സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് മൂന്ന് വിക്കറ്റിന് ചെന്നൈയെ തോൽപിച്ചിരുന്നു
മുംബൈ: ഐപിഎല്ലിൽ(IPL 2022) ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസിനെ(Chennai Super Kings vs Gujarat Titans) നേരിടും. വാംഖഡെയില്‍ ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് കളി തുടങ്ങുക. ഒൻപത് ജയവുമായി ഗുജറാത്ത് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. നാല് ജയം മാത്രമുള്ള ചെന്നൈ(CSK) പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല.
സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് മൂന്ന് വിക്കറ്റിന് ചെന്നൈയെ തോൽപിച്ചിരുന്നു. ഡേവിഡ് മില്ലറുടെയും റാഷിദ് ഖാന്‍റെയും വെടിക്കെട്ടിലായിരുന്നു ഒരു പന്ത് ബാക്കിനില്‍ക്കേ ഗുജറാത്തിന്‍റെ ജയം. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 51 പന്തില്‍ പുറത്താകാതെ 94 റണ്‍സുമായി നിറഞ്ഞാടുകയായിരുന്നു മില്ലര്‍. റാഷിദ് 21 പന്തില്‍ 40 റണ്‍സെടുത്തു. നേരത്തെ 48 പന്തില്‍ 73 റണ്‍സെടുത്ത റുതുരാജ് ഗെയ്‌ക്‌വാദ്, 31 പന്തില്‍ 46 റണ്‍സെടുത്ത അമ്പാട്ടി റായുഡു, 12 പന്തില്‍ പുറത്താകാതെ 22 റണ്‍സെടുത്ത രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റിംഗാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഡ്വെയ്‌ന്‍ ബ്രാവോയുടെ പ്രകടനം ടീമിനെ ജയിപ്പിച്ചില്ല.
undefined
പ്ലേ ഓഫിലേക്ക് ആരൊക്കെ
ഐപിഎല്ലിൽ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനുള്ള പോരാട്ടങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. 18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് നിലവിൽ പ്ലേ ഓഫിലെത്തിയ ഏക ടീം. ഹൈദരാബാദിന്റെ തോൽവിയോടെ അഞ്ച് ടീമുകൾക്ക് 16 പോയിന്റ് വീതം ലഭിക്കാനുള്ള സാധ്യതയുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ്, രാജസ്ഥാൻ റോയല്‍സ്, റോയല്‍സ് ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റല്‍സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവർക്കാണ് പ്ലേ ഓഫ് പ്രതീക്ഷ ശേഷിക്കുന്നത്.