എന്നെ ആരെങ്കിലും ടീമിലെടുത്തിരുന്നെങ്കിലും ഒരു മത്സരത്തിലും കളിപ്പിക്കാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ നെറ്റ്സില്‍ പരിശീലനം നടത്തുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്.
മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താ ചേതേശ്വര്‍ പൂജാര(Cheteshwar Pujara) ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ ആരും ടീമിലെടുക്കാതിരുന്ന പൂജാര കൗണ്ടി ക്രിക്കറ്റില്‍ സസെക്സിനായി നടത്തിയ മിന്നും പ്രകടനങ്ങളുടെ കരുത്തിലാണ് ടീമില്‍ തിരിച്ചെത്തിയത്.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെടുത്തിരുന്നെങ്കിലും പൂജാരക്ക് ഒറ്റ മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. കരിയറില്‍ ഇതുവരെ 30 ഐപിഎല്‍ മത്സരങ്ങള്‍ മാത്രമാണ് പൂജാര കളിച്ചിട്ടുള്ളത്. 30 മത്സരങ്ങളില്‍ 20.52 ശരാശരിയില്‍ 99.74 സ്ട്രൈക്ക് റേറ്റില്‍ 390 റണ്‍സ് മാത്രമാണ് പൂജാരയുടെ നേട്ടം.
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ വേണമായിരുന്നുവെന്ന് ഹര്‍ഷ ഭോഗ്ലെ; പിന്തുണച്ച് ക്രിക്കറ്റ് ലോകം
ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തില്‍ തന്നെ എതെങ്കിലും ഫ്രാഞ്ചൈസി ടീമിലെടുത്താലും കളിപ്പിക്കാന്‍ സാധ്യതയില്ലായിരുന്നുവെന്ന് തുറന്നുപറയുകയാണ് പൂജാര. എന്നെ ആരെങ്കിലും ടീമിലെടുത്തിരുന്നെങ്കിലും ഒരു മത്സരത്തിലും കളിപ്പിക്കാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ നെറ്റ്സില്‍ പരിശീലനം നടത്തുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്. അത് തുടരുന്നതിനിടെയാണ് കൗണ്ടിയില്‍ നിന്ന് സസെക്സിന്‍റെ വിളിയെത്തിയത്. കൗണ്ടിയില്‍ കളിച്ച് എന്‍റെ ബാറ്റിംഗിലെ താളം വീണ്ടെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ഇംഗ്ലണ്ടിലെത്തിയത്-പൂജാര ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ടീമില്‍ നിന്ന് പുറത്തായപ്പോഴും പൊസറ്റീവായാണ് ഞാന്‍ ചിന്തിച്ചിരുന്നത്. കൗണ്ടിയിലെ മികച്ച പ്രകടനം എന്നെ ടീമില്‍ തിരിച്ചെത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് ലക്ഷ്യമിട്ടായിരുന്നില്ല കൗണ്ടിയില്‍ കളിച്ചത്. എന്‍റെ താളം തിരിച്ചുപിടിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. വലിയൊരു ഇന്നിംഗ്സ് കളിച്ചാല്‍ അതിന് കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
എന്‍റെ പഴയ ഫോം തിരിച്ചുപിടിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഞാന്‍ 80, 90 റണ്‍സൊക്കെ പല മത്സരങ്ങളിലും അടിക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരു സെഞ്ചുറിയോ 150ന് മുകളിലുള്ള സ്കോറോ നേടാനായിരുന്നില്ല. പഴയ ഏകാഗ്രത തിരിച്ചുപിടിക്കാന്‍ അത്തരമൊരു വലിയ ഇന്നിംഗ്സ് എനിക്ക് ആവശ്യമായിരുന്നു. ഇംഗ്ലണ്ടില്‍ എനിക്കതിന് കഴിഞ്ഞു, ഒപ്പം ബാറ്റിംഗില്‍ താളം വീണ്ടെടുക്കാനും-പൂജാര പറഞ്ഞു.
സഞ്ജു സാംസണെ തഴഞ്ഞതില്‍ പ്രതിഷേധം അണയുന്നില്ല; ആഞ്ഞടിച്ച് ആരാധകര്‍
ഓസ്ട്രേലിയന്‍ പര്യടനത്തിലെ വീരോചിത പ്രകടനത്തിന് പിന്നാലെയാണ് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പൂജാരയെ 50 ലക്ഷം രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെടുത്തത്. എന്നാല്‍ ചെന്നൈ ചാമ്പ്യന്‍മാരായ ടൂര്‍ണമെന്‍റില്‍ മഞ്ഞ ജേഴ്സിയില്‍ ഗ്രൗണ്ടിലിറങ്ങാന്‍ പൂജാരക്ക് ഒരുതവണ പോലും അവസരമുണ്ടായില്ല.