IPL 2022 : 'കണക്കില്‍ ഞാന്‍ മോശമാണ്'; പ്ലേഓഫ് സാധ്യതകളെ കുറിച്ച് ധോണിയുടെ രസകരമായ മറുപടി

By Web Team  |  First Published May 9, 2022, 1:06 PM IST

ഇനിയുള്ള മത്സരം ജയിച്ചാല്‍ അവര്‍ക്ക് 14 പോയിന്റേ ആവൂ. വരുന്ന മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ജയിച്ചാല്‍ ചെന്നൈ ഔദ്യോഗികമായി പുറത്താവും.


മുംബൈ: ഐപിഎല്‍ (IPL 2022) പ്ലേഓഫില്‍ പ്രവേശിക്കുകയെന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ (CSK) സംബന്ധിച്ചിടത്തോളം കടുപ്പമാണ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചെങ്കിലും 11 മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള ചെന്നൈ എട്ടാം സ്ഥാനത്താണ്. ഇനിയുള്ള മത്സരം ജയിച്ചാല്‍ അവര്‍ക്ക് 14 പോയിന്റേ ആവൂ. വരുന്ന മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ജയിച്ചാല്‍ ചെന്നൈ ഔദ്യോഗികമായി പുറത്താവും.

ഇതിനിടെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ എം എസ് ധോണി (MS Dhoni). വളരെ തമാശയോടെയാണ് ധോണി ഇക്കാര്യത്തെ കുറച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എനിക്ക് ഗണിതത്തില്‍ അത്ര താല്‍പര്യമൊന്നുമില്ല. സ്‌കൂളില്‍ പോലും ഞാന്‍ മോശമായിരുന്നു. നെറ്റ് റണ്‍റേറ്റിനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് ഭേദം. ഇപ്പോള്‍ ഐപിഎല്‍ ആസ്വദിക്കുന്നു. മറ്റു ടീമുകള്‍ കളിക്കുമ്പോള്‍ മറ്റുള്ള കാര്യങ്ങളെ കുറിച്ചോര്‍ത്ത സമ്മര്‍ദ്ദത്തിലാവാന്‍ ടീമിന് താല്‍പര്യമില്ല. അടുത്ത മത്സരത്തിലെന്ത് എന്ന് മാത്രമാണ് ചിന്ത. പ്ലേ ഓഫിലെത്തിയാല്‍ വലിയ കാര്യം. എത്തിയില്ലെങ്കില്‍ ഒന്നും സംഭവിക്കാനും പോകുന്നില്ല.'' ധോണി മത്സരശേഷം പറഞ്ഞു. 

Latest Videos

ഡല്‍ഹിക്കെതിരായ മത്സരത്തെ കുറിച്ചും ധോണി സംസാരിച്ചു. ''ചെന്നൈയുടെ ബാറ്റര്‍മാര്‍ നന്നായികളിച്ചു. എല്ലാവരും അവരുടേതായ സംഭാവന നല്‍കി. ടോസ് നേടി ഫീല്‍ഡ് ചെയ്യണമെന്നാണ് ഞാനും ആഗ്രഹിച്ചത്. എന്നാല്‍ ടോസ് നഷ്ടപ്പെട്ടത് നന്നായെന്ന് എനിക്ക് തോന്നുന്നു. ഇത്തരത്തില്‍ നേരത്തെ ജയിക്കാന്‍ കഴിയുമെങ്കില്‍ കാര്യങ്ങള്‍ അല്‍പംകൂടി നന്നാവുമായിരുന്നു.'' ധോണി പറഞ്ഞു. 

''അവരുടെ ഹിറ്റര്‍മാര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. സിമാര്‍ജീത് സിംഗും മുകേഷ് ചൗധരിയും പക്വത കൈവരിക്കാന്‍ സമയമെടുക്കും. അവര്‍ക്ക് കഴിവുണ്ട്. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുമ്പോള്‍ മത്സരത്തെ കുറിച്ചുള്ള ഒരു ആശയം അവര്‍ക്കുണ്ടാവും. ടി20 ക്രിക്കറ്റില്‍ ഏത് പന്ത് എറിയണം എറിയണ്ട എന്ന ബൗളര്‍മാര്‍ അറിഞ്ഞിരിക്കണം.'' ധോണി വ്യക്തമാക്കി. 

സ്വന്തം പ്രകടനത്തെ കുറിച്ച് ധോണി പറഞ്ഞതിങ്ങനെ... ''ക്രീസിലെത്തിയ ഉടനെ വലിയ ഷോട്ടുകള്‍ കളിക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല. എന്നാല്‍ 12 പന്തുകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ആക്രമിച്ച് കളിക്കാനുള്ള കാരണവും അതുതന്നെ.'' ധോണി പറഞ്ഞുനിര്‍ത്തി.

click me!