ഐപിഎല്ലില്‍ തന്‍റെ മുന്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് ഡൽഹി ഓപ്പണറുടെ നേട്ടം
മുംബൈ: ട്വന്‍റി 20യിൽ (T20) റെക്കോര്‍ഡ് നേട്ടവുമായി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ (Delhi Capitals) ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (David Warner). ടി20യില്‍ ഏറ്റവും കൂടുതൽ അര്‍ധസെഞ്ചുറിയെന്ന ക്രിസ് ഗെയ്‌ലിന്‍റെ (Chris Gayle) റെക്കോര്‍ഡ് വാര്‍ണര്‍ തകര്‍ത്തു. ഐപിഎല്ലില്‍ തന്‍റെ മുന്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (Sunrisers Hyderabad) മത്സരത്തിനിടെയാണ് ഡൽഹി ഓപ്പണറുടെ നേട്ടം. ട്വന്‍റി 20യിൽ വാര്‍ണറിന് 89ഉം ഗെയിലിന് 88ഉം അര്‍ധസെഞ്ചുറിയാണ് ഉള്ളത്.
77 അര്‍ധസെഞ്ചുറി നേടിയ വിരാട് കോലി ആണ് മൂന്നാം സ്ഥാനത്ത്. 70 അര്‍ധസെഞ്ചുറി നേടിയ ആരോൺ ഫിഞ്ച്, 69 തവണ 50 കടന്ന രോഹിത് ശര്‍മ്മ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 88 അര്‍ധസെഞ്ചുറികള്‍ക്ക് പുറമേ 22 സെഞ്ചുറിയും ഗെയ്‌ൽ ട്വന്‍റി 20യിൽ നേടിയിട്ടുണ്ട്. ട്വന്‍റി 20യിൽ 8 സെഞ്ചുറിയാണ് വാര്‍ണറുടെ സമ്പാദ്യം.
വാര്‍ണര്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച മത്സരം ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 21 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. ഡേവിഡ് വാര്‍ണറുടെയും റോവ്‌മാന്‍ പവലിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ ഡല്‍ഹി ഉയര്‍ത്തിയ 208 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 62 റണ്‍സെടുത്ത നിക്കോളാസ് പുരാനും 25 പന്തില്‍ 42 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 207 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ വാര്‍ണറും പവലും ചേര്‍ന്നാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. വാര്‍ണര്‍ 58 പന്തില്‍ 92* റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ പവല്‍ 35 പന്തില്‍ 67* റണ്‍സെടുത്തു.
IPL 2022: വാര്‍ണറുടെ പ്രതികാരം, ഹൈദരാബാദിനെ ചാമ്പലാക്കി ഡല്‍ഹി