വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലുമായിരിക്കും ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആദ്യ ക്വാളിഫയര്‍(IPL 2022 Qualifier 1) ദിനമാണിന്ന്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും(GT vs RR) ഏറ്റുമുട്ടും. ഹര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) കരുത്തിലെത്തുന്ന ഗുജറാത്ത്(Gujarat Titans) അതിശക്തമായ ടീമാണ്. ബാറ്റിംഗിലും ബൗളിംഗിലും സൂപ്പര്‍താരങ്ങള്‍ നിറഞ്ഞ ടീമിന്‍റെ സാധ്യതാ ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.
വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലുമായിരിക്കും ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. സീസണില്‍ 9 മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം 39.3 ശരാശരിയില്‍ 312 റണ്‍സ് സാഹയ്‌ക്കുണ്ട്. ഗില്‍ നേടിയത് 14 മത്സരങ്ങളില്‍ 31.0 ശരാശരിയില്‍ നാല് ഫിഫ്റ്റികളോടെ 403 റണ്‍സ്. ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യൂ വെയ്‌ഡാവും വണ്‍ഡൗണില്‍. എട്ട് മത്സരങ്ങളില്‍ 14.25 ശരാശരിയില്‍ 114 റണ്‍സ് മാത്രമേ വെയ്‌ഡിനുള്ളൂ.
undefined
ഗുജറാത്തിന്‍റെ വിധി നിര്‍ണയിക്കുന്ന ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാവും അടുത്തത്. 13 മത്സരങ്ങളില്‍ 41.30 ശരാശരിയില്‍ 413 റണ്‍സ് നേടിയ പാണ്ഡ്യയാണ് ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റും പേരിലുണ്ട്. കില്ലര്‍ മില്ലര്‍ എന്ന വിശേഷണമുള്ള ഡേവിഡ് മില്ലറാവും അടുത്തത്. 14 മത്സരങ്ങളില്‍ 54.42 ശരാശരിയില്‍ 381 റണ്‍സാണ് സമ്പാദ്യം. പുറത്താകാതെ നേടിയ 94 ഉയര്‍ന്ന സ്‌കോര്‍. ബൗളിംഗില്‍ നിരാശനെങ്കിലും ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. 12 ഇന്നിംഗ്‌സില്‍ 31.0 ശരാശരിയിലും 147 സ്‌ട്രൈക്ക് റേറ്റിലും 217 റണ്‍സ് തെവാട്ടിയക്കുണ്ട്.
സ്‌പിന്‍ ഓള്‍റൗണ്ട് മികവുമായി മുന്നേറുന്ന റാഷിദ് ഖാന്‍റെ സ്ഥാനത്തിന് ഒരു കാരണവശാലും കോട്ടം തട്ടില്ല. 14 കളികളില്‍ 18 വിക്കറ്റ് നേടിയ താരത്തിന് ഇക്കോണമി 6.94 മാത്രമാണ്. സായ്‌കിഷോറാവും ബൗളിംഗില്‍ റാഷിദിന്‍റെ പങ്കാളി. 3 കളിയില്‍ 5.80 ഇക്കോണമിയില്‍ മൂന്ന് വിക്കറ്റ് നേട്ടം. പേസ് നിരയില്‍ കിവീസ് അതിവേഗക്കാരന്‍ ലോക്കീ ഫെര്‍ഗൂസന്‍ നിര്‍ണായകമാകും. 12 കളികളില്‍ അത്രതന്നെ വിക്കറ്റ് സമ്പാദ്യം. ഏഴ് കളിയില്‍ 9 വിക്കറ്റുള്ള ഇടംകൈയന്‍ താരം യാഷ് ദയാലാണ് ടീമിലെത്താനിടയുള്ള മറ്റൊരു പേസര്‍. 14 കളിയില്‍ 18 വിക്കറ്റുള്ള മുഹമ്മദ് ഷമിയാകും പേസാക്രമണം നയിക്കുക.
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയര്‍ മത്സരം തുടങ്ങുക. ഗുജറാത്ത് ആദ്യ ഊഴത്തിൽ തന്നെ കിരീടം സ്വപ്നം കാണുമ്പോൾ ആദ്യ സീസണിലെ ചരിത്രനേട്ടം ആവർത്തിക്കാൻ രാജസ്ഥാൻ ഇറങ്ങുന്നു. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായതിനാൽ ഇന്ന് തോറ്റാലും ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എലിമിനേറ്റർ വിജയികളെ നേരിടാം.
IPL 2022 : ഗുജറാത്തിനെ അനായാസം പൊളിച്ചടുക്കുമോ സഞ്ജുവിന്‍റെ രാജസ്ഥാന്‍; കണക്കും സാധ്യതകളും