IPL 2022 : തോറ്റുവരുന്ന ബാംഗ്ലൂര്‍, ജയിച്ചുവരുന്ന ഡല്‍ഹി; കൂടുതല്‍ സാധ്യതയാര്‍ക്ക്?

By Web Team  |  First Published Apr 16, 2022, 12:09 PM IST

ഇതുവരെ 28 മത്സരങ്ങളിലാണ് ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുഖാമുഖം വന്നത്


മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്നത്തെ രണ്ടാമത്തെ മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Bangalore), ഡൽഹി ക്യാപിറ്റല്‍സും (Delhi Capitals) തമ്മിലാണ്. ആര്‍സിബിയെ ഫാഫ് ഡുപ്ലസിസും ക്യാപിറ്റല്‍സിനെ റിഷഭ് പന്തുമാണ് നയിക്കുന്നത്. വാങ്കഡെയില്‍ പോരിനിറങ്ങും മുമ്പ് ഇരു ടീമുകളുടേയും (DC vs RCB) നേര്‍ക്കുനേര്‍ ചരിത്രം പരിശോധിക്കാം. ആര്‍സിബിക്ക് ഡല്‍ഹിക്ക് മേല്‍ വ്യക്തമായ മുന്‍തൂക്കമുണ്ട് എന്നാണ് മുന്‍ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഇതുവരെ 28 മത്സരങ്ങളിലാണ് ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുഖാമുഖം വന്നത്. ഇതില്‍ 17 മത്സരങ്ങളില്‍ ആര്‍സിബിയും 10 എണ്ണത്തില്‍ ക്യാപിറ്റല്‍സും വിജയിച്ചു. ഒരു മത്സരത്തിന് ഫലമില്ലായിരുന്നു. അവസാനം ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബി ഏഴ് വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു മത്സരം. അതേസമയം അവസാന അഞ്ചില്‍ മൂന്ന് ജയങ്ങള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. 

Latest Videos

undefined

വൈകീട്ട് ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഡല്‍ഹി-ബാംഗ്ലൂര്‍ മത്സരം. ആദ്യകിരീടം സ്വപ്‌നം കണ്ടിറങ്ങുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുന്ന മത്സരമാണിത്. ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മൈതാനത്തെത്തുന്നത്. 

ചെന്നൈയോട് തോറ്റാണ് ബാംഗ്ലൂർ വരുന്നത്. ബൗളിംഗിലാണ് പ്രധാന ആശങ്ക. അവസാന മത്സരത്തിൽ വഴങ്ങിയത് സീസണിലെ ഏറ്റവുമുയർന്ന സ്കോർ. ക്വാറന്‍റീൻ പൂർത്തിയാക്കി ഹർഷൽ പട്ടേൽ തിരിച്ചെത്തിയാൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സുയാഷ് പ്രഭുദേശായ് പുറത്തിരിക്കും. ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്, വനിന്ദു ഹസരങ്ക, ഗ്ലെന്‍ മാക്സ്‍വെൽ, ഷഹബാസ് അഹമ്മദ് എന്നിങ്ങനെ ആറോ ഏഴോ പേരെ പന്തേൽപ്പിക്കാനാകും ഡുപ്ലസിക്ക്. എന്നാൽ റണ്ണൊഴുക്ക് തടയാനാകാത്തത് തിരിച്ചടിയാവുന്നു. ബാറ്റിംഗിൽ കാര്യമായ ആശങ്കയില്ല. തുടക്കം നന്നായാൽ മികച്ച സ്കോറിലെത്തിക്കാൻ കരുത്തുള്ള മധ്യനിരയുണ്ട് ബാംഗ്ലൂരിന്.

കൊൽക്കത്തയെ തകർത്താണ് ഡൽഹിയെത്തുന്നത്. പൃഥ്വി ഷാ-ഡേവിഡ് വാർണർ ഓപ്പണിംഗ് സഖ്യം ഏത് ബൗളിംഗ് നിരയ്ക്കും വെല്ലുവിളിയാവും. നായകൻ റിഷഭ് പന്തും മികച്ച ഫോമിൽ. മത്സരം സ്വന്തമാക്കാൻ ശേഷിയുള്ള ഓൾറൗണ്ടർമാരുടെ ഒരു നിരയും ഡല്‍ഹിയിലുണ്ട്. ബൗളിംഗിൽ ആശങ്കയില്ല. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ആൻറിച് നോർക്കിയയെയും പരിഗണിച്ചേക്കും. അഞ്ചില്‍ 4 മത്സരങ്ങളും ചേസ് ചെയ്ത ടീമാണ് വാങ്കഡേയിൽ ജയിച്ചത് എന്നതിനാൽ ടോസും നിർണായകം.

IPL 2022 : കൊവിഡ് ഭീതിക്കിടെ ഡല്‍ഹി ക്യാപിറ്റല്‍സ് മൈതാനത്തേക്ക്; എതിരാളികള്‍ ആര്‍സിബി

click me!