IPL 2022: അവിശ്വസനീയ തകര്‍ച്ച, കൊല്‍ക്കത്തക്ക് മുമ്പിലും നാണംകെട്ട് മുംബൈ

By Gopalakrishnan C  |  First Published May 9, 2022, 11:23 PM IST

അവസാന ആറ് വിക്കറ്റുകള്‍ 13 റണ്‍സിന് നഷ്ടമായ മുംബൈ 17.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായി. ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമിന്‍സും മൂന്ന് റണ്ണൗട്ടുകളുമാണ് മുംബൈയുടെ വിധിയെഴുതിയത്. 43 പന്തില്‍ 51 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്കോറര്‍.


മുംബൈ: ഐപിഎല്ലില്‍(IPL 2022) തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്കുശേഷം മുംബൈ ഇന്ത്യന്‍സിന് വീണ്ടും വമ്പന്‍ തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുംബൈയെ 52 റണ്‍സിന് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയശേഷം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞാണ് മുംബൈ കനത്ത തോല്‍വി വഴങ്ങിയത്.

അവസാന ആറ് വിക്കറ്റുകള്‍ 13 റണ്‍സിന് നഷ്ടമായ മുംബൈ 17.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായി. ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമിന്‍സും മൂന്ന് റണ്ണൗട്ടുകളുമാണ് മുംബൈയുടെ വിധിയെഴുതിയത്. 43 പന്തില്‍ 51 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്കോറര്‍. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 165-9, മുംബൈ ഇന്ത്യന്‍സ് 17.3 ഓവറില്‍ 113ന് ഓള്‍ ഔട്ട്.

Latest Videos

undefined

തുടക്കം പിഴച്ചു, ഒടുക്കവും

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് തുടക്കം മുതല്‍ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(2) ടിം സൗത്തി മടക്കി. പവര്‍ പ്ലേക്ക് മുമ്പ് വണ്‍ഡൗണായി എത്തിയ തിലക് വര്‍മയും(6) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. രമണ്‍ദീപിനെ(12) കൂട്ടുപിടിച്ച് ഇഷാന്‍ കിഷന്‍ മുംബൈയെ 50 കടത്തി.

തിലക് വര്‍മക്ക് പിന്നാലെ രമണ്‍ദീപിനെയും വീഴ്ത്തിയ റസല്‍ മുംബൈക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. വമ്പനടിക്കാരാനായ ടിം ഡേവിഡിനെ(13) വരുണ്‍ ചക്രവര്‍ത്തി മടക്കിയപ്പോള്‍ ഇഷാന്‍ കിഷന്‍(51), മുരുഗന്‍ അശ്വിന്‍(0), ഡാനിയേല്‍ സാംസ്(1) എന്നിവരെ ഒരോവറില്‍ വീഴ്ത്തി പാറ്റ് കമിന്‍സ് മുംബൈയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. 100-4 എന്ന സ്കോറില്‍ നിന്ന് മുംബൈ 102ന് ഏഴിലേക്ക് കൂപ്പു കുത്തി.

സിക്സടിച്ച് തുടങ്ങിയ പൊള്ളാര്‍ഡ്(15) നല്‍കിയ ക്യാച്ച് ഷെല്‍ഡണ്‍ ജാക്സണ്‍ നിലത്തിട്ടെങ്കിലും രണ്ടാം റണ്ണിനോടിയ പൊള്ളാര്‍ഡിനെ വരുണ്‍ ചക്രവര്‍ത്തിയുടെ ത്രോയില്‍ ശ്രേയസ് അയ്യര്‍ റണ്ണൗട്ടാക്കിയതോടെ മുംബൈയുടെ പോരാട്ടം തീര്‍ന്നു. കുമാര്‍ കാര്‍ത്തികേയയും ജസ്പ്രീത് ബുമ്രയും കൂടി റണ്ണൗട്ടായതോടെ മുംബൈ വീണ്ടും തലകുനിച്ച് മടങ്ങി. കൊല്‍ക്കത്തക്കായി പാറ്റ് കമിന്‍സ് നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആന്ദ്രെ റസല്‍ 2.3 ഓവറില്‍ 22 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിതീഷ് റാണയുടെയും വെങ്കിടേഷ് അയ്യരുടെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അഞ്ചോവറില്‍ 60 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ട കൊല്‍ക്കത്തയെ മധ്യ ഓവറുകളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് 165 റണ്‍സിലൊതുക്കിയത്.

24 പന്തില്‍ 43 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. നിതീഷ് റാണ 26 പന്തില്‍ 43 റണ്‍സെടുത്തു. മുംബൈക്കായി ജസ്പ്രീത് ബുമ്ര നാലോവറില്‍ 10 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുമാര്‍ കാര്‍ത്തികേയ രണ്ട് വിക്കറ്റെടുത്തു.

click me!