മുംബൈയോട് തോറ്റാൽ ചെന്നൈയുടെ സാങ്കേതികമായുള്ള സാധ്യതയും അവസാനിക്കും
മുംബൈ: ഐപിഎല്ലിൽ(IPL 2022) ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ്(Chennai Super Kings vs Mumbai Indians) പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് മുംബൈയിലാണ്(Wankhede Stadium) മത്സരം. ഇന്ന് തോറ്റാല്‍ പ്ലേഓഫിലെത്താനുള്ള ചെന്നൈയുടെ(CSK) നേരിയ സാങ്കേതിക സാധ്യത പോലും അവസാനിക്കും.
ഇരു ടീമും നാണക്കേടില്‍
undefined
ഐപിഎൽ ചരിത്രത്തിലെ അതികായരാണെങ്കിലും മുംബൈയും ചെന്നൈയും മറക്കാനാഗ്രഹിക്കുന്ന സീസണ്‍ ആണിത്. മുംബൈ പത്തും ചെന്നൈ ഒൻപതും സ്ഥാനങ്ങളിൽ നില്‍ക്കുന്നു. പതിനൊന്നിൽ ഒൻപതും തോറ്റ മുംബൈയുടെ പ്ലേ ഓഫ് സാധ്യത നേരത്തേ അവസാനിച്ചു. ഏഴ് കളി തോറ്റ ചെന്നൈയും അവസാന നാലിലെത്താനുള്ള സാധ്യത വളരെക്കുറവ്. മുംബൈയോട് തോറ്റാൽ ചെന്നൈയുടെ സാങ്കേതികമായുള്ള സാധ്യതയും അവസാനിക്കും. ഓപ്പണർമാരായ ഡെവൺ കോൺവേയും റുതുരാജ് ഗെയ്‌ക്‌വാദും ഫോമിലേക്ക് എത്തിയതാണ് ചെന്നൈയുടെ ആശ്വാസം. മധ്യനിരയുടെ സ്ഥിരതിയില്ലായ്മ ആശങ്കയായി തുടരുന്നു. പരിക്കേറ്റ രവീന്ദ്ര ജഡേജ കളിക്കില്ല. ബൗളർമാർ ഓരോ കളി കഴിയുംതോറും മെച്ചപ്പെട്ട് വരുന്നതും പ്രതീക്ഷ.
മുംബൈയ്ക്ക് ആശ്വസിക്കാൻ അധികമൊന്നുമില്ല. ബൗളിംഗിലും ബാറ്റിംഗിലും ഒറ്റപ്പെട്ട പ്രകടനം മാറ്റിനിർത്തിയാൽ മുംബൈ വൻ പരാജയമാണ്. രോഹിത് ശർമ്മയും ഇഷാൻ കിഷനും ക്രീസിലുറച്ചില്ലെങ്കിൽ സ്കോർബോർഡിൽ റൺസുണ്ടാവില്ല. പരിക്കേറ്റ് പുറത്തായ സൂര്യകുമാർ യാദവിന്റെ അഭാവം കനത്ത തിരിച്ചടിയാവും. കെയ്‌റോണ്‍ പൊള്ളാഡ് പഴയ ഫോമിന്റെ അടുത്തെങ്ങുമില്ല. ജസ്പ്രീത് ബുമ്രയെ മാറ്റിനിർത്തിയാൽ ബൗളിംഗിനും മൂർച്ചയില്ല. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ചെന്നൈ മൂന്ന് വിക്കറ്റിന് മുംബൈയെ തോൽപിച്ചിരുന്നു. മുംബൈയുടെ 155 റൺസ് അവസാന പന്തിലാണ് ചെന്നൈ മറികടന്നത്.
മുന്‍കണക്ക്
മുംബൈയും ചെന്നൈയും നേർക്കുനേർ വരുന്ന മുപ്പത്തിനാലാമത്തെ മത്സരമാണിത്. മുംബൈ പത്തൊൻപത് കളിയിലും ചെന്നൈ പതിനാല് കളിയിലും ജയിച്ചു. 219 റൺസാണ് മുംബൈയുടെ ഉയർന്ന സ്കോർ. 218 റൺസ് ചെന്നൈയുടെ ഉയർന്ന സ്കോറും. 79 റൺസാണ് ചെന്നൈയുടെ ഏറ്റവും കുറഞ്ഞ സ്കോർ. 136 റൺസ് മുംബൈയുടെ കുറഞ്ഞ സ്കോറും. കഴിഞ്ഞ സീസണിൽ ഇരുടീമും ഓരോ മത്സരത്തിൽ ജയിച്ചു.