IPL 2022 : തോറ്റാല്‍ കഥ തീര്‍ന്നു; ഐപിഎല്ലില്‍ ഇന്ന് എലിമിനേറ്റര്‍ അങ്കം

By Jomit Jose  |  First Published May 25, 2022, 10:09 AM IST

ആദ്യ സീസണിൽ തന്നെ പ്ലേ ഓഫിലെത്തിയ കരുത്തുമായാണ് ലഖ‌്‌നൗവിന്‍റെ വരവ്. ആദ്യ കിരീടം തേടിയിറങ്ങുന്ന ആർസിബിക്കും ഇത് സ്വപ്‌ന പോരാട്ടം. 


കൊല്‍ക്കത്ത: ഐപിഎൽ(IPL 2022) പ്ലേ ഓഫിലെ എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ(LSG vs RCB Eliminator) നേരിടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ്( Eden Gardens) മത്സരം. ആദ്യ സീസണിൽ തന്നെ പ്ലേ ഓഫിലെത്തിയ കരുത്തുമായാണ് ലഖ‌്‌നൗവിന്‍റെ(Lucknow Super Giants) വരവ്. ആദ്യ കിരീടം തേടിയിറങ്ങുന്ന ആർസിബിക്കും(Royal Challengers Bangalore) ഇത് സ്വപ്‌ന പോരാട്ടം. ഇന്ന് തോല്‍ക്കുന്നവര്‍ പുറത്താകും. ജയിക്കുന്നവര്‍ മെയ് 27ന് രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. 

വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തിയതും പ്ലേ ഓഫിലേക്ക് നാടകീയമായ തിരിച്ചുവരവുമെല്ലാം ബാംഗ്ലൂരിന് ആത്മവിശ്വാസം കൂട്ടുമെന്നുറപ്പ്. കോലിക്ക് പുറമെ, ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്‍വെൽ, ദിനേശ് കാർത്തിക്, രജത് പട്ടിദാർ എന്നിവരുള്ള ആര്‍സിബിക്ക് ബാറ്റിംഗിൽ കാര്യമായ ആശങ്കയില്ല. മുഹമ്മദ് സിറാജ് മോശം ഫോമിലെങ്കിലും ജോഷ് ഹേസൽവുഡ്, വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേല്‍ ത്രയമാണ് ബൗളിംഗിൽ ടീമിന്‍റെ നട്ടെല്ല്. 57 വിക്കറ്റുകളാണ് 14 മത്സരങ്ങളിൽ മൂന്ന് പേരും ചേർന്ന് വീഴ്ത്തിയത്. 

Latest Videos

സീസണിലെ ഏറ്റവും മികച്ച ഓപ്പണിംഗ് നിരയാണ് ലഖ്നൗവിന്‍റേത്. റൺവേട്ടക്കാരിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള കെ എൽ രാഹുലും ക്വിന്‍റൺ ഡികോക്കും നൽകുന്ന തുടക്കത്തിൽ തന്നെയാണ് കന്നിക്കാരുടെ പ്രതീക്ഷ. അവസാന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും പടുത്തുയര്‍ത്തിയിരുന്നു. നാല് അർധ സെഞ്ചുറി നേടിയ ദീപക് ഹൂഡ ഒഴികെ മധ്യനിരയിലും വാലറ്റത്തും ഫോമിലുള്ള താരങ്ങളുടെ അഭാവം ലഖ്നൗവിന് ഭീഷണിയാണ്. മാർക്ക്സ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ആയുഷ് ബദോനി, ജേസൺ ഹോൾഡർ എന്നിവരും കൂടുതൽ ഉത്തരവാദിത്തം കാണിക്കണം.

യുവ പേസർമാരായ ആവേശ്-മൊഹ്സീൻ സഖ്യത്തെ കരുതിയിരിക്കണം ബാംഗ്ലൂർ. രവി ബിഷ്ണോയുടെ നാല് ഓവറും പ്രധാനം. മഴ മത്സരത്തിന്‍റെ രസംകെടുത്തുമോയെന്നതും ആകാംക്ഷയാണ്.

IPL 2022 : സഞ്ജു സാംസണ്‍ ഗംഭീരമാക്കി, പക്ഷേ ഒരു പ്രശ്‌നം മാത്രം; ചൂണ്ടിക്കാട്ടി രവി ശാസ്‌ത്രി

click me!