ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും 30 മത്സരങ്ങളിലാണ് മുഖാമുഖം വന്നിട്ടുള്ളത്
മുംബൈ: ഐപിഎല്ലിൽ (IPL 2022) ഇന്നത്തെ ആദ്യ മത്സരം ഡല്‍ഹി ക്യാപിറ്റല്‍സും (Delhi Capitals) മുംബൈ ഇന്ത്യന്‍സും (Mumbai Indians) തമ്മിലാണ്. മുംബൈയെ രോഹിത് ശര്‍മ്മയാണ് (Rohit Sharma) നയിക്കുന്നതെങ്കില്‍ റിഷഭ് പന്താണ് (Rishabh Pant) ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്യാപ്റ്റന്‍. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ഇരു ടീമുകളും തമ്മിലുള്ള മുന്‍ കണക്കുകള്‍ മത്സരത്തിന് മുന്നോടിയായി പരിശോധിക്കാം.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും 30 മത്സരങ്ങളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ മുംബൈ 16 ഉം ഡല്‍ഹി 14 ഉം മത്സരങ്ങള്‍ വീതം ജയിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 213 എങ്കില്‍ മുംബൈയുടേത് 218. ഇരു ടീമുകളും 100ല്‍ താഴെ സ്‌കോര്‍ നേടിയ ടീമുകള്‍ കൂടിയാണ്. ഡല്‍ഹിയുടെ കുറഞ്ഞ സ്കോര്‍ 66 ഉം മുംബൈയുടേത് 92 ഉം ആണ്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് രോഹിത് ശര്‍മ്മയുടെ(684) പേരിലാണ്. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയത് ലസിത് മലിംഗയും(22). രോഹിത് ഇന്ന് കളിക്കുമെങ്കില്‍ മലിംഗ നേരത്തെ തന്നെ വിരമിച്ച താരമാണ്. 20 വിക്കറ്റുള്ള ജസ്‌പ്രീത് ബുമ്രയുടെ സാന്നിധ്യം ശ്രദ്ധേയം.
undefined
പരിക്കിൽ നിന്ന് മുക്തനാവാത്ത സൂര്യകുമാർ യാദവ് ഇല്ലാതെയാവും മുംബൈ ഇറങ്ങുക. സ്ഥിരതയോടെ കളിക്കാറുള്ള സൂര്യകുമാറിന്‍റെ അഭാവം മുംബൈക്ക് തിരിച്ചടിയാവും. രോഹിത്തിനൊപ്പം ഇഷാൻ കിഷൻ, കീറോൺ പൊള്ളാർഡ്, ജസ്പ്രീത് ബുമ്ര എന്നിവർ ഇത്തവണയും മുംബൈ നിരയിലുണ്ട്. രോഹിത്തും ഇഷാനും ഓപ്പണിംഗില്‍ എത്താനാണ് സാധ്യത. ജസ്‌പ്രീത് ബുമ്ര നയിക്കുന്ന ബൗളിംഗ് നിരയിലേക്ക് ആരൊക്കെയെത്തും എന്നതാണ് പ്രധാന ആകാംക്ഷ.
ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്‌സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് മുംബൈയിലാണ് കളി തുടങ്ങുക. ആദ്യ കിരീടമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും സ്വപ്നം കാണുന്നത്. താരലേലത്തിൽ ടീം ഉടച്ചുവാർത്ത് ഇറങ്ങുമ്പോൾ ഇത്തവണ ഭാഗ്യ പരീക്ഷണം ഇരു ടീമുകള്‍ക്കും പുതിയ നായകൻമാർക്ക് കീഴിലാണ്. ഫാഫ് ഡുപ്ലസിസാണ് ബാംഗ്ലൂരിന്‍റെ പുതിയ നായകനെങ്കില്‍ മായങ്ക് അഗർവാളിന്‍റെ നേതൃത്വത്തിലാണ് പഞ്ചാബിറങ്ങുന്നത്.
IPL 2022 : ഡബിള്‍ സണ്‍ഡേ! ഡല്‍ഹി-മുംബൈ, പഞ്ചാബ്-ബാംഗ്ലൂര്‍; ഐപിഎല്ലില്‍ ഇന്ന് തീപാറും പോരാട്ടങ്ങള്‍