ഐപിഎല്‍ ചരിത്രത്തില്‍ ഏതൊരു വിക്കറ്റിലേയും ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ടാണ് ഡികോക്കും രാഹുലും പടുത്തുയര്‍ത്തിയത്
മുംബൈ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ(Kolkata Knight Riders) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്(Lucknow Super Giants) ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡികോക്കും(Quinton de Kock) കെ എല്‍ രാഹുലും(KL Rahul) ബാറ്റിംഗ് ഷോ പുറത്തെടുത്തപ്പോള്‍ റെക്കോര്‍ഡുകളുടെ പെരുമഴ. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് 20 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 210 റണ്‍സ് പടുത്തുയര്‍ത്തുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഏതൊരു വിക്കറ്റിലേയും ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ടാണ് ഡികോക്കും രാഹുലും പടുത്തുയര്‍ത്തിയത്.
ആര്‍സിബിക്കായി 2016ല്‍ 229 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ച വിരാട് കോലിയുടെയും എ ബി ഡിവില്ലിയേഴ്‌സിന്‍റേയും പേരിലാണ് ഐപിഎല്ലിലെ ഉയര്‍ന്ന കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡ്. രണ്ടാംസ്ഥാനവും ഇരുവര്‍ക്കും തന്നെ. 2015ല്‍ കോലി-എബിഡി സഖ്യം പുറത്താകാതെ നേടിയ 215 റണ്‍സാണ് പട്ടികയില്‍ രണ്ടാമത്. വിക്കറ്റ് നഷ്‌ടമില്ലാതെ 210 റണ്‍സുമായി രാഹുലും-ഡികോക്കും മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഏതൊരു വിക്കറ്റിലേയും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്. 2012ല്‍ രോഹിത് ശര്‍മ്മയും ഗിബ്‌സും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പുറത്താകാതെ നേടിയ 167 റണ്‍സായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്.
തന്‍റെ ഐപിഎല്‍ കരിയറില്‍ രണ്ടാമത്തെ സെഞ്ചുറിയാണ് ക്വിന്‍റണ്‍ ഡികോക്ക് പേരിലാക്കിയത്. 2016ല്‍ ഡല്‍ഹി-ബാംഗ്ലൂര്‍ മത്സരത്തില്‍ ഡികോക്ക് 108 റണ്‍സെടുത്തിരുന്നു. ഡികോക്ക് കെകെആറിനെതിരെ പുറത്താകാതെ നേടിയ 140* റണ്‍സ് ഐപിഎല്ലിലെ ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണ്. ക്രിസ് ഗെയ്‌ല്‍(175*), ബ്രണ്ടന്‍ മക്കല്ലം(158*) എന്നിവരാണ് ഡികോക്കിന് മുന്നിലുള്ളത്. മൂന്ന് സ്‌കോറുകളും നോട്ടൗട്ട് ആണെന്നതും സവിശേഷത.
മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിറങ്ങിയ ലഖ്‌നൗ 20 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 210 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡികോക്ക് 70 പന്തില്‍ 10 വീതം ഫോറും സിക്‌സും സഹിതം 140* ഉം രാഹുല്‍ 51 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 68* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. ഡികോക്ക് 36 പന്തിലും രാഹുല്‍ 41 പന്തിലും ഫിഫ്റ്റി തികച്ചു. അവസാന 5 ഓവറില്‍ 71 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഈ സീസണില്‍ ഒരു താരത്തിന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഡികോക്ക് കുറിച്ചത്.
IPL 2022 : ഡികോക്ക് ആളിക്കത്തി, 70 പന്തില്‍ 140! റണ്‍മല കെട്ടി ലഖ്‌നൗ; വിക്കറ്റ് പോവാതെ 210 റണ്‍സ്