വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫ് ഉറപ്പാക്കണം. നേർക്കുനേർ പോരിനിറങ്ങുമ്പോൾ രാജസ്ഥാൻ റോയൽസിനും ലഖ്‌നൗ സൂപ്പർ ജയന്റ്സിനും ഒരേലക്ഷ്യം.
മുംബൈ: ഐപിഎല്ലിൽ(IPL 2022) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്(Lucknow Super Giants) ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാൻ റോയൽസിനെ(Rajasthan Royals) നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ(Brabourne Stadium) വൈകിട്ട് ഏഴരയ്ക്കാണ് കളി(LSG vs RR) തുടങ്ങുക.
വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫ് ഉറപ്പാക്കണം. നേർക്കുനേർ പോരിനിറങ്ങുമ്പോൾ രാജസ്ഥാൻ റോയൽസിനും ലഖ്‌നൗ സൂപ്പർ ജയന്റ്സിനും ഒരേലക്ഷ്യം. 16 പോയിന്റുള്ള ലഖ്‌നൗ രണ്ടും 14 പോയിന്റുള്ള രാജസ്ഥാൻ മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. രാജസ്ഥാനെ തോൽപിച്ചാൽ ഗുജറാത്ത് ടൈറ്റൻസിന് പിന്നാലെ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമാവും സൂപ്പർ ജയന്റ്സ്. ബാറ്റിംഗിൽ ക്യാപ്റ്റൻ കെ എൽ രാഹുൽ, ക്വിന്റൺ ഡി കോക്ക് എന്നിവരെ അമിതമായി ആശ്രയിക്കുന്നുണ്ട് ലഖ്‌നൗ. 12 കളിയിൽ രാഹുൽ 459ഉം ഡി കോക്ക് 347ഉം റൺസെടുത്തിട്ടുണ്ട്. ദീപക് ഹൂഡ, ക്രുനാൽ പണ്ഡ്യ, ജേസൺ ഹോൾഡർ, മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ ഓൾറൗണ്ട് മികവും നിർണായകം.
സഞ്‍ജു സാംസണും ദേവ്ദത്ത് പടിക്കലുമുണ്ടെങ്കിലും ജോസ് ബട്‍ലറുടെ ബാറ്റിലേക്കാണ് രാജസ്ഥാൻ റോയല്‍സ് ആരാധകർ ഉറ്റുനോക്കുന്നത്. 625 റൺസ് നേടിയ ബട്‍ലർ ഓറഞ്ച് ക്യാപ് ഇതുവരെ ആർക്കും വിട്ടുകൊടുത്തിട്ടില്ല. ട്രെന്‍ഡ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചാഹൽ എന്നിവർക്ക് ആവേശ് ഖാൻ, രവി ബിഷ്ണോയ്, ജേസൺ ഹോൾഡർ എന്നിവരിലൂടെയാവും സൂപ്പർ ജയന്റ്സിന്റെ മറുപടി. ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ മൂന്ന് റൺസിന് ലഖ്‌നൗവിനെ തോൽപിച്ചിരുന്നു. 165 പിന്തുടർന്ന രാഹുലിനും സംഘത്തിനും 162ൽ എത്താനേ കഴിഞ്ഞുള്ളൂ. ഈ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഇറങ്ങുക.
ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. വാംഖഡെയില്‍ ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് കളി തുടങ്ങുക. ഒൻപത് ജയവുമായി ഗുജറാത്ത് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. നാല് ജയം മാത്രമുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. അതിനാല്‍ ജയങ്ങളോടെ സീസണ്‍ അവസാനിപ്പിക്കുക മാത്രമാണ് ചെന്നൈയ്‌ക്ക് മുന്നിലുള്ള വഴി.