IPL 2022 : തുടക്കത്തില്‍ എഴുതിത്തള്ളി, പരിഹസിച്ചു; കിരീടനേട്ടത്തിലൂടെ വിമര്‍ശനകരുടെ മുഖത്തടിച്ച് ഗുജറാത്ത്

By Web Team  |  First Published May 30, 2022, 10:53 AM IST

താരലേലത്തിലെ അബദ്ധങ്ങള്‍ കാരണം സന്തുലിതമായ ടീമിനെ ടൈറ്റന്‍സിന് അണിനിരത്താനായതേയില്ല. രാഹുല്‍ തെവാട്ടിയക്കായി (Rahul Tewatia) 9 കോടി മുടക്കിയത് ട്രോളന്മാര്‍ ആഘോഷിച്ചു.


അഹമ്മദാബാദ്: താരലേലത്തിന് ശേഷം പലരും എഴുതിത്തള്ളിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans). എന്നാല്‍ ഓള്‍റൗണ്ട് മികവുമായി ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ഗുജറാത്ത് പൂര്‍ത്തിയാക്കിയത്. ഐപിഎല്‍ കിരീടത്തിലേക്കുള്ള വഴി തുറക്കുന്നത് താരലേലത്തിലൂടെയെന്ന വിശ്വാസം പൊളിക്കുകയാണ് പതിനഞ്ചാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീടധാരണം. 

താരലേലത്തിലെ അബദ്ധങ്ങള്‍ കാരണം സന്തുലിതമായ ടീമിനെ ടൈറ്റന്‍സിന് അണിനിരത്താനായതേയില്ല. രാഹുല്‍ തെവാട്ടിയക്കായി (Rahul Tewatia) 9 കോടി മുടക്കിയത് ട്രോളന്മാര്‍ ആഘോഷിച്ചു. ബാറ്റിംഗില്‍ പ്രതീക്ഷ വച്ച ജേസണ്‍ റോയ് (Jason Roy) സീസണ്‍ തുടങ്ങും മുന്‍പേ പിന്മാറിയത് അടുത്ത ആഘാതം. എന്നാല്‍ കളി തുടങ്ങിയതോടെ ഗുജറാത്ത് ശരിക്കും ടൈറ്റന്‍സായി. രാഹുല്‍ തെവാട്ടിയയെ പൊലൊരാള്‍ ആറാം നമ്പറില്‍ ക്രിസീലെത്തുന്ന ടീം കൂറ്റന്‍ സ്‌കോറുകള്‍ ആത്മവിശ്വാസത്തോടെ പിന്തുടര്‍ന്നത് എതിരാളികളെ ഞെട്ടിച്ചു. 

Latest Videos

undefined

മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ബൗളിംഗ് യൂണിറ്റ് ക്ലിക്കായതോടെ പവര്‍പ്ലേയില്‍ ഗുജറാത്തിനെതിരെ റണ്ണൊഴുക്കിന് അവസരമുണ്ടായില്ല.
റാഷിദ് ഖാന്റെ നാല് ഓവറുകളില്‍ ആക്രമിക്കണോ വിക്കറ്റ് സംരക്ഷിക്കണോ എന്ന ആശയക്കുഴപ്പം ബാറ്റര്‍മാരെ വട്ടം കറക്കി. ആശിഷ് നെഹ്‌റയെപോലെ രസികനായ പരിശീലകന്റെ സാന്നിധ്യം ഡ്രെസ്സിംഗ് റൂമില്‍ താരങ്ങള്‍ക്ക് ആശ്വാസമായി. 

പ്രതാപകാലം പിന്നിട്ടെന്ന് പലരും പരിഹസിച്ച ഡേവിഡ് മില്ലറിന് വന്ന മാറ്റം ഏറ്റവും മികച്ച ഉദാഹരണം ഒറ്റസീസണ്‍ വണ്ടര്‍ ആകാതിരിക്കുക
എന്ന വെല്ലുവിളിയാണ് അടുത്ത വര്‍ഷം ടൈറ്റന്‍സിനെ കാത്തിരിക്കുന്നത്. മുംബൈയും ചെന്നൈയും പോലെ മുറിവേറ്റ വമ്പന്മാര്‍ പകരം വീട്ടാന്‍
കാത്തരിക്കുന്‌പോള്‍ ടൈറ്റന്‍സും സജ്ജരായി ഇറങ്ങുമെന്ന് കരുതാം.

ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സിക്‌സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്റെ വിജയറണ്‍ നേടിയത്.

ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 130-9, ഗുജറാത്ത് ടൈറ്റന്‍സ് 18.1 ഓവറില്‍ 133-3. ഐപിഎല്ലില്‍ കിരീടം നേടുന്ന നാലാമത്തെ ഇന്ത്യന്‍ നായകനാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. എം എസ് ധോണി, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍ എന്നിവരാണ് പാണ്ഡ്യക്ക് മുമ്പ് ഐപിഎല്‍ കിരീടം നേടിയ ഇന്ത്യന്‍ നായകന്‍മാര്‍.
 

click me!