IPL 2022 : മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്കിടയിലും നേട്ടം കൊയ്ത് ജസ്പ്രിത് ബുമ്ര

By Sajish A  |  First Published May 18, 2022, 9:57 AM IST

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഉമ്രാന്‍ മാലിക്കാണ് മുംബൈയെ തകര്‍ത്തത്. 


മുംബൈ: ഐപിഎല്‍ (IPL 2022) പത്താം സീസണിലെ പത്താം തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) മൂന്ന് റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. 13 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച മുംബൈ മൂന്ന് പോയിന്റുമായി അവസാന സ്ഥാനത്താണ്. പരാജയപ്പെട്ടെങ്കിലും അഭിമാനിക്കാവുന്ന നാഴികക്കല്ല് മുംബൈ പേസര്‍ ജസ്പ്രിത് ബുമ്ര (Jasprit Bumrah) പിന്നിട്ടു.

ടി20 ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മുംബൈ താരം. നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുമ്ര. ഇന്നലെ അവസാന പന്തില്‍ സണ്‍റൈസേഴ്‌സ് താരം വാഷിംഗ്ടണ്‍ സുന്ദറിന്റെ വിക്കറ്റ് നേടിയതോടെയാണ് താരം നാഴികക്കല്ല് പിന്നിട്ടത്. 223 വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാറാണ് രണ്ടാമത്. 274 വിക്കറ്റുകള്‍ നേടിയ അശ്വിനാണ് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ബൗളര്‍. യൂസ്‌വേന്ദ്ര ചാഹല്‍ (271), പിയൂഷ് ചൗള (270), അമിത് മിശ്ര (262) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Latest Videos

undefined

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഉമ്രാന്‍ മാലിക്കാണ് മുംബൈയെ തകര്‍ത്തത്. ജയത്തോടെ ഹൈദരാബാദിന് 13 മത്സരങ്ങളില്‍ 12 പോയിന്റായി. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമുള്ള മുംബൈ അവസാന സ്ഥാനത്ത് തുടരുന്നു. അവസാന മത്സരത്തില്‍ മുംബൈ, ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചാല്‍ മാത്രമെ ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യതുളളൂ.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ (48), ഇഷാന്‍ കിഷന്‍ (43) സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രോഹിത്തിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. അടുത്ത ഓവറില്‍ ഇഷാനെ ഉമ്രാന്‍ മാലിക്കും തിരിച്ചയച്ചു. പിന്നീടെത്തിയ ഡാനിയേല്‍ സാംസ് (15), തിലക് വര്‍മ (8), ട്രിസ്റ്റണ്‍ സ്റ്റുബ്സ് (2), രമണ്‍ദീപ് സിംഗ് (0), സഞ്ജയ് യാദവ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ടിം ഡേവിഡ് (18 പന്തില്‍ 46) പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. രമണ്‍ദീപ് സിംഗ് (14), ജസ്പ്രിത് ബുമ്ര (0)  പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് രാഹുല്‍ ത്രിപാഠിയുടെ (44 പന്തില്‍ 76) ഇന്നിംഗ്സാണ് തുണയായത്. പ്രിയം ഗാര്‍ഗ് (26 പന്തില്‍ 42), നിക്കൊളാസ് പുരാന്‍ (22 പന്തില്‍ 38) മികച്ച പ്രകടനം പുറത്തെടുത്തു. രമണ്‍ദീപ് സിംഗ് മുംബൈക്കായി മൂന്ന് വിക്കറ്റ് നേടി.
 
13 മത്സരങ്ങളില്‍ 20 പോയിന്റുമായി ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് ഇതുവരെ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച ടീം. 16 പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാമതുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും 16 പോയിന്റാണ് ഉള്ളത്. നാലാമതുള്ള ഡല്‍ഹി കാപിറ്റല്‍സിനും അഞ്ചാമതുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും 14 പോയിന്റുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ക്കൊപ്പം 12 പോയിന്റ് പങ്കിടുകയാണ് ഹൈദരാബാദ്. 

പ്ലേഓഫ് സാധ്യത നേരത്തെ അവസാനിച്ച ചെന്നൈ എട്ട് പോയിന്റുമായി ഒന്‍പതാം സ്ഥാനത്തും മുംബൈ 6 പോയിന്റുമായി അവസാന സ്ഥാനത്തുമാണ്.
 

click me!