IPL 2022 : ഇതാണ് സൗഹൃദം! വില്യംസണ് വൈകാരിക കുറിപ്പുമായി വാര്‍ണര്‍, ഒപ്പം ചേര്‍ന്ന് റാഷിദ് ഖാന്‍

By Jomit Jose  |  First Published May 6, 2022, 2:18 PM IST

മത്സരശേഷം വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രം അദേഹത്തിന് സണ്‍റൈസേഴ്‌സിനോടും ഓറ‌ഞ്ച് ആര്‍മിയുടെ താരങ്ങളോടുമുള്ള ഇഷ്‌ടം വെളിവാക്കുന്നുണ്ട്


മുംബൈ: ഏറെക്കാലം അണിഞ്ഞ ഓറഞ്ച് ജേഴ്‌സിക്കെതിരെ ഐപിഎല്‍ (IPL 2022) ഇതിഹാസം ഡേവിഡ് വാര്‍ണര്‍ (David Warner) കളത്തിലിറങ്ങിയ ദിവസമായിരുന്നു ഇന്നലെ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) ഡല്‍ഹി ക്യാപിറ്റല്‍സിനായി (Delhi Capitals) ഇറങ്ങിയ വാര്‍ണര്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി കളംവാണു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സിന്‍റെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായതിനും ഗാലറിയില്‍ വെറുമൊരു കാണിയെ പോലെ ഇരുന്നതിനുമെല്ലാം വാര്‍ണര്‍ ബാറ്റ് കൊണ്ട് മറുപടി നല്‍കുകയായിരുന്നു.

മത്സരശേഷം വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രം അദേഹത്തിന് സണ്‍റൈസേഴ്‌സിനോടും ഓറ‌ഞ്ച് ആര്‍മിയുടെ താരങ്ങളോടുമുള്ള ഇഷ്‌ടം വെളിവാക്കുന്നുണ്ട്. സണ്‍റൈസേഴ്‌സ് നായകന്‍ കെയ്‌ന്‍ വില്യംസണിനൊപ്പമുള്ള സെല്‍ഫിയാണ് വാര്‍ണര്‍ പങ്കുവെച്ചത്. മിസ് യൂ ബ്രോ എന്നായിരുന്നു ചിത്രത്തിനൊപ്പം വാര്‍ണറുടെ കുറിപ്പ്. ഇതിന് സണ്‍റൈസേഴ്‌സിന്‍റെ മറ്റൊരു മുന്‍താരം റാഷിദ് ഖാന്‍റെ മറുപടിയും ശ്രദ്ധേയമായി. ഞാനും മിസ് ചെയ്യുന്നു എന്നാണ് റാഷിദ് എഴുതിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by David Warner (@davidwarner31)

2014 മുതൽ തുടര്‍ച്ചയായി ആറ് സീസണുകളില്‍ 500ലധികം റൺസ് നേടിയ വാര്‍ണർ ഐപിഎല്ലില്‍ സൺറൈസേഴ്സിന്‍റെ ഏക കിരീടം സമ്മാനിച്ച നായകനാണ്. ഹൈദരാബാദ് ഫ്രാ‌ഞ്ചൈസിയുടെ ചരിത്രത്തിലെ റൺവേട്ടയിൽ ഒന്നാമനും. കഴി‌ഞ്ഞ സീസണിൽ 8 കളിയിൽ 195 റൺസിലേക്ക് ചുരുങ്ങിയതോടെയാണ് സൺറൈസേഴ്സ് വാർണറെ കൈവിട്ടത്. ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഗ്രൗണ്ടിലേക്ക് വരുന്നതിനും വിലക്കേർപ്പെടുത്തി. ഗാലറിയിൽ ഇരുന്ന് കളികാണേണ്ടിവന്ന വാര്‍ണറുടെ ചിത്രം കഴിഞ്ഞ സീസണില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇക്കുറി ഡല്‍ഹി ക്യാപിറ്റല്‍സ് മെഗാതാരലേലത്തില്‍ വാര്‍ണറെ സ്വന്തമാക്കി. അതേസമയം റാഷിദ് ഖാനെ ഗുജറാത്ത് ടൈറ്റന്‍സും പാളയത്തിലെത്തിച്ചു. 

സണ്‍റൈസേഴ്‌സിനെതിരെ ഡേവിഡ് വാര്‍ണര്‍ 58 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സറും സഹിതം പുറത്താകാതെ 92 റണ്‍സ് അടിച്ചുകൂട്ടി. ഡേവിഡ് വാര്‍ണറുടെയും റോവ്‌മാന്‍ പവലിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ ഡല്‍ഹി ഉയര്‍ത്തിയ 208 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 62 റണ്‍സെടുത്ത നിക്കോളാസ് പുരാനും 25 പന്തില്‍ 42 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. 

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 207 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ 122 റണ്‍സിന്‍റെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ വാര്‍ണറും പവലും ചേര്‍ന്നാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. റോവ്‌മാന്‍ പവല്‍ 35 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സറും സഹിതം പുറത്താകാതെ 67 റണ്‍സ് നേടി. 

IPL 2022 : 'ഷോട്ട് ഓഫ് ദ് ടൂര്‍ണമെന്‍റ്'; ഭുവിയുടെ തന്ത്രത്തെ പ്രതിഭകൊണ്ട് മറികടന്ന് വാര്‍ണറുടെ ബൗണ്ടറി

click me!