തുടരെ നാല് തോൽവിയുമായാണ് ഹൈദരാബാദ് വരുന്നത്. ബൗളിംഗാണ് പ്രതിസന്ധി.
പുനെ: ഐപിഎല്ലിൽ(IPL 2022) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും(Kolkata Knight Riders vs Sunrisers Hyderabad) ഇന്ന് ജീവന്മരണ പോരാട്ടം. രാത്രി ഏഴരയ്ക്ക് പുനെയിലാണ് മത്സരം(KKR vs SRH). പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമിനും ജയം അനിവാര്യമാണ്. 12 കളിയിൽ 10 പോയിന്റുള്ള കൊൽക്കത്തയ്ക്ക് അവസാന രണ്ട് മത്സരങ്ങളും ജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം നിർണായകമാണ്.
തുടരെ നാല് തോൽവിയുമായാണ് ഹൈദരാബാദ് വരുന്നത്. ബൗളിംഗാണ് പ്രതിസന്ധി. ടി നടരാജനും വാഷിംഗ്ടൺ സുന്ദറിനും പരിക്കേറ്റതും ഉമ്രാൻ മാലിക്കിന്‍റെ ഫോം ഔട്ടും കഴിഞ്ഞ മത്സരങ്ങളിൽ ടീമിന് തിരിച്ചടിയായി. അവസാന നാല് കളിയിലും 190ന് മുകളിൽ സ്കോർ വഴങ്ങിയാണ് ഹൈദരാബാദ് തോറ്റത്. എന്നാല്‍ സീസണിലെ ആദ്യപോരിൽ കൊൽക്കത്തയെ വീഴ്ത്തിയ ആത്മവിശ്വാസമുണ്ട് ഹൈദരാബാദിന്. പവർപ്ലേയിൽ കെയ്ൻ വില്യംസണിന്‍റെ മെല്ലെപ്പോക്കാണ് പ്രധാന പ്രതിസന്ധി. 50 പന്തുകൾ നേരിട്ട ബാറ്റർമാരിൽ സീസണിൽ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റാണ് പവർപ്ലേയിൽ വില്യംസണ്. നിക്കോളാസ് പുരാൻ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രാം എന്നിവരുള്ള ഹൈദരാബാദിന്‍റെ മധ്യനിരയും കളി ജയിപ്പിക്കാൻ പോന്നവരാണ്.
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കൊൽക്കത്ത, മുംബൈയെ തകർത്താണ് വരുന്നത്. വെങ്കിടേഷ് അയ്യർ ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാകും. എന്നാൽ പരിക്കേറ്റ പാറ്റ് കമ്മിൻസ് കളിക്കില്ല. ഉമേഷ് യാദവ് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. നേർക്കുനേർ പോരിൽ മുൻതൂക്കം കൊൽക്കത്തയ്ക്കാണ്. 22 മത്സരങ്ങൾ 14 എണ്ണം കൊൽക്കത്തയും 8 എണ്ണം ഹൈദരാബാദും ജയിച്ചു.
IPL 2022 : ജോണി ബെയ്‌ര്‍സ്റ്റോയുടെ സിക്‌സര്‍ മഴ; 14 വര്‍ഷം പഴക്കമുള്ള ഐപിഎല്‍ റെക്കോര്‍ഡിനൊപ്പം