പരിക്കിൽ നിന്ന് മുക്തനാവാത്ത സൂര്യകുമാർ യാദവ് ഇല്ലാതെയാവും മുംബൈ ഇറങ്ങുക
മുംബൈ: ഐപിഎല്ലിൽ (IPL 2022) രോഹിത് ശർമ്മയുടെ (Rohit Sharma) മുംബൈ ഇന്ത്യൻസ് (Mumbai Indians) ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. റിഷഭ് പന്ത് (Rishabh Pant) നയിക്കുന്ന ഡൽഹി ക്യാപിറ്റൽസാണ് (Delhi Capitals) എതിരാളികൾ. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Bangalore) പഞ്ചാബ് കിംഗ്‌സിനെ (Punjab Kings) നേരിടും. വൈകിട്ട് ഏഴരയ്ക്ക് മുംബൈയിലാണ് കളി തുടങ്ങുക.
ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാർണർ, ഓള്‍റൗണ്ടര്‍ മിച്ചൽ മാർഷ്, ദക്ഷിണാഫ്രിക്കന്‍ പേസ് എക്‌സ്‌പ്രസ് ആൻറിച് നോർകിയ എന്നിവരുടെ അഭാവം ഡൽഹിക്ക് തിരിച്ചടിയാവും. അതേസമയം പരിക്കിൽ നിന്ന് മുക്തനാവാത്ത സൂര്യകുമാർ യാദവ് ഇല്ലാതെയാവും മുംബൈ ഇറങ്ങുക. രോഹിത്തിനൊപ്പം ഇഷാൻ കിഷൻ, കീറോൺ പൊള്ളാർഡ്, ജസ്പ്രീത് ബുമ്ര എന്നിവർ ഇത്തവണയും മുംബൈ നിരയിലുണ്ട്.
undefined
ആദ്യ കിരീടമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും സ്വപ്നം കാണുന്നത്. താരലേലത്തിൽ ടീം ഉടച്ചുവാർത്ത് ഇറങ്ങുമ്പോൾ ഇത്തവണ ഇരു ടീമുകളും പുതിയ നായകൻമാർക്ക് കീഴിലാണ് ഭാഗ്യ പരീക്ഷണം. വിരാട് കോലി ബാറ്ററിലേക്ക് ഒതുങ്ങിയപ്പോൾ ബാംഗ്ലൂർ പുതിയ നായകനെ കണ്ടെത്തിയത് ഫാഫ് ഡുപ്ലെസിയിലാണ്. കോലി ബഹുമാനിക്കുന്ന അപൂർവ താരങ്ങളിൽ ഒരാളായ ഡുപ്ലെസിക്ക് ടീമിനെ നയിക്കുക വെല്ലുവിളിയാവില്ല. മായങ്ക് അഗർവാളിന്‍റെ നേതൃത്വത്തിലാണ് പഞ്ചാബിറങ്ങുന്നത്.
ബാംഗ്ലൂരിന്‍റെ ഗ്ലെൻ മാക്സ്‍വെല്ലും ജോഷ് ഹേസൽവുഡും പഞ്ചാബിന്‍റെ ജോണി ബെയര്‍സ്റ്റോയും കാഗിസോ റബാഡയും ഇന്ന് ടീമിനൊപ്പമുണ്ടാവില്ല. ഫാഫ് ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരെ മാറ്റിനിർത്തിയാൽ ബാംഗ്ലൂരിന്‍റെ ബാറ്റിംഗ്, ബൗളിംഗ് ശക്തി കണ്ടറിയണം.
നായകൻ മായങ്കിനൊപ്പം ശിഖർ ധവാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഷാരുഖ് ഖാൻ, ഒഡീൻ സ്‌മിത്ത് എന്നിവരിലാണ് പഞ്ചാബിന്‍റെ റൺസ് പ്രതീക്ഷ. പന്തെടുക്കുമ്പോൾ സന്ദീപ് സിംഗ്, അർഷ്ദീപ് സിംഗ്, രാഹുൽ ചഹർ എന്നിവർ നിർണായകമാവും. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ കോലിയെ പുറത്താക്കിയ ബൗളറാണ് സന്ദീപ് ശർമ്മ, ഏഴുതവണ. പഞ്ചാബിനെതിരെ ഡുപ്ലെസിക്ക് 61 റൺസ് ബാറ്റിംഗ് ശരാശരിയുണ്ട്. ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ അവസാന 17 ഐപിൽ മത്സരങ്ങളിൽ പത്തിലും ജയിച്ചത് രണ്ടാമത് ബാറ്റുചെയ്ത ടീമാണ്.
IPL 2022 : ചെന്നൈയുടെ തോല്‍വിക്കിടയിലും മിന്നിത്തിളങ്ങി ഡ്വെയ്ന്‍ ബ്രാവോ; ചരിത്ര നേട്ടത്തിനൊപ്പം