14 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച മിന്നല്‍ ബാറ്റിംഗിനെ കുറിച്ച് അവിശ്വസനീയതയോടെയാണ് കമ്മിന്‍സ് മത്സരം കഴിഞ്ഞ് പ്രതികരിച്ചത്
പുനെ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ മുന്‍പന്തിയില്‍ സ്ഥാനമുള്ളയാളാണ് ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് (Pat Cummins). ടെസ്റ്റ് ക്രിക്കറ്റിലെ നമ്പര്‍ 1 ബൗളര്‍ ഐപിഎല്‍ പതിനഞ്ചാം സീസണിലെ (IPL 2022) കന്നി മത്സരത്തിന് എത്തിയപ്പോള്‍ കാര്യമായി തല്ലുവാങ്ങി. എന്നാല്‍ കിട്ടിയതിനെല്ലാം ബാറ്റുകൊണ്ട് പലിശ സഹിതം തിരിച്ചുകൊടുക്കുന്ന കമ്മിന്‍സിനെയാണ് പിന്നീട് കണ്ടത്. ക്രിക്കറ്റ് ലോകം തെല്ലത്ഭുതത്തോടെയാണ് കമ്മിന്‍സിന്‍റെ ഈ വെടിക്കെട്ട് ശ്വാസമടക്കിപ്പിടിച്ച് വീക്ഷിച്ചത്. 14 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച മിന്നല്‍ ബാറ്റിംഗിനെ കുറിച്ച് അവിശ്വസനീയതയോടെയാണ് കമ്മിന്‍സ് മത്സരം കഴിഞ്ഞ് പ്രതികരിച്ചതും.
'ആ ഇന്നിംഗ്‌സുകൊണ്ട് ഏറ്റവും കൂടുതല്‍ അത്ഭുതപ്പെട്ടയാള്‍ ഞാനായിരിക്കും. മികച്ച പ്രകടനം പുറത്തെടുക്കാനായതില്‍ സന്തോഷമുണ്ട്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ഇത്തരമൊരു പ്രകടനം കാഴ്‌ചവെക്കാനായി. ഷോര്‍ട് ബൗണ്ടറിയുടെ ആനുകൂല്യം മുതലെടുക്കാനായിരുന്നു ശ്രമം. മെഗാതാരലേലം നടന്നതിനാല്‍ കഴിഞ്ഞ സീസണില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. മികച്ച ടീമിനെയാണ് കൊല്‍ക്കത്തയ്‌ക്ക് കിട്ടിയിരിക്കുന്നത്' എന്നും കമ്മിന്‍സ് മത്സരശേഷം പറഞ്ഞു.
undefined
പാറ്റ് കമ്മിൻസിൽ നിന്ന് ഇത്തരമൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ പ്രതികരിച്ചു. മത്സരതലേന്ന് നെറ്റ്സിൽ പരിശീലനത്തിനിടെ മിക്ക പന്തുകളും കമ്മിൻസ് ക്ലീൻബൗൾഡായെന്നും ശ്രേയസ് പറഞ്ഞു.
ഏഴാമനായി ക്രീസിലെത്തിയ കമ്മിന്‍സ് 14 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച് കൊല്‍ക്കത്തയ്‌ക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. 15-ാം ഓവറില്‍ സാക്ഷാല്‍ ജസ്‌പ്രീത് ബുമ്രയെ ഫോറിനും സിക്‌സറിനും പറത്തിയാണ് പാറ്റ് കമ്മിന്‍സ് വരവറിയിച്ചത്. ഈ ഓവറില്‍ വെങ്കടേഷ് അയ്യരും കമ്മിന്‍സും കൂടി 12 റണ്‍സ് നേടി. 16-ാം ഓവറില്‍ ഓസീസ് സഹതാരം ഡാനിയേല്‍ സാംസിനെതിരെ സംഹാരരൂപം പൂണ്ടു കമ്മിന്‍സ്. നാല് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പടെ 35 റണ്‍സ് ഈ ഓവറില്‍ കമ്മിന്‍സ് അടിച്ചുകൂട്ടി. സാംസിന്‍റെ അവസാന പന്ത് ഗാലറിയിലെത്തിച്ച് കൊല്‍ക്കത്തയ്‌ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം കമ്മിന്‍സ് സമ്മാനിക്കുകയായിരുന്നു.
കളിയവസാനിക്കുമ്പോള്‍ കമ്മിന്‍സ് 15 പന്തില്‍ ആറ് സിക്‌സറും നാല് ഫോറും സഹിതം പുറത്താകാതെ 56 റണ്‍സുമായി അജയ്യനായി ക്രീസില്‍ നിന്നു. 41 പന്തിൽ പുറത്താകാതെ 50 റൺസുമായി വെങ്കടേഷ് അയ്യരും ടീമിന്‍റെ ജയത്തിൽ നിർണായകമായി. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 161 റണ്‍സെടുത്തപ്പോള്‍ കമ്മിന്‍സ് 4 ഓവറില്‍ 49 റണ്‍സ് വഴങ്ങിയിരുന്നു. പാറ്റിനെ പറത്തി കീറോണ്‍ പൊള്ളാര്‍ഡ് 5 പന്തില്‍ 22 റണ്‍സ് നേടി. എന്നാല്‍ പിന്നീട് കമ്മിന്‍സ് മത്സരം തന്‍റെ പേരില്‍ കുറിക്കുന്നതാണ് കണ്ടത്. അർധ സെഞ്ചുറിക്ക് പുറമെ മുംബൈയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് കളിയിലെ താരം.
IPL 2022 : അച്ചടക്കലംഘനം; നിതീഷ് റാണയ്‌ക്കും ജസ്‌പ്രീത് ബുമ്രക്കും മുട്ടന്‍ പണികിട്ടി