ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ 9 മത്സരങ്ങളില്‍ 11 വിക്കറ്റുകള്‍ ഇരുപത്തിനാലുകാരനായ യാഷ് ദയാല്‍ വീഴ്‌ത്തിയിരുന്നു
മുംബൈ: ഐപിഎല്ലില്‍(IPL 2022) ടീമിന്‍റെ പ്രഥമ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ്(Gujarat Titans) കിരീടമുയര്‍ത്തിയപ്പോള്‍ കൂടുതല്‍ പ്രശംസയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കായിരുന്നു(Hardik Pandya). ഹാര്‍ദിക്കിനൊപ്പം മുഖ്യ പരിശീലകന്‍ ആശിഷ് നെഹ്‌റയുടെ(Ashish Nehra) സംഭാവനകള്‍ കൂടിയാണ് ടൈറ്റന്‍സിനെ കപ്പിലേക്കെത്തിച്ചത്. മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ ഊര്‍ജസ്വലനായി കാണപ്പെട്ട നെഹ്‌റ തന്നെയായിരുന്നു പരിശീലന സമയത്തും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടൈറ്റന്‍സിന്‍റെ യുവപേസര്‍ യാഷ് ദയാല്‍(Yash Dayal).
'ആശിഷ് നെഹ്‌റ എനിക്ക് അനുഗ്രഹമാണ്. എന്‍റെ അച്ഛനെ പോലെയാണ്. അദേഹത്തിന്‍റെ വാക്കുകള്‍ എന്നില്‍ ഏറെ മാറ്റങ്ങളുണ്ടാക്കി. യുവതാരമായിരുന്ന കാലത്തെ തന്നെപ്പോലെയാണ് നെഹ്‌റയ്‌ക്ക് എന്നെ തോന്നിയിരുന്നത്. എന്നില്‍ അദേഹം മാനസിക സമ്മര്‍ദം തന്നിരുന്നില്ല. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിച്ചാല്‍ മതിയെന്നാണ് എന്നോട് പറഞ്ഞിരുന്നത്. ഇതിനേക്കാള്‍ വലിയ വേദി കിട്ടാനില്ല. അതിനാല്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനാണ് നെഹ്‌റ ഉപദേശിച്ചത്.
പന്ത് കയ്യിലെടുത്താല്‍ പിന്നോട്ട് നോക്കേണ്ട കാര്യമില്ല. ടീം പ്രാക്‌ടീസിന് പുറമെ സമയം കണ്ടെത്തി എനിക്കൊപ്പം നെറ്റ്‌സില്‍ വരുമായിരുന്നു. പ്രത്യേകിച്ച് ഒരു താരത്തിനായി ഇത്രത്തോളം സമയം ഒരു പരിശീലകന്‍ ചിലവിടുന്നത് ഞാന്‍ മറ്റൊരു ഫ്രാഞ്ചൈസിയില്‍ നിന്നു കേട്ടിട്ടില്ല' എന്നും യാഷ് ദയാല്‍ ഇന്ത്യാ ന്യൂസിനോട് പറഞ്ഞു. ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ 9 മത്സരങ്ങളില്‍ 11 വിക്കറ്റുകള്‍ ഇരുപത്തിനാലുകാരനായ യാഷ് ദയാല്‍ വീഴ്‌ത്തിയിരുന്നു.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഹാര്‍ദിക്കിന്‍റെ ഓള്‍റൗണ്ട് മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്‍റെ കന്നി സീസണില്‍ തന്നെ കിരീടം ചൂടിയിരുന്നു. ടൂര്‍ണമെന്‍റില്‍ 44.27 ശരാശരിയിലും 131.26 സ്‌ട്രൈക്ക് റേറ്റിലും 487 റണ്‍സ് ഹാര്‍ദിക് പേരിലാക്കി. 7.27 ഇക്കോണമിയില്‍ എട്ട് വിക്കറ്റും നേടി. കലാശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 17ന് മൂന്ന് വിക്കറ്റും 30 പന്തില്‍ 34 റണ്‍സുമെടുത്തു. ഫൈനലിലെ താരവും ടൂര്‍ണമെന്‍റില്‍ ഗുജറാത്തിന്‍റെ ടോപ് സ്‌കോററും ഹാര്‍ദിക്കായിരുന്നു.
ആരും വിശ്വസിക്കാതിരുന്ന എന്നെ പിടിച്ച് ഓപ്പണറാക്കി, ഹാര്‍ദിക് പാണ്ഡ്യക്ക് നന്ദി: വൃദ്ധിമാന്‍ സാഹ