IPL 2022: റസല്‍ മിന്നി; കൊല്‍ക്കത്തക്കെതിരെ ഹൈദരാബാദിന് 178 റണ്‍സ് വിജയലക്ഷ്യം

By Gopalakrishnan C  |  First Published May 14, 2022, 9:35 PM IST

ടോസിലെ ഭാഗ്യം കൊല്‍ക്കത്തക്ക് ബാറ്റിംഗിലുണ്ടായില്ല. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വെങ്കടേഷ് അയ്യരെ(6) മടക്കി ജാന്‍സന്‍ കൊല്‍ക്കത്തക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. അജിങ്ക്യാ രഹാനെയും നിതീഷ് റാണയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത മികച്ച സ്കോറിലേക്ക് നീങ്ങി. എട്ടാം ഓവറില്‍ 65 റണ്‍സിലെത്തിയ കൊല്‍ക്കത്തയുടെ നടുവൊടിച്ചത് ഉമ്രാന്‍ മാലിക്കാണ്.


പൂനെ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് (Kolkata Knight Riders vs Sunrisers Hyderabad)178 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത അവസാന ഓവറില്‍ ആന്ദ്രെ റസല്‍ നടത്തിയ വെടിക്കെട്ടിന്‍രെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. 28 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് അടക്കം 20 റണ്‍സെടുത്താണ് റസല്‍ കൊല്‍ക്കത്തയെ മാന്യമായ ടോട്ടലിലെത്തിച്ചത്. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് മൂന്ന് വിക്കറ്റുമായി തിളങ്ങി.

തുടക്കം തകര്‍ച്ചയോടെ, നടുവൊടിച്ചത് മാലിക്ക്

Latest Videos

ടോസിലെ ഭാഗ്യം കൊല്‍ക്കത്തക്ക് ബാറ്റിംഗിലുണ്ടായില്ല. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വെങ്കടേഷ് അയ്യരെ(6) മടക്കി ജാന്‍സന്‍ കൊല്‍ക്കത്തക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. അജിങ്ക്യാ രഹാനെയും നിതീഷ് റാണയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത മികച്ച സ്കോറിലേക്ക് നീങ്ങി. എട്ടാം ഓവറില്‍ 65 റണ്‍സിലെത്തിയ കൊല്‍ക്കത്തയുടെ നടുവൊടിച്ചത് ഉമ്രാന്‍ മാലിക്കാണ്.

ആദ്യം നിതീഷ് റാണയെ(16 പന്തില്‍ 26) മടക്കിയ മാലിക്ക് പിന്നാലെ രഹാനെയെ(24 പന്തില്‍ 28) വീഴ്ത്തി. പ്രതീക്ഷ നല്‍കിയ ശ്രേയസിനെ(9 പന്തില്‍ 15) യും മടക്കി മാലിക്ക് കൊല്‍ക്കത്തയുടെ നടുവൊടിച്ചു.  റിങ്കു സിംഗിനെ(5) നടരാജന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ കൊല്‍ക്കത്ത 94-5ലേക്ക് കൂപ്പുകുത്തി.

കരകയറ്റി റസലും ബില്ലിംഗ്സും

എന്നാല്‍ കൂട്ടത്തകര്‍ച്ചയിലേക്ക് പോകാതെ സാം ബില്ലിംഗ്സും ആന്ദ്രെ റസലും ചേര്‍ന്ന് പിന്നീട് കൊല്‍ക്കത്തയെ കരകയറ്റി. പതിവ് ആക്രമണം വിട്ട് കരുതലോടെ കളിച്ച റസല്‍ അവസാന ഓവര്‍ വരെ പിടിച്ചു നിന്നത് കൊല്‍ക്കത്തക്ക് ഗുണകരമായി. പത്തൊമ്പതാം ഓവറില്‍ ബില്ലിംഗ്സിനെ(29 പന്തില്‍ 34) ഭുവനേശ്വര്‍കുമാര്‍ വീഴ്ത്തിയെങ്കിലും അവസാന ഓവറില്‍ തകര്‍ത്തടിച്ച റസല്‍ കൊല്‍ക്കത്തയെ 177ല്‍ എത്തിച്ചു.

ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് നാലോവറില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 27 റണ്‍സിന് ഒരു വിക്കറ്റെടുത്തു. നേരത്തെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. കൊല്‍ക്കത്ത ടീമില്‍ പാറ്റ് കമിന്‍സിന് പകരം ഉമേഷ് യാദവ് തിരിച്ചെത്തിയപ്പോള്‍ ഷെല്‍ഡണ്‍ ജാക്സണ് പകരം വിക്കറ്റ് കീപ്പറായി സാം ബില്ലിംഗ്സ് എത്തി.ഹൈദരാബാദ് ടീമില്‍ പേസര്‍ നടരാജനും സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും തിരിച്ചെത്തി. മാര്‍ക്കോ ജാന്‍സനും പേസ് നിരയില്‍ തിരിച്ചെത്തി.

click me!