ദുർബലമായ ബൗളിംഗ് നിരയാണ് നിലവിലെ ചാമ്പ്യൻമാരെ പിന്നിലാക്കിയത്. ബാറ്റർമാരിൽ വമ്പൻമാരുണ്ടെങ്കിലും സ്ഥിരതയില്ല. ക്യാപ്റ്റൻസി ഒഴിഞ്ഞിട്ടും ഫോം കണ്ടെത്താനാവാതെ രവീന്ദ്ര ജഡേജ.
മുംബൈ: ഐപിഎല്ലില്‍(IPL 2022)പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ്(Delhi Capitals). തലമാറിയിട്ടും താളംകണ്ടെത്താനാവാത്ത ചെന്നൈ സൂപ്പർ കിംഗ്സ്(Chennai Super Kings). പത്ത് കളിയിൽ പത്ത് പോയിന്റുള്ള ഡൽഹിക്ക് ഇനിയെല്ലാം ജീവൻമരണ പോരാട്ടം. പത്തിൽ ഏഴിലും തോറ്റ ചെന്നൈയുടെ വഴികളെല്ലാം അടഞ്ഞുകഴിഞ്ഞു. പ്ലേ ഓഫിലേക്കുള്ള സാധ്യത സാങ്കേതികമായി അവസാനിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് മാത്രം.
ദുർബലമായ ബൗളിംഗ് നിരയാണ് നിലവിലെ ചാമ്പ്യൻമാരെ പിന്നിലാക്കിയത്. ബാറ്റർമാരിൽ വമ്പൻമാരുണ്ടെങ്കിലും സ്ഥിരതയില്ല. ക്യാപ്റ്റൻസി ഒഴിഞ്ഞിട്ടും ഫോം കണ്ടെത്താനാവാതെ രവീന്ദ്ര ജഡേജ. ഫിനിഷിംഗിൽ ധോണിക്കും പഴയ ഊർജ്ജമില്ല. റൺമെഷീൻ ഡേവിഡ് വാർണറിനൊപ്പം പൃഥ്വി ഷോ തിരിച്ചെത്തുന്നത് ഡൽഹിക്ക് കരുത്താവും.
ക്യാപ്റ്റൻ റിഷഭ് പന്തിനൊപ്പം റോവ്മാൻ പവലിന്റെ കൂറ്റൻ ഷോട്ടുകൾ മധ്യനിരയുടെ ദൗർബല്യങ്ങൾക്ക് പരിഹാരമാവും. ഷാർദുൽ താക്കൂറും, കുൽദീപ് യാദവും, ആൻറിച് നോർകിയയും ഉൾപ്പെട്ട ബൗളിംഗ് നിരയും ചെന്നൈയ്ക്ക് ഭീഷണിയാവും. ഇരുടീമും മുൻപ് ഏറ്റുമുട്ടിയത് 26 കളിയിൽ. ചെന്നൈ പതിനാറിലും ഡൽഹി പത്തിലും ജയിച്ചു.
കഴിഞ്ഞ സീസണിൽ പ്ലേ ഓഫില്‍ ഉൾപ്പടെ ഇരുടീമും ഏറ്റുമുട്ടിയത് മൂന്ന് തവണ. ലീഗ് റൗണ്ടിൽ രണ്ടിലും ഡൽഹി ജയിച്ചപ്പോൾ പ്ലേ ഓഫില്‍ ജയം ചെന്നൈയ്ക്കൊപ്പം. ഇത് തന്നെയാണ് ഡല്‍ഹിയുടെ ചങ്കിടിപ്പ് കൂട്ടുന്ന കാര്യവും. മുന്‍ സീസണുകളിലും നിര്‍ണായക പോരാട്ടങ്ങളില്‍ ചെന്നൈക്ക് മുന്നില്‍ ഡല്‍ഹിക്ക് കാലിടറിയിട്ടുണ്ട്.
ഈ സീസണില്‍ കളിച്ച പത്തില്‍ ഏഴ് കളികളിലും തോറ്റ ചെന്നൈക്ക് നഷ്ടപ്പെടാന്‍ ഇനി അധികൊമുന്നുമില്ല. അതുകൊണ്ടുതന്നെ ഇന്ന് ജയിക്കാനുള്ള സമ്മര്‍ദ്ദം മുഴുവന്‍ റിഷഭ് പന്തിന്‍റെ തലയിലാവും. സീസണില്‍ ചെന്നൈ ജയിച്ച മൂന്ന് കളികളില്‍ രണ്ടും ഇന്ന് മത്സരം നടക്കുന്ന ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ്. ഡല്‍ഹി ഇവിടെ ഒരു തവണ മാത്രമെ തോറ്റിട്ടുള്ളു. ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.