദ് ഖാനും സായ്‌കിഷോറുമുണ്ട്. പേസ് നിരയുടെ കരുത്തും ഏറക്കുറെ ഒപ്പത്തിനൊപ്പം.
രണ്ടാമത് ബാറ്റ് ചെയ്‌ത ഏഴ് കളിയിൽ ആറിലും ഗുജറാത്ത് ജയിച്ചു. ടോസ് നഷ്ടമായിട്ടും എട്ട് കളിയിൽ രാജസ്ഥാനെ വിജയത്തിലെത്തിച്ച ആത്മവിശ്വാസമുണ്ട് സഞ്ജു സാംസണ്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായതിനാൽ ഇന്ന് തോറ്റാലും ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എലിമിനേറ്റർ വിജയികളെ നേരിടാം.
IPL 2022 : ഗുജറാത്തിനെ മലര്‍ത്തിയടിക്കാന്‍ സഞ്ജുപ്പട; ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം