ടീം ഇന്ത്യക്ക് വേണ്ടി കളിക്കാൻ കാത്തിരിക്കുകയാണെന്ന് ഐപിഎല്ലിലെ പേസ് സെൻസേഷൻ ഉമ്രാൻ മാലിക്
മുംബൈ: ഐപിഎല്ലില്‍(IPL 2022) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി(Sunrisers Hyderabad) തിളങ്ങുന്ന അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനെ(Umran Malik) ഇന്ത്യന്‍ ടീമിലെടുക്കണമെന്ന ആവശ്യം ശക്തമാണ്. 150 കിലോമീറ്റര്‍ വേഗത്തില്‍ സ്ഥിരതയോടെ പന്തെറിയുന്ന ഉമ്രാന് ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ തിളങ്ങാനാകും എന്ന് വിലയിരുത്തുന്നവരുണ്ട്. അതേസമയം വേഗത്തിലല്ല, കൃത്യതയിലാണ് മാലിക് ശ്രദ്ധിക്കേണ്ടത് എന്ന വാദവും നിലനില്‍ക്കുന്നു. വാദമുഖങ്ങള്‍ മുറുകുന്നതോടെ തന്‍റെ ഇന്ത്യന്‍ സ്വപ്‌നത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് യുവ പേസര്‍.
'കാത്തിരിക്കുന്നു'
ടീം ഇന്ത്യക്ക് വേണ്ടി കളിക്കാൻ കാത്തിരിക്കുകയാണെന്ന് ഐപിഎല്ലിലെ പേസ് സെൻസേഷൻ ഉമ്രാൻ മാലിക് പറഞ്ഞു. സെലക്‌ടർമാരാണ് തീരുമാനമെടുക്കേണ്ടത്. അവസരം കിട്ടിയാൽ മികച്ച പ്രകടനം നടത്തുമെന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വ്യക്തമാക്കി. 157 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ജമ്മു കശ്മീർ താരത്തിന്‍റെ പേരിലാണ് ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ പന്ത്. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളിലും റണ്‍സേറെ വഴങ്ങിയപ്പോള്‍ വിക്കറ്റൊന്നും നേടിയില്ല. 4-0-48-0, 4-0-52-0, 2-0-25-0 എന്നിങ്ങനെയാണ് അവസാന മൂന്ന് മത്സരങ്ങളില്‍ ഉമ്രാന്‍ വഴങ്ങിയ റണ്‍ കണക്ക്.
നേരത്തെ, 22കാരനായ ഉമ്രാൻ മാലിക്കിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഡാനിയേൽ വെട്ടോറിയും ഇയാൻ ബിഷപ്പുമടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേഗത്തിനൊപ്പം ഉമ്രാന്‍ കൃത്യതയില്‍ ശ്രദ്ധിക്കണമെന്ന വാദവും ശക്തം. ടി20 ക്രിക്കറ്റില്‍ പേസ് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്നും ശരിയായ ലൈനിലും ലെങ്‌തിലും പന്തെറിയുകയാണ് വേണ്ടതെന്നാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ പക്ഷം.
ഉപദേശിച്ച് ശാസ്‌ത്രി
'ആരെങ്കിലും ഉമ്രാന്‍റെ മുഖത്തുനോക്കി അത് പറയണം. 156 കിലോമീറ്റര്‍ വേഗത്തിലെറിയുന്നത് ആവേശം നല്‍കുന്ന കാര്യമാണ്. അതിന് അസാമാന്യ കഴിവുവേണം. നിനക്ക് മികച്ച ഭാവിയുണ്ട്. വൈകാതെ ഇന്ത്യക്കായി കളിക്കുകയും ചെയ്യും. പക്ഷെ ശരിയായ ലൈനിലും ലെങ്‌തിലും പന്തെറിഞ്ഞില്ലെങ്കില്‍ 156 കിലോമീറ്റര്‍ വേഗത്തിലെറിയുന്ന പന്തിനെ ബാറ്റര്‍ 256 കിലോമീറ്റര്‍ വേഗത്തില്‍ അടിച്ചുപറത്തും. അതാണിപ്പോള്‍ ശരിക്കും സംഭവിക്കുന്നത്' എന്നായിരുന്നു ഹൈദരാബാദ്-ബാംഗ്ലൂര്‍ മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ പരിപാടിയില്‍ ശാസ്ത്രിയുടെ വാക്കുകള്‍.
ഹര്‍ഭജന്‍ മുമ്പ് പറഞ്ഞത്...
'ഉമ്രാന്‍ മാലിക് എന്‍റെ ഫേവറൈറ്റ് താരമാണ്. അദേഹത്തെ ഇന്ത്യന്‍ ടീമില്‍ കാണാനാഗ്രഹിക്കുന്നു. എന്തൊരു ബൗളറാണ് ഉമ്രാന്‍. 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുകയും എന്നാല്‍ ഇന്ത്യന്‍ ടീമിലിടമില്ലാത്തതുമായ ബൗളറാണ് അദേഹം. ഉമ്രാനെ പോലൊരു ബൗളര്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. ഐപിഎല്ലിലെ ഉമ്രാന്‍റെ പ്രകടനം ഏറെ യുവതാരങ്ങള്‍ക്ക് പ്രചോദനമാകും. ഉമ്രാനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ, ഞാന്‍ സെലക്‌ഷന്‍ കമ്മിറ്റിയിലുണ്ടെങ്കില്‍ എന്തായാലും ഉമ്രാന്‍റെ പേര് നിര്‍ദേശിക്കും- ഭാജി പറഞ്ഞു.