കെ എല്‍ രാഹുലും ക്വിന്‍റണ്‍ ഡികോക്കും നല്‍കുന്ന ഓപ്പണിംഗാണ് ലഖ്‌നൗവിന്‍റെ കരുത്ത്. രാഹുല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 60 പന്തില്‍ 103 റണ്‍സാണ് അടിച്ചുകൂട്ടിയത്.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (LSG vs RCB) ഏറ്റുമുട്ടും. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തുല്യ ശക്തികളുടെ പോരാട്ടമാകും ഇന്നത്തേത്. ആറ് കളികളിൽ നാല് ജയം വീതമാണ് ഇരു ടീമുകൾക്കുമുള്ളത്. ആദ്യ മത്സരം തോറ്റ ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച ലഖ്‌നൗവും (Lucknow Super Giants) ബാംഗ്ലൂരും (Royal Challengers Bangalore) പിന്നീട് തോല്‍വി രുചിച്ചെങ്കിലും വിജയവഴിയില്‍ തിരിച്ചെത്തിയാണ് മുഖാമുഖം വരുന്നത്.
തുല്യരുടെ പോരാട്ടം
undefined
നായകന്‍ ഫാഫ് ഡുപ്ലസിസും അനുജ് റാവത്തുമായിരിക്കും ആര്‍സിബി ഓപ്പണര്‍മാര്‍. വിരാട് കോലി, ഗ്ലെന്‍ മാക‌്‌സ്‌വെല്‍, ഷഹ്‌ബാസ് അഹമ്മദ് എന്നിവര്‍ക്കൊപ്പം ദിനേശ് കാര്‍ത്തിക്കിന്‍റെ വെടിക്കെട്ട് ഫിനിഷിംഗാണ് സീസണില്‍ ആര്‍സിബിയുടെ ഏറ്റവും വലിയ വരുത്ത്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കാര്‍ത്തിക് 34 പന്തില്‍ 66* ഉം മാക്‌സി 34 പന്തില്‍ 55 ഉം ഷഹ്‌ബാസ് 21 പന്തില്‍ 32* ഉം റണ്‍സ് നേടിയിരുന്നു. വനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കൊപ്പം മുഹമ്മദ് സിറാജും താളം നിലനിര്‍ത്തിയാല്‍ ബൗളിംഗും കരുത്തുറ്റത്. ഡല്‍ഹിക്കെതിരെ ഹേസല്‍വുഡ് മൂന്നും സിറാജ് രണ്ടും ഹസരങ്ക ഒന്നും വിക്കറ്റ് നേടിയിരുന്നു.
കെ എല്‍ രാഹുലും ക്വിന്‍റണ്‍ ഡികോക്കും നല്‍കുന്ന ഓപ്പണിംഗാണ് ലഖ്‌നൗവിന്‍റെ കരുത്ത്. രാഹുല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 60 പന്തില്‍ 103 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഡികോക്ക് 13 പന്തില്‍ 24 റണ്‍സ് പേരിലാക്കി. മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി എന്നിവര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ലഖ്‌നൗവിന്‍റെ ബാറ്റിംഗ് നിര അതിശക്തം. ബൗളിംഗില്‍ ജേസന്‍ ഹോള്‍ഡര്‍, ആവേഷ് ഖാന്‍, ദുഷ്‌മന്ത ചമീര എന്നിവരിലാണ് പ്രതീക്ഷകള്‍. അവസാന മത്സരത്തില്‍ ആവേഷ് മൂന്ന് വിക്കറ്റ് നേടിയിരുന്നു.
ഇന്നലെ ചാഹല്‍-ബട്‌ലര്‍ ഷോ
ഇന്നലെ ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെയും യുസ്‌വേന്ദ്ര ചാഹലിന്‍റെ ഹാട്രിക് ഉള്‍പ്പടെയുള്ള അഞ്ച് വിക്കറ്റ് പ്രകടനത്തിന്‍റേയും കരുത്തില്‍ രാജസ്ഥാന്‍ ഏഴ് റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ‌്സിനെ തോല്‍പിച്ചു. 51 പന്തില്‍ 85 റണ്‍സ് നേടിയ കെകെആര്‍ നായകന്‍ ശ്രേയസ് അയ്യരെ ഉള്‍പ്പടെ മടക്കിയാണ് ചാഹല്‍ ഹാട്രിക് തികച്ചത്. ആരോണ്‍ ഫിഞ്ച് 28 പന്തില്‍ 58 നേടി. കൊല്‍ക്കത്തയ്‌ക്കായി 9 പന്തില്‍ 21 റണ്‍സെടുത്ത ഉമേഷ് യാദവ് അവസാന ഓവറുകളില്‍ വെടിക്കെട്ട് പുറത്തെടുത്തെങ്കിലും വിജയം രാജസ്ഥാന് ഒപ്പം നില്‍ക്കുകയായിരുന്നു. കൊൽക്കത്തയുടെ പോരാട്ടം 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് രാജസ്ഥാന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 61 പന്തില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും സഹിതം 103 റണ്‍സ് ബട്‌ലര്‍ നേടി. സീസണില്‍ ബട്‌ലറിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. നായകൻ സഞ്ജു സാംസണ്‍ 19 പന്തില്‍ 38 റണ്‍സ് നേടി.