IPL 2022 : അമ്പാട്ടി റായുഡു വിരമിക്കുന്നോ? യാഥാര്‍ഥ്യം ആരാധകരെ അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ

By Jomit Jose  |  First Published May 14, 2022, 3:03 PM IST

ഐപിഎല്ലില്‍ ഇത് തന്‍റെ അവസാന സീസണാണെന്ന് റായുഡു ഇന്ന് ഉച്ചയോടെ ട്വീറ്റ് ചെയ്യുകയായിരുന്നു


ചെന്നൈ: ഐപിഎല്‍(IPL) ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) ബാറ്റര്‍ അമ്പാട്ടി റായുഡു(Ambati Rayudu) വിരമിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ നിഷേധിച്ച് സിഎസ്‌കെ സിഇഒ(CSK CEO) കാശി വിശ്വനാഥന്‍(Kasi Viswanathan). ഈ സീസണോടെ വിരമിക്കുവെന്ന റായുഡുവിന്‍റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒയുടെ വാക്കുകള്‍. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റ് റായുഡു പിന്നാലെ പിന്‍വലിച്ചിരുന്നു. 

'അമ്പാട്ടി റായുഡു വിരമിക്കുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. അദേഹം വിരമിക്കുന്നില്ല. അടുത്ത സീസണിലും റായുഡു സിഎസ്‌കെയെ പ്രതിനിധീകരിക്കും' എന്നും കാശി വിശ്വനാഥന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. 

Latest Videos

പുലിവാലായി ട്വീറ്റ്

ഐപിഎല്ലില്‍ ഇത് തന്‍റെ അവസാന സീസണാണെന്ന് റായുഡു ഇന്ന് ഉച്ചയോടെ ട്വീറ്റ് ചെയ്യുകയായിരുന്നു. മുന്‍ ടീം മുംബൈ ഇന്ത്യന്‍സിനും നിലവിലെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും നന്ദി അറിയിച്ചായിരുന്നു ട്വീറ്റ്. ഇതോടെ ദേശീയ മാധ്യമങ്ങളെല്ലാം റായുഡുവിന്‍റെ വിരമിക്കല്‍ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ നല്‍കി. 'ഇത് എന്‍റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് അറിയിക്കുകയാണ്. 13 വര്‍ഷക്കാലമായി രണ്ട് മഹത്തായ ടീമുകളുടെ ഭാഗമായി. മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും നന്ദി' എന്നായിരുന്നു വിരമിക്കല്‍ അറിയിച്ചുകൊണ്ട് അമ്പാട്ടി റായുഡുവിന്‍റെ ട്വീറ്റ്. എന്നാല്‍ പ്രത്യക്ഷപ്പെട്ട് ഒരു മണിക്കൂറിന് പിന്നാലെ ട്വീറ്റ് അപ്രത്യക്ഷമായി. ഇതോടെ ക്രിക്കറ്റ് ആരാധകരെല്ലാം ആശയക്കുഴപ്പത്തിലാവുകയായിരുന്നു. 

ഐപിഎല്‍ കരിയറില്‍ 187 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും 22 അര്‍ധസെഞ്ചുറിയും ഉള്‍പ്പടെ അമ്പാട്ടി റായുഡുവിന് 4187 റണ്‍സുണ്ട്. പുറത്താകാതെ നേടിയ 100* ആണ് ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗ് ശരാശരി 29.28 എങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 127.26. ഈ സീസണിലെ 12 മത്സരങ്ങളില്‍ 271 റണ്‍സാണ് സിഎസ്‌കെ കുപ്പായത്തില്‍ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 78. ബാറ്റിംഗ് ശരാശരി 27.10 ഉം സ്‌ട്രൈക്ക് റേറ്റ് 124.31 ഉം. ഒരു അര്‍ധ സെഞ്ചുറി മാത്രമേ സീസണിലുള്ളൂ. ഈ സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ 6.75 കോടി രൂപ മുടക്കിയാണ് റായുഡുവിനെ ചെന്നൈ ടീമിലെത്തിച്ചത്. 

IPL 2022 : ഐപിഎല്‍ വിരമിക്കല്‍ അറിയിച്ച് അമ്പാട്ടി റായുഡുവിന്‍റെ കുറിപ്പ്; പിന്നാലെ ട്വീറ്റ് അപ്രത്യക്ഷം!

click me!