147 മത്സരങ്ങളില്‍ നേട്ടത്തിലെത്തിയ പാക് മുന്‍ പേസര്‍ ഉമര്‍ ഗുല്‍, 149 മത്സരങ്ങള്‍ നേട്ടം സ്വന്തമാക്കിയ ലങ്കയുടെ ലസിത് മലിംഗ എന്നിവരെ റബാഡ മറികടന്നു
മുംബൈ: ഐപിഎല്ലില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ(RCB) മത്സരത്തോടെ ടി20 കരിയറില്‍ നാഴികക്കല്ലിലെത്തി പഞ്ചാബ് കിംഗ്‌സ് (PBKS) പേസര്‍ കാഗിസോ റബാഡ(Kagiso Rabada). ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമായി റബാഡ. അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍(134 മത്സരങ്ങള്‍), പാകിസ്ഥാന്‍റെ സയ്യിദ് അജ്‌മല്‍(139 മത്സരങ്ങള്‍) എന്നിവര്‍ മാത്രമാണ് റബാഡയ്‌ക്ക് മുന്നിലുള്ളത്. 146 മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് തികച്ചാണ് റബാഡ മൂന്നാമതെത്തിയത്. 147 മത്സരങ്ങളില്‍ നേട്ടത്തിലെത്തിയ പാക് മുന്‍ പേസര്‍ ഉമര്‍ ഗുല്‍, 149 മത്സരങ്ങള്‍ നേട്ടം സ്വന്തമാക്കിയ ലങ്കയുടെ ലസിത് മലിംഗ എന്നിവരെ റബാഡ മറികടന്നു.
മത്സരത്തില്‍ ആര്‍സിബിയുടെ മൂന്ന് വിക്കറ്റുകള്‍ കാഗിസോ റബാഡ വീഴ്‌ത്തിയിരുന്നു. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ദക്ഷിണാഫ്രിക്കന്‍ പേസറുടെ മൂന്ന് വിക്കറ്റ് നേട്ടം. ആര്‍സിബിയുടെ വിരാട് കോലി(20), ഷഹ്‌ബാസ് അഹമ്മദ്(9), ഹര്‍ഷല്‍ പട്ടേല്‍(11) എന്നിവരെയാണ് റബാഡ പുറത്താക്കിയത്.
undefined
മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് 54 റണ്‍സിന്‍റെ ഉഗ്രന്‍ ജയം സ്വന്തമാക്കി. ജോണി ബെയ്‌ര്‍സ്റ്റോയ്‌ക്ക് പിന്നാലെ ലയാം ലിവിംഗ്‌സ്റ്റണും ആഞ്ഞടിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിംഗ്‌സ് 20 ഓവറില്‍ 9 വിക്കറ്റിന് 209 റണ്‍സെടുത്തു. ബെയ്‌ര്‍സ്റ്റോ 29 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം 66 റണ്‍സ് നേടി. ലിവിംഗ്‌സ്റ്റണ്‍ 42 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 70 റണ്‍സും. ശിഖര്‍ ധവാന്‍ 21 ഉം നായകന്‍ മായങ്ക് അഗര്‍വാള്‍ 19 ഉം റണ്‍സെടുത്ത് മടങ്ങി. 4 ഓവറില്‍ 34 റണ്‍സിന് നാല് പേരെ മടക്കിയ ഹര്‍ഷല്‍ പട്ടേലും 15 റണ്‍സിന് രണ്ട് വിക്കറ്റുമായി വനിന്ദു ഹസരങ്കയും തിളങ്ങി.
മറുപടി ബാറ്റിംഗില്‍ ആര്‍സിബിയുടെ പോരാട്ടം 155-9 എന്ന നിലയില്‍ 20 ഓവറില്‍ അവസാനിച്ചു. 22 പന്തില്‍ 35 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ടോപ് സ്‌കോറര്‍. നായകന്‍ ഫാഫ് ഡുപ്ലസിസ് 10ഉം വിരാട് കോലി 20 ഉം റണ്‍സെടുത്ത് പുറത്തായി. കാഗിസോ റബാഡ മൂന്നും റിഷി ധവാനും രാഹുല്‍ ചാഹറും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി.
IPL 2022 : ജോണി ബെയ്‌ര്‍സ്റ്റോയുടെ സിക്‌സര്‍ മഴ; 14 വര്‍ഷം പഴക്കമുള്ള ഐപിഎല്‍ റെക്കോര്‍ഡിനൊപ്പം