IPL 2022 : 'തല'യൊഴിയുമോ, സിഎസ്‌കെ കുപ്പായത്തില്‍ എം എസ് ധോണിക്ക് ഇന്ന് അവസാന മത്സരം?

By Web Team  |  First Published May 20, 2022, 10:54 AM IST

രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം സജീവ ക്രിക്കറ്റര്‍ എന്ന നിലയില്‍ ധോണിയുടെ അവസാന മത്സരമോ...


മുംബൈ: ഐപിഎല്ലില്‍(IPL 2022) ഇന്നത്തെ രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Rajasthan Royals vs Chennai Super Kings) മത്സരത്തില്‍ ആരാധകരുടെ കണ്ണുകള്‍ എം എസ് ധോണിയില്‍(MS Dhoni). സിഎസ്‌കെ(CSK) കുപ്പായത്തില്‍ ഒരുപക്ഷേ ധോണിയുടെ അവസാന ഐപിഎൽ മത്സരമാകുമോ ഇതെന്ന് ക്രിക്കറ്റ് വിദഗ്‌ധർ സംശയം പ്രകടിപ്പിക്കുന്നു. സീസൺ തുടങ്ങുന്നതിന് മുൻപ് ക്യാപ്റ്റൻ സ്ഥാനം ധോണി ഒഴിഞ്ഞിരുന്നു. പിന്നീട് ചെന്നൈ തുടർ തോൽവി നേരിട്ടപ്പോഴാണ് ധോണി വീണ്ടും നായകനായത്. ഇനി ഒരു ഐപിഎൽ കൂടി ധോണി കളിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

40 വയസുകാരനായ എം എസ് ധോണിക്ക് ഈ സീസണില്‍ 13 മത്സരങ്ങളില്‍ 34.33 ശരാശരിയിലും 128.75 സ്‌ട്രൈക്ക്‌റേറ്റിലും 206 റണ്‍സാണ് സമ്പാദ്യം. പുറത്താകാതെ നേടിയ 50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

Latest Videos

ഐപിഎല്ലിൽ പ്ലേഓഫ് ഉറപ്പിച്ച രാജസ്ഥാൻ റോയൽസ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ഒന്നാം ക്വാളിഫയർ ഉറപ്പിക്കാൻ ജയിക്കണം രാജസ്ഥാന്. ചെറിയ മാർജിനില്‍ തോറ്റാലും രാജസ്ഥാന് അവസാന നാലിൽ സ്ഥാനമുറപ്പ്. അവസാന മത്സരത്തിൽ ആശ്വാസ ജയത്തിനായി ഇറങ്ങുന്ന ചെന്നൈക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അവസാന രണ്ട് മത്സരങ്ങളും തോറ്റാണ് ചെന്നൈ വരുന്നത്. ബാറ്റിംഗും ബൗളിംഗും പ്രതിസന്ധിയാണ്. 300ന് മുകളിൽ സ്കോർ ചെയ്ത ഒരൊറ്റ ബാറ്റർ മാത്രമേ ടീമിലുള്ളൂ, റുതുരാജ് ഗെയ്‍ഗ്‍വാദ്. ബട്‍ലറിനെതിരെ മൊയീൻ അലിയുടെ റെക്കോർഡ് മികച്ചതായതിനാൽ ബൗളിംഗ് ഓപ്പൺ ചെയ്താലും അത്ഭുതപ്പെടേണ്ട. 

നേർക്കുനേർ പോരിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനാണ് മുൻതൂക്കം. 25 കളിയിൽ 15ൽ ചെന്നൈയും 10ൽ രാജസ്ഥാനും ജയിച്ചു. എന്നാല്‍ ഈ സീസണില്‍ 13 മത്സരങ്ങളില്‍ നാല് ജയവും എട്ട് പോയിന്‍റും മാത്രമായി ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈക്ക് 16 പോയിന്‍റുമായി മൂന്നാമതുള്ള രാജസ്ഥാനെ മറികടക്കുക എളുപ്പമായിരിക്കില്ല. 

IPL 2022 : രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ ചങ്കിടിപ്പ് ലഖ്‌നൗവിന്; ആദ്യ ക്വാളിഫയറിലേക്ക് ആര്? സാധ്യതകള്‍

click me!