അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍
അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) കലാശപ്പോരിന്(GT vs RR Final) മുമ്പ് ടീമുകള്‍ക്ക് ആശ്വാസ വാര്‍ത്ത. നരേന്ദ്ര മോദി സ്റ്റേഡിയം(Narendra Modi Stadium) സ്ഥിതി ചെയ്യുന്ന അഹമ്മദാബാദില്‍ ഇന്ന് മഴയ്‌ക്ക് സാധ്യതയില്ല. തെളിഞ്ഞ ആകാശമായിരിക്കും നഗരത്തില്‍ ഇന്ന്. 30-35 ഡിഗ്രിക്ക് ഇടയിലായിരിക്കും താപനില. അതോടൊപ്പം മഞ്ഞുവീഴ്‌ചയുടെ പ്രശ്‌നവും മത്സരത്തെ ബാധിക്കില്ല എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ തുടങ്ങുക. സഞ്ജു സാംസണിലൂടെ ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി നായകന്‍ കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനല്‍ കളിക്കുന്നത്. ടീമിന്‍റെ ആദ്യ റോയല്‍ നായകനായ ഷെയ്‌ന്‍ വോണിന് കിരീടം സമ്മാനിക്കുകയാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ലക്ഷ്യം.
undefined
ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമായിരുന്നു ജയം. ആദ്യ നേര്‍ക്കുനേര്‍ പോരില്‍ ഗുജറാത്ത് 37 റൺസിന് ജയിക്കുകയായിരുന്നു. ഗുജറാത്തിന്‍റെ 192 റൺസ് പിന്തുടർന്ന രാജസ്ഥാന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 52 പന്തിൽ പുറത്താവാതെ 87* റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്. രാജസ്ഥാൻ നിരയിൽ 54 റൺസെടുത്ത ജോസ് ബട്‍ലറിന് മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ.
ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെതിരെ ഗുജറാത്ത് ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു. ജോസ് ബട്‍ലറുടെ 89 റൺസിന്‍റെയും സഞ്ജു സാംസണിന്‍റെ 47 റൺസിന്‍റേയും മികവിൽ രാജസ്ഥാൻ 188 റൺസെടുത്തു. എന്നാൽ മൂന്ന് പന്ത് ശേഷിക്കേ ഗുജറാത്ത് ലക്ഷ്യത്തിലെത്തി. ഹാർദിക് പാണ്ഡ്യ 40* റൺസുമായും ഡേവിഡ് മില്ലർ 68* റൺസുമായും പുറത്താവാതെ നിന്നു. പേസര്‍ പ്രസിദ്ധ് കൃഷ്‌ണ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സർ പറത്തിയാണ് മില്ലർ ടൈറ്റൻസിനെ ഫൈനലിൽ എത്തിച്ചത്.
IPL 2022 : ഐപിഎല്‍ ഫൈനല്‍ ഇന്ന്; കിരീടത്തിനായി രാജസ്ഥാന്‍ റോയല്‍സ്, ചരിത്രം കുറിക്കാന്‍ സഞ്ജു