മറുപടി ബാറ്റിംഗില്‍ ചീട്ടുകൊട്ടാരം പോലെ ലഖ്‌നൗ തകര്‍ന്നടിഞ്ഞു. 45 റണ്‍സിനിടെ 7.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടമായി.
പുനെ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans). ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ (Lucknow Super Giants) 62 റണ്‍സിന് തോല്‍പിച്ചാണ് ഹര്‍ദിക് പാണ്ഡ്യയുടേയും (Hardik Pandya) സംഘത്തിന്‍റെയും കുതിപ്പ്. ഗുജറാത്തിന്‍റെ 144 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ 13.5 ഓവറില്‍ 82 റണ്‍സില്‍ ഓള്‍റൗട്ടായി. റാഷിദ് ഖാന്‍ (Rashid Khan) നാലും സായ് കിഷോറും (Ravisrinivasan Sai Kishore) യഷ് ദയാലും (Yash Dayal) രണ്ട് വീതവും വിക്കറ്റ് നേടി. 12 വീതം മത്സരങ്ങളില്‍ ഗുജറാത്ത് 18 ഉം ലഖ്‌നൗ 16 ഉം പോയിന്‍റ് വീതമായി ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
റാഷിദ് ഖാന്‍ ഷോ
മറുപടി ബാറ്റിംഗില്‍ ചീട്ടുകൊട്ടാരം പോലെ ലഖ്‌നൗ തകര്‍ന്നടിഞ്ഞു. 45 റണ്‍സിനിടെ 7.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടമായി. ക്വിന്‍റണ്‍ ഡികോക്കിനെയും (10 പന്തില്‍ 11), കരണ്‍ ശര്‍മ്മയെയും (4 പന്തില്‍ 4) അരങ്ങേറ്റക്കാരന്‍ യാഷ് ദയാലും കെ എല്‍ രാഹുലിനെ(16 പന്തില്‍ 8) മുഹമ്മദ് ഷമിയും ക്രുണാല്‍ പാണ്ഡ്യയെ (5 പന്തില്‍ 5) റാഷിദ് ഖാനും പുറത്താക്കി. വിക്കറ്റിന് പിന്നില്‍ വൃദ്ധിമാന്‍ സാഹയുടെ പ്രകടനം നിര്‍ണായകമായി.
അവിടംകൊണ്ട് വിക്കറ്റ് വീഴ്‌ചയ്‌ക്ക് അവസാനമായില്ല. സ്‌കോര്‍ ബോര്‍ഡില്‍ 67 റണ്‍സാകുമ്പോഴേക്കും മൂന്ന് വിക്കറ്റ് കൂടി വീണു. ടീം സ്‌കോര്‍ 61ല്‍ നില്‍ക്കേ ആയുഷ് ബദോനിയാണ്(11 പന്തില്‍ 8) ആദ്യം വീണത്. സായ് കിഷോറിനായിരുന്നു വിക്കറ്റ്. മാര്‍ക്കസ് സ്റ്റോയിനിസ്(2 പന്തില്‍ 2) റണ്ണൗട്ടായപ്പോള്‍ ജേസന്‍ ഹോള്‍ഡര്‍(2 പന്തില്‍ 1) റാഷിദ് ഖാന് മുന്നില്‍ കുടുങ്ങി. മൊഹ്‌സിന്‍ ഖാന്‍ ഒന്നിനും ദീപക് ഹൂഡ 26 പന്തില്‍ 27നും മടങ്ങി. ആവേഷ് ഖാനും (4 പന്തില്‍ 12) റാഷിദ് ഖാന് കീഴടങ്ങിയതോടെ ലഖ്‌നൗ ഇന്നിംഗ്‌സ് അവസാനിച്ചു.
ആശ്വസിക്കാനൊരു ഗില്ലാട്ടം
നേരത്തെ ടോസ് നേടി ബാറ്റിംഗിനിങ്ങിയ ഗുജറാത്ത് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ശുഭ്‍മാന്‍ ഗില്ലിന്‍റെ അര്‍ധ സെഞ്ചുറിയില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 144 റണ്‍സിലെത്തുകയായിരുന്നു. ഗില്‍ 49 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്തു. ആവേഷ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ടോസ് അനുകൂലമായിട്ടും തുടക്കത്തിലെ തകരുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. വൃദ്ധിമാന്‍ സാഹയെ മൂന്നാം ഓവറിലെ നാലാം പന്തില്‍ മൊഹ്‌സിന്‍ ഖാന്‍ പുറത്താക്കിയതില്‍ തുടങ്ങി പതര്‍ച്ച. 11 പന്തില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു സാഹയ്‌ക്കുണ്ടായിരുന്നു. പിന്നിലെ മാത്യൂ വെയ്‌ഡ്(7 പന്തില്‍ 10), നായകന്‍ ഹര്‍ദിക് പാണ്ഡ്യ(13 പന്തില്‍ 11) എന്നിവരെ മടക്കി ആവേഷ് ഖാന്‍ ഇരട്ട പ്രഹരം നല്‍കിയതോടെ ഗുജറാത്ത് 9.1 ഓവറില്‍ 51-3.
ഡേവിഡ് മില്ലര്‍ വെടിക്കെട്ടിന്‍റെ സൂചന കാണിച്ചുതുടങ്ങിയെങ്കിലും 24 പന്തില്‍ 26 റണ്‍സെടുത്ത് 16-ാം ഓവറില്‍ ഹോള്‍ഡറിന് കീഴടങ്ങി. ഇതേ ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ഒരറ്റത്ത് കാലുറപ്പിച്ച ശുഭ്‌മാന്‍ ഗില്‍ പിന്നാലെ 42 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ആവേഷ് ഖാനും ജേസന്‍ ഹോള്‍ഡറും എറിഞ്ഞ അവസാന രണ്ട് ഓവറില്‍ ഗുജറാത്ത് പാടുപെട്ടതോടെ സ്കോര്‍ 144ല്‍ ഒതുങ്ങുകയായിരുന്നു. 49 പന്തില്‍ 63* റണ്‍സെടുത്ത ഗില്ലിനൊപ്പം രാഹുല്‍ തെവാട്ടിയ (16 പന്തില്‍ 22*) പുറത്താകാതെ നിന്നു.