IPL 2022: തീരുമാനങ്ങളൊക്കെ എടുക്കുന്നതും ഇപ്പോഴും അയാളാണ് ജഡേജയല്ല, തുറന്നുപറഞ്ഞ് കൈഫ്

By Web Team  |  First Published Apr 4, 2022, 7:31 AM IST

മൊയീന്‍ അലിയെപ്പോലെ പരിചയസമ്പന്നായ ഒരു സ്പിന്നറുടെ  മൂന്നോവറുകള്‍ ബാക്കിയുള്ളപ്പോഴാണ് ജഡേജ ശിവം ദുബെയെ പന്തേല്‍പ്പിച്ചത്. അതോടെ ചെന്നൈ കൈയില്‍ നിന്ന് കളി പോയി. എന്നാല്‍ ശിവം ദുബെക്ക് പത്തൊമ്പതാം ഓവര്‍ നല്‍കാനുള്ള തീരുമാനം ജഡേജ എടുത്തതാണെന്ന് ഞാന്‍ കരുതുന്നില്ല.


മുംബൈ: ഐപിഎല്ലില്‍(IPL 2022) സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്(CSK). പുതിയ സീസണില്‍ പുതിയ നായകന്‍ രവീന്ദ്ര ജഡേജക്ക്(Ravindra Jadeja) കീഴില്‍ ചെന്നൈക്ക് തൊട്ടതെല്ലാം പിഴക്കുകയാണ്. നായകനെന്ന നിലയില്‍ ജഡേജ കളി നിയന്ത്രിക്കുന്നത് കാണുന്നത് തന്നെ അപൂര്‍വമാണ്. പലപ്പോഴും വിക്കറ്റിന് പിന്നില്‍ നിന്ന് മുന്‍ നായകന്‍ എം എസ് ധോണി(MS Dhoni) തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോട് ചെന്നൈ തോറ്റ കളിയിലും ധോണിയുടെ ഇടപെടലുകള്‍ ആരാധകര്‍ കണ്ടിരുന്നു. മത്സരത്തിന്‍റെ പത്തൊമ്പതാം ഓവറില്‍ ലഖ്നൗ താരം എവിന്‍ ലൂയിസ് ശിവം ദുബെയെ അടിച്ചുപറത്തി ടീമിനെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചപ്പോഴും ചെന്നൈയുടെ തന്ത്രപരമായ പിഴവ് കണ്ടു. സ്പിന്നിനെ നല്ല രീതിയില്‍ കളിക്കാത്ത ലൂയിസിനെതിരെ ശിവം ദുബെയെപ്പോലൊരു മീഡിയം പേസറെ പന്തെറിയാന്‍ ഏല്‍പ്പിച്ചത് തന്ത്രപരമായ പിഴവായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി.

Latest Videos

undefined

മൊയീന്‍ അലിയെപ്പോലെ പരിചയസമ്പന്നായ ഒരു സ്പിന്നറുടെ  മൂന്നോവറുകള്‍ ബാക്കിയുള്ളപ്പോഴാണ് ജഡേജ ശിവം ദുബെയെ പന്തേല്‍പ്പിച്ചത്. അതോടെ ചെന്നൈ കൈയില്‍ നിന്ന് കളി പോയി. എന്നാല്‍ ശിവം ദുബെക്ക് പത്തൊമ്പതാം ഓവര്‍ നല്‍കാനുള്ള തീരുമാനം ജഡേജ എടുത്തതാണെന്ന് ഞാന്‍ കരുതുന്നില്ല. അത് ധോണിയുടെ തീരുമാനമാകാനാണ് സാധ്യത. ജഡേജയാണ് ക്യാപ്റ്റനെങ്കിലും ഇപ്പോഴും തീരുമാനങ്ങളെടുക്കുന്നത് ധോണിയാണ്. കാരണം ജഡേജ ഇപ്പോഴും കാര്യങ്ങള്‍ പഠിച്ചു വരുന്നതേയുള്ളു. അതുകൊണ്ടുതന്നെ ആ തീരുമാനം ധോണിയുടേത് തന്നെയാണ്.

തുടര്‍ തോല്‍വികളിലും ചെന്നൈയുടെ ഡ്രസ്സിംഗ് റൂം ശാന്തമാണെന്നും കടലാസില്‍ നായകനല്ലെങ്കിലും ധോണി തന്നെയാണ് ഡ്രസ്സിംഗ് റൂമില്‍ നായകന്‍റെ കടമകള്‍ നിര്‍വഹിക്കുന്നതെന്നും കൈഫ് പറഞ്ഞു. ലഖ്നൗക്കെതിരായ മത്സരത്തില്‍ ജഡേജ ധോണിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ജഡേജക്കായിട്ടുണ്ടാകുമെന്നും കൈഫ് പറഞ്ഞു.

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനോടും ചെന്നൈ തോറ്റിരുന്നു. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും ചെന്നൈ തോറ്റു. മത്സരത്തില്‍ നാലോവറില്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ചെന്നൈ നായകന്‍ ജഡേജ ബാറ്റിംഗില്‍ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തി. അതേസമയം, വിക്കറ്റിന് പിന്നില്‍ തിളങ്ങിയ ധോണിക്ക് പക്ഷെ ബാറ്റിംഗില്‍ ഇന്നലെ ശോഭിക്കാനായില്ല. 28 പന്തില്‍ 23 റണ്‍സെടുത്ത് ധോണി പുറത്തായി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

click me!