IPL 2022: പിടിച്ചുനിന്നത് ധോണി മാത്രം, മുംബൈക്കെതിരെ 100 കടക്കാതെ നാണംകെട്ട് ചെന്നൈ

By Web Team  |  First Published May 12, 2022, 9:12 PM IST

ടോസിലെ നിര‍ഭാഗ്യത്തിന് പിന്നാലെ പവര്‍ കട്ട് മൂലം ഡിആര്‍എസ് സംവിധാനം പ്രവര്‍ത്തിക്കാതിരുന്നതും തുടക്കത്തിലെ ചെന്നൈക്ക് തിരിച്ചടിയായി. ആദ്യം ഓവര്‍ എറിഞ്ഞ ഡാനിയേല്‍ സാംസ് ഫോമിലുള്ള ഡെവോണ്‍ കോണ്‍വെയെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി.


മുംബൈ: ഐപിഎല്ലില്‍(IPL 2022) പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings vs Mumbai Indians) തകര്‍ന്നടിഞ്ഞു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 97 റണ്‍സിന് ഓള്‍ ഔട്ടായി. 32 പന്തില്‍ 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ എം എസ് ധോണിയാണ്(MS Dhoni) ചെന്നൈയുടെ ടോപ് സ്കോറര്‍. മുംബൈക്കായി ഡാനിയേല്‍ സാംസ്(Daniel Sams) ആദ്യ ഓവറിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റെടുത്തു.

തുടക്കത്തിലെ ഇരുട്ടടി

Latest Videos

ടോസിലെ നിര‍ഭാഗ്യത്തിന് പിന്നാലെ പവര്‍ കട്ട് മൂലം ഡിആര്‍എസ് സംവിധാനം പ്രവര്‍ത്തിക്കാതിരുന്നതും തുടക്കത്തിലെ ചെന്നൈക്ക് തിരിച്ചടിയായി. ആദ്യം ഓവര്‍ എറിഞ്ഞ ഡാനിയേല്‍ സാംസ് ഫോമിലുള്ള ഡെവോണ്‍ കോണ്‍വെയെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഡിആര്‍എസ് ഇല്ലാത്തതിനാല്‍ കോണ്‍വെക്ക് ക്രീസ് വിടേണ്ടിവന്നു. അതേ ഓവറില്‍ മൊയീന്‍ അലിയെ(0) കൂടി പുറത്താക്കി സാംസ് ചെന്നൈക്ക് ഇരുട്ടടി നല്‍കി.

രണ്ടാം ഓവറില്‍ റോബിന്‍ ഉത്തപ്പയെ(1) ജസ്പ്രീത് ബുമ്രയും വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഡിആര്‍എസ് ഇല്ലാതിരുന്നത് ചെന്നൈയെ തളര്‍ത്തി. ഫോമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദിനെ(7)യും വീഴ്ത്തി ഡാനിയേല്‍ സാംസ് ചെന്നൈയുടെ തല തകര്‍ത്തതോടെ പവര്‍ പ്ലേ തീരുന്നതിന് മുമ്പെ നായകന്‍ എം എസ് ധോണി ക്രീസിലെത്തി. അംബാട്ടി റായുഡുവുമൊത്ത്(10) ധോണി ചെന്നൈയെ കരകയറ്റുമെന്ന് കരുതിയിരിക്കെ പവര്‍ പ്ലേ പിന്നിടും മുമ്പ് റായുഡുവിനെ റിലെ മെറിഡിത്ത് ഇഷാന്‍ കിഷന്‍റെ കൈകളിലെത്തിച്ചു.

ഇതോടെ പവര്‍ പ്ലേയില്‍ 32-5ലേക്ക് ചെന്നൈ തകര്‍ന്നടിഞ്ഞു. ശിവം ദുബെ(10), ഡ്വയിന്‍ ബ്രാവോ(12) എന്നിവരും പിടിച്ചുനില്‍ക്കാതെ മടങ്ങിയതോടെ ധോണി മാത്രമായി ചെന്നൈയുടെ പ്രതീക്ഷ. മുകേഷ് ചൗധരിയെ(4) കൂട്ടുപിടിച്ച് ധോണി ചെന്നൈയെ 100 കടത്തുമെന്ന് കരുതിയെങ്കിലും ചൗധരി പതിനാറാം ഓവറില്‍ റണ്ണൗട്ടായതോടെ 100 കടക്കാതെ ചെന്നൈ ക്രീസ് വിട്ടു. 32 പന്തില്‍ നാല് ഫോറും രണ്ട് സിക്സും പറത്തിയ ധോണി 36 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് ധോണിക്ക് പുറമെ രണ്ടക്കം കടന്നത്.

മുംബൈക്കായി സാംസ് നാലോവറില്‍ 16 റണ്‍സിന് മൂന്ന്  വിക്കറ്റെടുത്തപ്പോള്‍ റിലെ മെറിഡിത്തും കുമാര്‍ കാര്‍ത്തികേയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുമ്ര മൂന്നോവറില്‍ 12 റണ്‍സിന് ഒരു വിക്കറ്റെടുത്തു.

click me!