IPL 2022 : ഡൽഹി ക്യാപിറ്റല്‍സില്‍ 4 പേര്‍ക്ക് കൊവിഡ്, മിച്ചല്‍ മാര്‍ഷ് ആശുപത്രിയില്‍; ആശങ്ക പെരുക്കുന്നു

By Web Team  |  First Published Apr 19, 2022, 9:42 AM IST

മാര്‍ഷ് ഉൾപ്പെടെ മൂന്ന് പേർക്കാണ് ഡൽഹി ടീമിൽ പുതുതായി കൊവിഡ് ബാധിച്ചത്. മറ്റ് രണ്ട് പേർ സപ്പോർട്ടിംഗ് സ്റ്റാഫ് ആണ്. 


മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സില്‍ (Delhi Capitals) കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം നാലായി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും (Mitchell Marsh) രണ്ട് സപ്പോര്‍ട്ടിംഗ് സ്റ്റാഫുമടക്കം മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മിച്ചൽ മാർഷിനെ ഇന്നലെത്തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിന് നേരത്തെ രോഗം കണ്ടെത്തിയിരുന്നു. കൊവിഡ് വ്യാപനത്തോടെ നാളത്തെ ഡൽഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിംഗ്‌സ് മത്സരം (Delhi Capitals vs Punjab Kings) അനിശ്ചിതത്വത്തിലായി. 

നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മിച്ചര്‍ മാര്‍ഷിന് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച രാവിലെ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ താരത്തിന് കൊവി‍ഡ് കണ്ടെത്തി. നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ച മാര്‍ഷിന് പിന്നാലെ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ ആദ്യ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വൈകിട്ടോടെ മാര്‍ഷടക്കമുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവായി. രോഗലക്ഷണങ്ങളുള്ളതിനെ തുടര്‍ന്ന് ഇതോടെ മിച്ചല്‍ മാര്‍ഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ഷിന്‍റെ ആരോഗ്യനില ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മെഡിക്കല്‍ സംഘം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. 

Latest Videos

ഡല്‍ഹിയുടെ എല്ലാ താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും റൂമില്‍ ക്വാറന്‍റീനിലാക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ വരുന്ന പരിശോധനാഫലം നിര്‍ണായകമാണ്. നാളത്തെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കും എന്നാണ് നിലവിലെ സൂചനകള്‍. ടീമുകളില്‍ ഏഴ് ഇന്ത്യന്‍ താരങ്ങളടക്കം 12 പേര്‍ ലഭ്യമാണെങ്കില്‍ മത്സരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് ഐപിഎല്‍ ചട്ടം. 12 താരങ്ങള്‍ കളിക്കാന്‍ ആരോഗ്യവാന്‍മാരല്ലെങ്കില്‍ മത്സരത്തിന്‍റെ കാര്യത്തില്‍ ഐപിഎല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും. ഡല്‍ഹി ടീമില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ മത്സര പദ്ധതികളെ ബാധിക്കും. 

OFFICIAL STATEMENT:

Delhi Capitals all-rounder Mitchell Marsh has tested positive for COVID-19, following which he has been admitted to a hospital. The Delhi Capitals medical team is closely monitoring Marsh’s condition. pic.twitter.com/lvatopJtcV

— Delhi Capitals (@DelhiCapitals)

ഐപിഎല്‍ പതിനഞ്ചാം സീസണ്‍ തുടങ്ങിയ ശേഷം ഡല്‍ഹി ക്യാപിറ്റല്‍സില്‍ ഇതുവരെ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടീം ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിനാണ് ആദ്യം കൊവിഡ് പിടിപെട്ടത്. ഫർഹാര്‍ടിനെ ഡല്‍ഹി ക്യാപിറ്റല്‍സ് മെഡിക്കല്‍ ടീം നിരീക്ഷിച്ചുവരികയാണ് എന്ന് ഐപിഎല്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. 2019 ഓഗസ്റ്റ് മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമുള്ള ഫിസിയോയാണ് പാട്രിക്ക് ഫർഹാര്‍ട്. ഐപിഎല്ലില്‍ ഇക്കുറി മറ്റ് ടീമുകളിലൊന്നും ഇതുവരെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

IPL 2022 : റാപ്പിഡ് ആന്‍റി‌ജന്‍ ടെസ്റ്റില്‍ താരത്തിന് കൊവിഡ്; ഡല്‍ഹി ക്യാപിറ്റല്‍സില്‍ കനത്ത ആശങ്ക 

click me!