ടൈമല്‍ മില്‍സിന്‍റെ പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ട്രൈസ്റ്റന്‍ സ്റ്റബ്സിനെ(Tristan Stubbs) മുംബൈ ടീമിലെടുത്തു.21കാരനായ സ്റ്റബ്സ് അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്ക എ-സിംബാബ്‌വെ എ പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കായി അരങ്ങേറിയിരുന്നു.
മുംബൈ: ഐപിഎല്ലില്‍(IPL2022) തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ മംബൈ ഇന്ത്യന്‍സിന്(Mumbai Indians) കനത്ത തിരിച്ചടിയായി സ്റ്റാര്‍ പേസര്‍ ടൈമല്‍ മില്‍സിന്‍റെ(Tymal Mills) പരിക്ക്. പരിക്കിനെത്തുടര്‍ന്ന് മില്‍സ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്‍മാറി.
ടൈമല്‍ മില്‍സിന്‍റെ പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ട്രൈസ്റ്റന്‍ സ്റ്റബ്സിനെ(Tristan Stubbs) മുംബൈ ടീമിലെടുത്തു.21കാരനായ സ്റ്റബ്സ് അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്ക എ-സിംബാബ്‌വെ എ പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കായി അരങ്ങേറിയിരുന്നു.
ഇതുവരെ 17 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്റ്റബ്സ് 157.14 പ്രഹരശേഷിയില്‍ 506 റണ്‍സ് നേടിയിട്ടുണ്ട്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് മധ്യനിര ബാറ്ററായ സ്റ്റബ്സ് മുംബൈക്കൊപ്പം ചേരുന്നത്. കാല്‍ക്കുഴക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് മില്‍സ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്‍മാറിയത്. ഐപിഎല്‍ ലേലത്തില്‍ ഒന്നരക്കോടി രൂപക്ക് ടീമിലെത്തി മില്‍സ് സീസണില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ 11.50 ഇക്കോണമിയിലാണ് റണ്‍സ് വഴങ്ങിയത്. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ മുംബൈ ബൗളറുമാണ് മില്‍സ്.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമിട്ട മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ എട്ട് മത്സരങ്ങളിലും തോറ്റിരുന്നു. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആണ് മുംബൈ സീസണില്‍ ആദ്യമായി ജയിച്ചത്. ടീമിലെ മറ്റ് പേസര്‍മാരായ ഡാനിയേല്‍ സാംസും ജസ്പ്രീത് ബുമ്രയും നിറം മങ്ങിയതും മുംബൈക്ക് തിരിച്ചടിയായി. മലയാളി പേസര്‍ ബേസില്‍ തമ്പിക്കും കാര്യമായി തിളങ്ങാനായിരുന്നില്ല. സീസണില്‍ ഏഴ് വിക്കറ്റെടുത്ത സാംസ് ആണ് മുംബൈക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത പേസര്‍. ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റ് മാത്രമാണ് ഇതുവരെ നേടിയത്.