മൂന്നാം തവണയാണ് ഐപിഎല്‍ ഫൈനലില്‍ ഒരു നായകന്‍ മാന്‍ ഓഫ് ദ് മാച്ചാകുന്നത്. അനില്‍ കുംബ്ലെ (2009), രോഹിത് ശര്‍മ (2015) എന്നിവരാണ് മറ്റു നായകര്‍. ഭാവിയില്‍ ടി20 നായകസ്ഥാനത്തേക്ക് തന്നെ കൂടി പരിഗണിക്കാമെന്ന സന്ദേശം കൂടിയാണ് ഹാര്‍ദിക് നല്‍കിയത്.
അഹമ്മദാബാദ്: ബൗളിംഗ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പണ്ഡ്യയുടെ (Hardik Pandya) തിരിച്ചുവരവാണ്, ഈ വര്‍ഷത്തെ ഐപിഎല്ലില്‍ (IPL 2022) നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ നേട്ടം. ഫൈനലിലെ പ്ലയര്‍ ഓഫ് ദ മാച്ചും ഹാര്‍ദിക്കായിരുന്നു. മൂന്നാം തവണയാണ് ഐപിഎല്‍ ഫൈനലില്‍ ഒരു നായകന്‍ മാന്‍ ഓഫ് ദ് മാച്ചാകുന്നത്. അനില്‍ കുംബ്ലെ (2009), രോഹിത് ശര്‍മ (2015) എന്നിവരാണ് മറ്റു നായകര്‍. ഭാവിയില്‍ ടി20 നായകസ്ഥാനത്തേക്ക് തന്നെ കൂടി പരിഗണിക്കാമെന്ന സന്ദേശം കൂടിയാണ് ഹാര്‍ദിക് നല്‍കിയത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ വികൃതിപ്പയ്യനായിരുന്നു എന്നും ഹാര്‍ദിക് പണ്ഡ്യ. ടിവി ഷോയിലെ വിവാദ പരാമര്‍ശങ്ങളും കളിക്കളത്തിലെ വൈകാരിക പ്രകടനങ്ങളും അമിതാഭിനയവും ഒക്കെയായതോടെ വിമര്‍ശകരുടെ എണ്ണം കൂടി. 15 കോടി പ്രതിഫലം കിട്ടില്ലെന്ന് ഉറപ്പായതോടെ മുംബൈ ഇന്ത്യന്‍സില്‍ (Mumbai Indians) നിന്ന് പടിയിറങ്ങാന്‍ തീരുമാനിച്ച ഹാര്‍ദിക്കിന് ലോട്ടറി അടിച്ചതുപോലെയായിരുന്നു ഐപിഎല്ലിലേക്ക് ഗുജറാത്ത് ടീമിന്റെ വരവ്.
നാട്ടുകാരനായ നായകനെ നിയമിക്കാന്‍ ടീമുടമകള്‍ തീരുമാനിച്ചതോടെ ഹാര്‍ദിക്കിന്റെ വഴിതെളിഞ്ഞു. നായകനുവേണ്ട പക്വത ഇല്ലെന്ന് പറഞ്ഞ് എഴുതിത്തള്ളാന്‍ കാത്തിരുന്നവരെ നിശബ്ദരാക്കി ഓരോ കളി കഴിയും തോറും ഹാര്‍ദിക് മെച്ചപ്പെട്ടു. പരിക്കേല്‍ക്കുമെന്ന പേടി കൂടാതെ പന്തെടുക്കാന്‍ തയ്യാറായി. ബാറ്റിംഗില്‍ വന്പന്‍ പേരുകാര്‍ ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കാന്‍ നാലാം നമ്പറില്‍ ക്രിസീലെത്തി.
15 കളിയില്‍ 487 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തെത്തിയ ഹാര്‍ദിക്, ഫൈനലിലെ മൂന്ന് അടക്കം എട്ട് വിക്കറ്റും വീഴ്ത്തി ഹാര്‍ദിക്കിന്റെ അപ്രതീക്ഷിത മികവ് ടി20 നായകസ്ഥാനത്തേക്ക് ഇന്ത്യക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന കെ എല്‍ രാഹുലും റിഷഭ് പന്തിനും നായകപദവിയില്‍ മെച്ചപ്പെടാന്‍ ഏറെയുണ്ട്.
ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടറായും, ഗുജറാത്തിന്റെ നായകനായും തിളങ്ങുകയും പരിക്കുകള്‍ ഒഴിവാക്കുകയും ചെയ്താല്‍ നിയന്ത്രിത ഓവര്‍ ഫോര്‍മാറ്റിലെ നായകസ്ഥാനത്ത് ഹാര്ദിക്കിന് അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായേക്കും.