IPL 2022 : ഇതെങ്കിലും ജയിക്കാന്‍ മുംബൈ ഇന്ത്യൻസ്, ടീമില്‍ ആശങ്കകളേറെ; വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബ്

By Web Team  |  First Published Apr 13, 2022, 9:34 AM IST

തുടക്കം മോശമായ നിലയിൽ നിന്ന് കിരീടത്തിലേക്കെത്തിയ മുന്‍ ചരിത്രത്തിലാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ


പുനെ: ഐപിഎല്ലിൽ (IPL 2022) ആദ്യ ജയത്തിനായി മുംബൈ ഇന്ത്യൻസ് (Mumbai Indians) ഇന്നിറങ്ങും. പഞ്ചാബ് കിംഗ്‌സാണ് (Punjab Kings) എതിരാളികൾ. രാത്രി ഏഴരയ്ക്ക് പുനെയിലാണ് മത്സരം. അഞ്ച് വട്ടം ചാമ്പ്യന്മാരെങ്കിലും പോയിന്‍റ് ടേബിളിൽ ഇത്തവണ അക്കൗണ്ട് തുറക്കാനായിട്ടില്ല മുംബൈക്ക്. വിജയവഴിയിൽ തിരിച്ചെത്താൻ പൊരുതുന്ന പഞ്ചാബിനും മത്സരം പ്രധാനമാണിത്. 

തുടക്കം മോശമായ നിലയിൽ നിന്ന് കിരീടത്തിലേക്കെത്തിയ മുന്‍ ചരിത്രത്തിലാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഒരു തോൽവി കൂടി രോഹിത്തിനും സംഘത്തിനും താങ്ങാനാവില്ല. ബാറ്റിംഗിലും ബൗളിംഗിലും മുംബൈ നിരയിൽ സ്ഥിരതയില്ലായ്‌മ പ്രകടം. നായകൻ രോഹിത്തിന്‍റെ മോശം ഫോമാണ് ടീമിന്‍റെ പ്രധാന തലവേദന. ഇഷാൻ കിഷനും സൂര്യകുമാർ യാദവും ക്രീസിലുറച്ചാൽ വമ്പൻ സ്കോറിലെത്താം. മികവിലേക്കുയരുന്ന തിലക് വർമയിലും ഡെവാൾഡ് ബ്രൂയിസിലും പ്രതീക്ഷയേറെ. പഞ്ചാബിനെതിരെ മികച്ച റെക്കോർഡുള്ള കീറോണ്‍ പൊള്ളാർഡിനും കൂടുതൽ ഉത്തരവാദിത്തമുണ്ട്. ബൗളിങ്ങിൽ ജസ്പ്രീത് ബുമ്ര പഴയ ഫോമിന്‍റെ നിഴലിൽ മാത്രമെന്നത് തിരിച്ചടിയാവുന്നു. 

Latest Videos

undefined

മറുവശത്ത് നാല് കളിയിൽ രണ്ട് ജയവുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ്. പവർ ഹിറ്റർമാരുടെ ഒരു നിരയുണ്ട് പഞ്ചാബിന്. ശിഖർ ധവാനും മായങ്ക് അഗർവാളും മികച്ച തുടക്കം നൽകിയാൽ പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാകും. ബെയ്ർസ്റ്റോ വന്നതോടെ ബാറ്റിംഗിന് കരുത്ത് കൂടി. ലിയാം ലിവിങ്സ്റ്റൻ, ഷാരൂഖ് ഖാൻ, ജിതേഷ് ശർമ, ഒഡീൻ സ്‌മിത്ത് എന്നിങ്ങനെ വാലറ്റം വരെ പ്രതീക്ഷയേറെ. ബൗളിംഗ് നിരയിൽ കാര്യമായ വെല്ലുവിളിയില്ല. ടോസ് മത്സരത്തിൽ നിർണായകമാകും. 

അങ്ങനെ ചെന്നൈ ജയിച്ചു

ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലു തോല്‍വിക്കൊടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് വമ്പന്‍ ജയം സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 23 റണ്‍സിന് കീഴടക്കി ചെന്നൈ ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ജയം സ്വന്തമാക്കുകയായിരുന്നു. ശിവം ദുബെയുടെയും റോബിന്‍ ഉത്തപ്പയുടെയും വെടിക്കെട്ട് അര്‍ധ സെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 216 റണ്‍സെടുത്ത ചെന്നൈക്ക് മറുപടിയായി ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 

IPL 2022: തോറ്റ്, തോറ്റ് ഒടുവില്‍ ചെന്നൈക്ക് കാത്തിരുന്ന ജയം; ബാംഗ്ലൂരിനെ തകര്‍ത്തത് 23 റണ്‍സിന്

click me!