കൊവിഡ് ഭീതിയുയര്‍ന്നതോടെ ഡല്‍ഹിയുടെ മുഴുവന്‍ താരങ്ങളെയും ക്വാറന്‍റീനിലാക്കും. ഇന്നും നാളെയും താരങ്ങള്‍ക്ക് കൊവിഡ് പരിശോധന നടക്കും.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സില്‍ (Delhi Capitals) കൊവിഡ് (Covid-19) ആശങ്ക കൂടുന്നു. ടീം ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിന് (Patrick Farhart) കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒരു താരത്തിന് റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റില്‍ (Rapid Antigen Test) വൈറസ് ബാധ കണ്ടെത്തിയതായാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. കൊവിഡ് പിടിപെട്ടോയെന്ന് ഉറപ്പിക്കാന്‍ ഈ താരത്തെ ആര്‍ടി-പിസിആര്‍ ( RT-PCR) പരിശോധനയ്‌ക്ക് വിധേയനാക്കും.
കൊവിഡ് ഭീതിയുയര്‍ന്നതോടെ ഡല്‍ഹിയുടെ മുഴുവന്‍ താരങ്ങളെയും ക്വാറന്‍റീനിലാക്കും. ഇന്നും നാളെയും താരങ്ങള്‍ക്ക് കൊവിഡ് പരിശോധന നടക്കും. കൊവിഡ് ഭീതി കാരണം ഡല്‍ഹി ടീമിന്‍റെ ഇന്നത്തെ പുനെ യാത്ര ഉപേക്ഷിച്ചു. പുനെയില്‍ ബുധനാഴ്‌ച പഞ്ചാബ് കിംഗ്‌സിന് എതിരായാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അടുത്ത മത്സരം.
പാട്രിക്ക് ഫർഹാര്‍ടിനെ ഡല്‍ഹി ക്യാപിറ്റല്‍സ് മെഡിക്കല്‍ ടീം നിരീക്ഷിച്ചുവരികയാണ് എന്ന് ഐപിഎല്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. 2019 ഓഗസ്റ്റ് മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമുള്ള ഫിസിയോയാണ് പാട്രിക്ക് ഫർഹാര്‍ട്. 2015 മുതല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനൊപ്പം പ്രവര്‍ത്തിച്ച പരിചയവും അദേഹത്തിനുണ്ട്. 2019 ലോകകപ്പിന് ശേഷമാണ് ഈ പാട്രിക് ഇന്ത്യന്‍ ടീമിനോട് യാത്ര പറഞ്ഞത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ് ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ചരിത്രവും പാട്രിക്ക് ഫർഹാര്‍ടിനുണ്ട്.
ഇന്ന് രാജസ്ഥാന്‍-കൊല്‍ക്കത്ത മത്സരം
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാന്‍ റോയല്‍സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്ക് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ നാലാം ജയമാണ് രാജസ്ഥാനും കൊൽക്കത്തയും ലക്ഷ്യമിടുന്നത്. രാജസ്ഥാനെ സഞ്ജു സാംസണും കൊല്‍ക്കത്തയെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. മികച്ച തുടക്കം കിട്ടിയെങ്കിലും ഡൽഹി ക്യാപിറ്റല്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോറ്റ കൊൽക്കത്ത തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. റൺവേട്ടയിൽ മുന്നിലുള്ള ജോസ് ബട്‍ലറും ദേവ്‍ദത്ത് പടിക്കലും നൽകുന്ന മികച്ച തുടക്കത്തിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ.
IPL 2022 : ഐപിഎല്ലില്‍ മലയാളിപ്പോര്, സഞ്ജുവും ശ്രേയസും നേര്‍ക്കുനേര്‍; ഇരു ടീമിനും വെല്ലുവിളികള്‍