IPL 2022: എറിഞ്ഞിട്ട് ബുമ്ര, കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് 166 റണ്‍സ് വിജയലക്ഷ്യം

By Gopalakrishnan C  |  First Published May 9, 2022, 9:27 PM IST

റസലിന് പിന്നാലെ നിതീഷ് റാണയെയും(26 പന്തില്‍ 43) വീഴ്ത്തിയ ബുമ്ര, ഷെല്‍ഡണ്‍ ജാക്സണ്‍(5), പാറ്റ് കമിന്‍സ്(0),സുനില്‍ നരെയ്ന്‍(0) എന്നിവരെ പുറത്താക്കിയാണ് കൊല്‍ക്കത്തയുടെ നടുവൊടിച്ചത്. ഇരുപതാം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് ബുമ്ര വിട്ടു കൊടുത്തത്.


മുംബൈ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന്(Mumbai Indians vs Kolkata Knight Riders)166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിതീഷ് റാണയുടെയും വെങ്കിടേഷ് അയ്യരുടെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അഞ്ചോവറില്‍ 60 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ട കൊല്‍ക്കത്തയെ മധ്യ ഓവറുകളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് 165 റണ്‍സിലൊതുക്കിയത്.

24 പന്തില്‍ 43 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. നിതീഷ് റാണ 26 പന്തില്‍ 43 റണ്‍സെടുത്തു. മുംബൈക്കായി ജസ്പ്രീത് ബുമ്ര നാലോവറില്‍ 10 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുമാര്‍ കാര്‍ത്തികേയ രണ്ട് വിക്കറ്റെടുത്തു.

Latest Videos

വെടിക്കെട്ടുമായി വെങ്കിടേഷ്

സീസണില്‍ ഇതുവരെ ഫോമിലാവാതിരുന്ന വെങ്കിടേഷ് അയ്യര്‍ മുംബൈക്കെതിരായ രണ്ടാം മത്സരത്തിലും തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത് മികച്ച തുടക്കം ലഭിച്ചു. പവര്‍ പ്ലേയില്‍ 5.4 ഓവറില്‍ 60 റണ്‍സടിച്ച വെങ്കിടേഷ്-അജിങ്ക്യാ രഹാനെ കൂട്ടുകെട്ട് നല്‍കിയ തുടക്കമാണ് കൊല്‍ക്കത്തയുടെ കുതിപ്പിന് ഊര്‍ജ്ജമായത്. മൂന്ന് ഫോറും നാലു സിക്സും പറത്തി വെങ്കിടേഷ് 24 പന്തില്‍ 43 റണ്‍സെടുത്ത് കുമാര്‍ കാര്‍ത്തികേയക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി

നടുവൊടിച്ച് ബുമ്ര

രഹാനെയും നിതീഷഅ റാണയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ കൊല്‍ക്കത്തയെ മുന്നോട്ട് കൊണ്ടുപോയി.11-ാം ഓവറില്‍ രഹാനെയെ(24 പന്തില്‍ 25) കുമാര്‍ കാര്‍ത്തികേയ കൊല്‍ക്കത്തക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. നിതീഷ് റാണ പിടിച്ചു നിന്നെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(6) ആന്ദ്രെ റസല്‍(9) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് കൊല്‍ക്കത്തയുടെ കുതിപ്പ് തടഞ്ഞു.

റസലിന് പിന്നാലെ നിതീഷ് റാണയെയും(26 പന്തില്‍ 43) വീഴ്ത്തിയ ബുമ്ര, ഷെല്‍ഡണ്‍ ജാക്സണ്‍(5), പാറ്റ് കമിന്‍സ്(0),സുനില്‍ നരെയ്ന്‍(0) എന്നിവരെ പുറത്താക്കിയാണ് കൊല്‍ക്കത്തയുടെ നടുവൊടിച്ചത്. ഇരുപതാം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് ബുമ്ര വിട്ടു കൊടുത്തത്. ടി20 ക്രിക്കറ്റിലെ ബുമ്രയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. അവസാന ഓവറുകളില്‍ പിടിച്ചു നിന്ന റിങ്കു സിംഗ്(23) ആണ് കൊല്‍ക്കത്തയെ 150 കടത്തിയത്. അവസാന മൂന്നോവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് കൊല്‍ക്കത്ത നേടിയത്.

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. പരിക്കേറ്റ സൂര്യകുമാര്‍ യാദവ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായതിനാല്‍ രമണ്‍ദീപ് സിംഗ് മുംബൈയുടെ അന്തിമ ഇലവനിലെത്തി.കൊല്‍ക്കത്ത ടീമില്‍ അഞ്ച് മാറ്റം വരുത്തി. വെങ്കടേഷ് അയ്യര്‍, ഷെല്‍ഡണ്‍ ജാക്സണ്‍, പാറ്റ് കമിന്‍സ്, അജിങ്ക്യാ രഹാനെ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്ത നിരയില്‍ തിരിച്ചെത്തി.

 

click me!