ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി രജത് പടിദാറിന്റെ (54 പന്തില്‍ പുറത്താവാതെ 112) സെഞ്ചുറി കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനാണ് സാധിച്ചത്.
കൊല്‍ക്കത്ത: ഐപിഎല്‍ സീസണ്‍ തുടക്കം മുതല്‍ മികവ് കാണിച്ച ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (LSG). 14 മത്സരങ്ങളില്‍ ഒമ്പതും ജയിച്ചാണ് അവര്‍ പ്ലേ ഓഫിന് യോഗ്യത നേടിയത്. രാജസ്ഥാന്‍ റോയല്‍സിനും (Rajasthan Royals) ഇത്രയും പോയിന്റ് ഉണ്ടായിരുന്നെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ലഖ്‌നൗവിന് മുന്നിലായി. ലഖ്‌നൗവിന് എലിമിനേറ്റര്‍ കളിക്കേണ്ടി വരികയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോല്‍ക്കേണ്ടിയും വന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനായിരുന്നു ലഖ്‌നൗവിന്റെ തോല്‍വി. ഇതോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി രജത് പടിദാറിന്റെ (54 പന്തില്‍ പുറത്താവാതെ 112) സെഞ്ചുറി കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനാണ് സാധിച്ചത്. ഫീല്‍ഡിംഗില്‍ മോശം പ്രകടനമായിരുന്നു ലഖ്‌നൗവിന്റേത്. ഇപ്പോള്‍ തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുകയാണ് ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul).
മോശം ഫീല്‍ഡിംഗാണ് തോല്‍ക്കാനുണ്ടായ കാരണമെന്നാണ് രാഹുല്‍ പറയുന്നത്. ''അനായാസമായ ക്യാച്ചുകളാണ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്. തോല്‍ക്കാനുണ്ടായ കാരണവും അതുതന്നെ. ക്യാച്ചുകള്‍ വിട്ടുകളയുന്നത് ഒരിക്കലും സഹായിക്കില്ല. മറ്റൊരു വ്യത്യാസം രജത് പടിദാറിന്റെ ഇന്നിംഗ്‌സായിരുന്നു. ആദ്യ മൂന്ന് ബാറ്റര്‍മാരില്‍ ഒരാള്‍ സെഞ്ചുറി നേടിയാല്‍ ടീം ജയിക്കാന്‍ സാധ്യതയേറെയാണ്. അവര് നന്നായി ഫീല്‍ഡ് ചെയ്തു. ലഖ്‌നൗവിന്റേത് ദയനീനമായ ഫീല്‍ഡിംഗ് പ്രകടനമായിരുന്നു.
ലഖ്‌നൗ പുതിയ ഫ്രാഞ്ചൈസിയാണ്. ഒരുപാട് പോസിറ്റീവ് കാര്യങ്ങള്‍ ടീമിനുണ്ടായി. മാത്രമല്ല, ഒരുപാട് തെറ്റുകളും ടീമിന് സംഭവിച്ചു. എല്ലാ ടീമുകളും അത് ചെയ്യും. അടുത്തവര്‍ഷം കൂടുതല്‍ കരുത്തോടെ തിരിച്ചെത്തും. യുവാക്കളുടെ നിരതന്നെ ലഖ്‌നൗവിലുണ്ട്. തെറ്റുകളില്‍ നിന്ന് അവര്‍ പഠിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്തോടെ അവര്‍ തിരിച്ചെത്തട്ടെ.തനിക്ക് എത്രത്തോളം കഴിവുണ്ടെന്ന് മുഹ്‌സിന്‍ ഖാന്‍ തെളിയിച്ചു. ഈ അത്മവിശ്വാസം തുടര്‍ന്നുള്ള വര്‍ഷങ്ങളിലുമുണ്ടായാല്‍ ഇതിനേക്കാള്‍ നന്നായി പന്തെറിയാന്‍ അവന് സാധിക്കും.'' രാഹുല്‍ മത്സരശേഷം പറഞ്ഞു.
മത്സരം 14 റണ്‍സിന് സ്വന്തമാക്കിയ ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സുമായി രണ്ടാം ക്വാളിഫയര്‍ കളിക്കും. നാളെ അഹമ്മദാബാദിലാണ് മത്സരം. ജയിക്കുന്നവര്‍ ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.