സംഭവബഹുലമായ ഒരു ദിനമാണ് കടന്നുപോയതെന്ന് മത്സരം നേരിട്ട് കാണാനെത്തിയവർ പറയുന്നു
അഹമ്മദാബാദ്: ഐപിഎല്ലിൽ(IPL 2022) ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ(Royal Challengers Bangalore) തകർത്ത് ഫൈനലിലേക്ക് മുന്നേറി നമ്മുടെ സഞ്ജു സാംസണിന്‍റെ(Sanju Samson) രാജസ്ഥാൻ റോയല്‍സ്(Rajasthan Royals). എന്നാൽ മൈതാനത്തെ പതിവ് കാഴ്ചകൾ മാത്രമായിരുന്നില്ല ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക്(Narendra Modi Stadium) ഒഴുകിയെത്തിയ കാണികൾക്ക് പറയാനുള്ളത്. സംഭവബഹുലമായ ഒരു ദിനമാണ് കടന്നുപോയതെന്ന് മത്സരം നേരിട്ട് കാണാനെത്തിയവർ പറയുന്നു.
കോലിക്കടുത്ത് ഓടിയെത്തിയ ആരാധകൻ
ബാംഗ്ലൂർ ബാറ്റിംഗ് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ആദ്യ പന്ത് ലീവ് ചെയ്ത് നിൽക്കുന്ന വിരാട് കോലിക്കടുത്തേക്ക് ഓടിയെത്തി ഒരു ആരാധകൻ. തേഡ്‍മാൻ ഭാഗത്ത് നിന്ന് ആറടിയിലേറെയുള്ള വേലി ചാടിക്കടന്നായിരുന്നു അയാൾ കുതിച്ചെത്തിയത്. കോലിയുടെ കൈപിടിക്കാനായിരുന്നു ശ്രമം. ബയോ ബബിളിനെക്കുറിച്ച് പറഞ്ഞ് കോലി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൈയിൽ തൊട്ട് അയാൾ തരികെയോടി. സുരക്ഷാ ജീവനക്കാർ പിടികൂടി സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയി. കൊവിഡ് പേടിയിൽ നടത്തുന്ന ഇത്തവണത്തെ ഐപിഎല്ലിൽ ഇത് മൂന്നാം തവണയാണ് ഈ സുരക്ഷാ വീഴ്ച. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന എലിമിനേറ്റർ മത്സരത്തിൽ ലഖ്‌നൗ ബാറ്റിങ്ങിനിടെയും ഒരു ആരാധകൻ ബൗണ്ടറിലൈനിൽ ഫീൽഡ് ചെയ്തിരുന്ന വിരാട് കോലിക്കു നേരെ ഓടിയെത്താൻ ശ്രമിച്ചിരുന്നു. കോലിക്കു സമീപം എത്തുന്നതിനു മുൻപുതന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഈ സാഹസത്തിന് പ്രോത്സാഹനമാവാതിരിക്കാൻ ഇത്തരം ദൃശ്യങ്ങൾ പൊതുവെ സംപ്രേക്ഷണം ചെയ്യാറില്ല.
കറുത്ത വസ്ത്രത്തിന് വിലക്ക്
കറുത്ത വസ്ത്രം ധരിച്ച് മത്സരം കാണാനെത്തിയ ആരാധകരെ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. മുൻകൂട്ടി ഒരു അറിയിപ്പും തരാതെയായിരുന്നു വിലക്ക്. കറുത്ത് വസ്ത്രം ധരിച്ചുള്ള പ്രതിഷേധ പരിപാടികൾ ചെറുക്കാനാണ് വിലക്കെന്നായിരുന്നു ഗേറ്റിലുണ്ടായിരുന്നവർ പറഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ പ്രതിഷേധം ഉണ്ടായാൽ അത് സംഘാടകർക്ക് നാണക്കേടാവും. എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെയുള്ള ഈ വിലക്കിനെതിരെ ആരാധകർ വലിയ പ്രതിഷേധം ഉയർത്തി. കാര്യങ്ങൾ കൈവിട്ടുപോവുമെന്ന നിലയിലെത്തിയതോടെയാണ് കറുപ്പ് വസ്ത്രധാരികൾക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചത്.
ഹെഡ്‍ഫോണും വേണ്ട, വുവുസേലയും വേണ്ട
വിചിത്രമായ സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് ഹെഡ്‌ഫോണിന് വരെ വിലക്കേർപ്പെടുത്തിയത്. കാണികളിൽ നിന്ന് മോശം പെരുമാറ്റം ഭയന്നായിരുന്നത്രേ ഈ വിലക്ക്. കാണികൾ കയ്യിലുള്ള സാധനങ്ങൾ മൈതാനത്തേക്ക് വലിച്ചെറിയുന്ന മോശം അനുഭവം മുൻപ് ഉണ്ടായിട്ടുണ്ട്. കളിക്കാരുടെ സുരക്ഷ പരിഗണിക്കാതെ വഴിയില്ലെന്നായിരുന്നു തീരുമാനത്തെ എതിർത്തവർക്ക് കിട്ടിയ മറുപടി. പക്ഷെ ഭാരം കുറഞ്ഞ ഹെഡ്ഫോൺ എങ്ങനെയാണ് ഗ്യാലറിയിൽ നിന്ന് ഇത്ര ദൂരം എത്തുകയെന്നാണ് ആരാധകരുടെ ചോദ്യം. ഏതായാലും സെക്യൂരിറ്റി ഗേറ്റിൽ ഹെഡ്ഫോണും വുവുസലേയുമെല്ലാം ഉപേക്ഷിക്കേണ്ടിവന്നു ആരാധകർക്ക്.
അദാനിക്കും അംബാനിക്കും ഇടമില്ല
മൊട്ടേരയിലെ സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയമാണ് പുതുക്കിപണിഞ്ഞപ്പോൾ നരേന്ദ്ര മോദി സ്റ്റേഡിയമായത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ രണ്ട് എൻഡുകൾക്ക് അംബാനിയുടേയും റിലയൻസിന്‍റേയും പേര് നൽകിയത് വിവാദമായിരുന്നു. ഇതോടെ രാഷ്ട്രീയമായി വലിയ പ്രതിരോധത്തിലായിരുന്നു ബിജെപി. ഇന്നലത്തെ മത്സരത്തിൽ പക്ഷെ ആ പേരുകൾ കാണാനില്ലായിരുന്നു. രാജ്യത്തെ അതിസമ്പന്നരുടെ പേര് വിവാദങ്ങൾ കാരണം മാഞ്ഞുപോയതാകാം.