IPL 2022 : രാജസ്ഥാന്‍ റോയല്‍സിന്‍റെ തോല്‍വി; ആര്‍ അശ്വിനെ പൊരിച്ച് വീരേന്ദര്‍ സെവാഗ്, ടീമിന് രൂക്ഷവിമര്‍ശനം

By Web Team  |  First Published May 30, 2022, 5:08 PM IST

കാരംബോളുകള്‍ എറിയുന്നതിന് പകരം അശ്വിന്‍ ഓഫ്‌ സ്‌പിന്നില്‍ ഉറച്ചുനില്‍ക്കണമായിരുന്നു എന്നാണ് സെവാഗ് പറഞ്ഞത്


അഹമ്മദാബാദ്: ഐപിഎല്‍(IPL 2022) ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ(Gujarat Titans) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) പരാജയപ്പെട്ടപ്പോള്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്(R Ashwin) ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്‍റെ(Virender Sehwag) ശകാരം. അശ്വിന്‍ കാരംബോളുകള്‍ എറിഞ്ഞതാണ് വീരുവിനെ ചൊടിപ്പിച്ചത്. കാരംബോളുകള്‍ എറിയുന്നതിന് പകരം അശ്വിന്‍ ഓഫ്‌ സ്‌പിന്നില്‍ ഉറച്ചുനില്‍ക്കണമായിരുന്നു എന്നാണ് സെവാഗ് ക്രിക്‌ബസിനോട് പറഞ്ഞത്. 

'പിച്ച് റഫായത് ശുഭ്‌മാന്‍ ഗില്ലിനെ പ്രതിരോധത്തിലാക്കിയിരുന്നു. അത്തരത്തില്‍ ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ ശ്രമിക്കാമായിരുന്നു. പക്ഷേ അശ്വിന്‍റെ ചിന്തകള്‍ വ്യത്യസ്തമാണ്. വേരിയേഷനുകള്‍ കൊണ്ട് വിക്കറ്റ് നേടാനാണ് അശ്വിന്‍റെ ശ്രമം' എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. റിയാന്‍ പരാഗിന് പകരം ഒരു അധിക പേസറെ രാജസ്ഥാന്‍ ഉള്‍പ്പെടുത്തണമായിരുന്നുമെന്നും വീരു പറഞ്ഞു. 'പേസര്‍മാരെ ഈ പ്രതലത്തില്‍ കളിക്കുക എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന് രാജസ്ഥാന് അറിയാമായിരുന്നു. നാലാം പേസറെ ഉള്‍ക്കൊള്ളിക്കുന്നതിന് പകരം രണ്ട് സ്‌പിന്നര്‍മാരുമായി കളിക്കുകയായിരുന്നു ടീം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ തീരുമാനത്തെ കുറിച്ച് ടീം സ്വയം ചിന്തിക്കണം. അശ്വിന്‍ ബാറ്റ് ചെയ്യും എന്നതിനാല്‍ പരാഗിന് പകരം പേസറെ കളിപ്പിക്കാമായിരുന്നു' എന്നും സെവാഗ് വ്യക്തമാക്കി. 

Latest Videos

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ്: 20 ഓവറില്‍ 130-9, ഗുജറാത്ത് ടൈറ്റന്‍സ്: 18.1 ഓവറില്‍ 133-3. 35 പന്തില്‍ 39 റണ്‍സെടുത്ത ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 11 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. ഗുജറാത്തിനായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ രണ്ടും റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി.

43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. സിക്സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്‍റെ വിജയറണ്‍ നേടിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. ഐപിഎല്ലില്‍ കിരീടം നേടുന്ന നാലാമത്തെ ഇന്ത്യന്‍ നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. എം എസ് ധോണി, രോഹിത് ശര്‍മ്മ, ഗൗതം ഗംഭീര്‍ എന്നിവരാണ് പാണ്ഡ്യക്ക് മുമ്പ് ഐപിഎല്‍ കിരീടം നേടിയ ഇന്ത്യന്‍ നായകന്‍മാര്‍. 

IPL 2022 : 'അവന്‍ ഇനിയും മെച്ചപ്പെടാനുണ്ട്, മലയാളി താരങ്ങളെ ഉള്‍പ്പെടുത്തൂ'; സഞ്ജുവിന് ശ്രീശാന്തിന്റെ ഉപദേശം
 

click me!