ബാറ്റിംഗില്‍ 28 പന്തില്‍ പുറത്താകാതെ 49 റണ്‍സും ബൗളിംഗില്‍ മൂന്ന് വിക്കറ്റുമെടുത്ത ആന്ദ്രെ റസലിന്‍റെ ഓള്‍ റൗണ്ട് പ്രകടനമാണ് കൊല്‍ക്കത്തക്ക് ജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്കുശേഷം പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച ഹൈദരാബാദിന്‍റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്.
പൂനെ: ഐപിഎല്ലില്‍(IPL 2022) ബാറ്റുകൊണ്ടും പന്തുകൊണ്ടും ആന്ദ്രെ റസല്‍ നിറഞ്ഞാടിയപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബിദിനെതിരെ (Kolkata Knight Riders vs Sunrisers Hyderabad) 54 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 178 റണ്‍സിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ബാറ്റിംഗില്‍ 28 പന്തില്‍ പുറത്താകാതെ 49 റണ്‍സും ബൗളിംഗില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റുമെടുത്ത ആന്ദ്രെ റസലിന്‍റെ ഓള്‍ റൗണ്ട് പ്രകടനമാണ് കൊല്‍ക്കത്തക്ക് ജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്കുശേഷം പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച ഹൈദരാബാദിന്‍റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 177-6, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 123-8.
ടെസ്റ്റ് കളിച്ച് ഹൈദരാബാദ്
തുടക്കം മുതല്‍ മുട്ടിക്കളിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദിനെ തുടക്കത്തിലെ സമ്മര്‍ദ്ദത്തിലാക്കി. അഭിഷേക് ശര്‍മയും ഏയഡന്‍ മാര്‍ക്രവും ഒഴികെയുള്ളവരെല്ലാം ടെസ്റ്റ് കളിച്ചപ്പോള്‍ ഹൈദരാബാദിന് ഒരിക്കല്‍ പോലും വിജപ്രതീക്ഷ ഉയര്‍ത്താനായില്ല. 17 പന്തില്‍ ഒമ്പത് റണ്‍സെടുത്ത വില്യംസണെ മടക്കി ആന്ദ്ര റസല്‍ തന്നെയാണ് ഹൈദരാബാദിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. രാഹുല്‍ ത്രിപാഠി(12 പന്തില്‍ 9)യെ സൗത്തി മടക്കി. മാര്‍ക്രം(25 പന്തില്‍ 32) പ്രതീക്ഷ നല്‍കിയെങ്കിലും ഉമേഷിന്‍റെ പേസിന് മുന്നില്‍ വീണു. പൊരുതിനോക്കിയ അഭിഷേക് ശര്‍മയെ(28 പന്തില്‍ 43) വരുണ്‍ ചക്രവര്‍ത്തി വീഴ്ത്തി.
നിക്കോളാസ് പുരാന്‍(2), വാഷിംഗ്‌ടണ്‍ സുന്ദര്‍(4), ശശാങ്ക് സിംഗ്(11), എന്നിവരെല്ലാം പൊരുതാതെ മടങ്ങി. കൊല്‍ക്കത്തക്കായി ആന്ദ്രെ റസല്‍ നാലോവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ടിം സൗത്തി നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത അവസാന ഓവറില്‍ ആന്ദ്രെ റസല്‍ നടത്തിയ വെടിക്കെട്ടിന്‍റെ കരുത്തിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തത്. 28 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് അടക്കം 20 റണ്‍സെടുത്താണ് റസല്‍ കൊല്‍ക്കത്തയെ മാന്യമായ ടോട്ടലിലെത്തിച്ചത്. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് മൂന്ന് വിക്കറ്റുമായി തിളങ്ങി.