85-3 എന്ന സ്കോറില്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പവലും വാര്‍ണറും ഡല്‍ഹിയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചു. 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വാര്‍ണര്‍ പത്തൊമ്പതാം ഓവറില്‍ 92 റണ്‍സിലെത്തി സെഞ്ചുറി ലക്ഷ്യമിട്ടെങ്കിലും ഉമ്രാന്‍ മാലിക് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സടിച്ച പവല്‍ തകര്‍ത്താടിയതോടെ സെഞ്ചുറി നഷ്ടമായി.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്(Delhi Capitals vs Sunrisers Hyderabad) റണ്‍സ് വിജയലക്ഷ്യം. കഴിഞ്ഞ സീസണില്‍ തന്നെ പുറത്താക്കിയ ഹൈദരാബാദിനെതിരെ പ്രതികാരം തീര്‍ത്ത ഡേവിഡ് വാര്‍ണറുടെയും റൊവ്‌മാന്‍ പവലിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ വാര്‍ണറും പവലും ചേര്‍ന്നാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. വാര്‍ണര്‍ 58 പന്തില്‍ റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ പവല്‍ 35 പന്തില്‍ 67 റണ്‍സെടുത്തു.
ആദ്യം ഞെട്ടി പിന്നെ ഞെട്ടിച്ചു
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഡല്‍ഹി ആദ്യ ഓവറിലെ ഞെട്ടി. പൃഥ്വി ഷാക്ക് പകരം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത മന്‍ദീപ് സിംഗിനെ(0) ഭുവനേശ്വര്‍ കുമാര്‍ ആദ്യ ഓവറിലെ മടക്കി. അധികം വൈകാതെ മിച്ചല്‍ മാര്‍ഷും(10) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. തുടക്കത്തില്‍ താളം കണ്ടെത്താനാകാതെ പാടുപെട്ട ക്യാപ്റ്റന്‍ റിഷഭ് പന്ത് തപ്പിത്തടഞ്ഞപ്പോള്‍ ഡേവിഡ് വാര്‍ണറാണ് തന്‍റെ മുന്‍ ടീമിനെതിരെ അടിച്ചു തകര്‍ത്തത്. ശ്രേയസ് ഗോപാലിനെതിരെ ഒരോവറില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തി പന്ത് ഫോമിലായെങ്കിലും അടുത്ത പന്തില്‍ പുറത്തായി. 16 പന്തില്‍ 26 റണ്‍സായിരുന്നു പന്തിന്‍റെ സംഭാവന.
പവല്‍ പവര്‍, വാര്‍ണര്‍ വെടിക്കെട്ട്
85-3 എന്ന സ്കോറില്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പവലും വാര്‍ണറും ഡല്‍ഹിയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചു. 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വാര്‍ണര്‍ പത്തൊമ്പതാം ഓവറില്‍ 92 റണ്‍സിലെത്തി സെഞ്ചുറി ലക്ഷ്യമിട്ടെങ്കിലും ഉമ്രാന്‍ മാലിക് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സടിച്ച പവല്‍ തകര്‍ത്താടിയതോടെ സെഞ്ചുറി നഷ്ടമായി. അവസാന ഓവറില്‍ ഉമ്രാന്‍ മാലിക്കിനെ സിക്സിന് പറത്തി 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പവല്‍ അവസാന ഓവറിലെ മൂന്ന് ഫോറും ഒരു സിക്സും പറത്തിയാണ് 19 റണ്‍സടിച്ചത്.
12 ഫോറും മൂന്ന് സിക്സും പറത്തിയ വാര്‍ണര്‍ 58 പന്തില്‍ 92 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ പവല്‍ 35 പന്തില്‍ മൂന്് ഫോറും ആറ് സിക്സും പറത്തി 67 റണ്‍സുമായി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 25 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ ശ്രേയസ് ഗോപാല്‍ മൂന്നോവറില്‍ 34 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ഉമ്രാന്‍ മാലിക്ക് സീസണിലെ ഏറ്റവും വേഗമേറിയ പന്ത്(157 കിലോ മീറ്റര്‍) എറിഞ്ഞെങ്കിലും നാലോവറില്‍ 52 റണ്‍സ് വഴങ്ങി.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. പേസര്‍ കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, സീന്‍ ആബട്ട് എന്നിവര്‍ ഇന്ന് ഹൈദരാബാദിനായി സീസണില്‍ അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റ നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറിനും പകരമാണ് കാര്‍ത്തിക് ത്യാഗിയും ശ്രേയസ് ഗോപാലും ടീമിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തി മാര്‍ക്കോ ജാന്‍സന് പകരമാണ് സീന്‍ ആബട്ട് ടീമിലെത്തിയത്.
കഴിഞ്ഞ മത്സരം കളിച്ച ഡല്‍ഹി നാല് മാറ്റങ്ങള്‍ വരുത്തി. ഓപ്പണര്‍ പൃഥ്വി ഷാക്ക് പകരം മന്‍ദീപ് സിംഗ് ഡല്‍ഹി ടീമിലെത്തിയപ്പോള്‍ അക്സര്‍ പട്ടേലിന് പകരം റിപാല്‍ പട്ടേലും ചേതന്‍ സക്കറിയക്ക് പകരം ഖലീല്‍ അഹമ്മദും ആന്‍റിച്ച് നോര്‍ക്യയും ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി.